വൈഗ അഗ്രി ഹാക്ക് 2023-ന് തുടക്കം 36 മണിക്കൂർ ഹാക്കത്തോൺ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
- Posted on February 25, 2023
- News
- By Goutham Krishna
- 366 Views
തിരുവനന്തപുരം: കർഷകർ നിർമിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾക്ക് ലോകത്താകമാനം വിപണനസാധ്യത കണ്ടെത്തുകയെന്നതാണ് വൈഗ 2023-ലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് എത്തിയാൽ മാത്രമേ കർഷകന്റെ ക്ഷേമം ഉറപ്പാക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു. വൈഗ കാർഷികോത്സവത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജിൽ നടക്കുന്ന വൈഗ അഗ്രി ഹാക്ക് 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം, വന്യമൃഗശല്യം തുടങ്ങി നിരവധി പ്രതിസന്ധികളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടക്കുന്നതിന് ഹാക്കത്തോൺ സഹായകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കർഷകർ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ എന്നിവരടങ്ങിയ മുപ്പത് ടീമുകളാണ് അഗ്രി ഹാക്കിൽ പങ്കെടുക്കുന്നത്. 36 മണിക്കൂർ നീണ്ട് നിൽക്കുന്ന പ്രശ്‌ന പരിഹാര മത്സരമായ ഹാക്കത്തോണിൽ സോഫ്ട്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങളും ഉണ്ട്. കാർഷിക മേഖലയിലെ പ്രധാന പ്രശ്‌നങ്ങൾ കണ്ടെത്തി അവയ്ക്ക് പരിഹാരം കാണുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. കാർഷികരംഗത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഹാക്കത്തോണാണിത്.
കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമായ ബി.അശോക്, കൃഷിവകുപ്പ് ഡയറക്ടർ അഞ്ചു കെ.എസ്, അഗ്രി ഹാക്ക് കൺവീനർ ശ്രീരേഖ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രത്യേക ലേഖകൻ