മലപ്പുറത്ത് ബോട്ടപകടത്തിൽ 22 മരണം: തിരച്ചിൽ തുടരുന്നു, ബോട്ട് ഉടമ ഒളിവിൽ
താനൂർ ഒട്ടുംപുറം പൂരപ്പുഴ അഴിമുഖത്തോട് ചേർന്ന് ഉല്ലാസബോട്ട് മുങ്ങി 22 പേർ മരിച്ച അപകടത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു. ബോട്ടിൽ എത്ര പേരുണ്ടായിരുന്നെന്ന കണക്ക് ഇപ്പോഴും വ്യക്തമല്ലാത്തതിനാലാണ് തിരച്ചിൽ തുടരുന്നത്. ഇനി ഒരാളെ കണ്ടെത്താനുണ്ടെന്നും നിഗമനമുണ്ട്. ഞായറാഴ്ച വൈകീട്ട് ഏഴോടെയുണ്ടായ അപകടത്തിൽ കൂടുതൽ പേരെ കാണാതായതായി ബന്ധുക്കളോ രക്ഷപ്പെട്ടവരോ അറിയിച്ചിട്ടില്ല. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ദേശീയ ദുരന്ത നിവാരണ സേനയെയും ഫയർഫോഴ്‌സിനെയും തിരച്ചിൽ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളും ദൗത്യത്തിൽ സേനയെ സഹായിക്കുന്നു. രക്ഷാപ്രവർത്തനത്തിനായി നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും യൂണിറ്റുകളും സ്ഥലത്തെത്തിയേക്കും. കാണാതായ ആളുകളെ കണ്ടെത്താൻ അണ്ടർവാട്ടർ ക്യാമറകളും ഉപയോഗിക്കുന്നു. ഒളിവിലുള്ള ബോട്ടുടമ താനൂർ സ്വദേശി നാസറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി താനൂർ പൊലീസ് കേസെടുത്തു.