2021ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
- Posted on February 25, 2023
- News
- By Goutham Krishna
- 295 Views
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
അച്ചടി മാധ്യമ വിഭാഗത്തിൽ ദേശാഭിമാനി ദിനപത്രത്തിലെ വിനോദ് പായം ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. 'വഴിവെട്ടണം ആചാരമേ നീയിതെന്തു ഭാവിച്ച്' എന്ന സ്റ്റോറിക്കാണ് അവാർഡ്. മാതൃഭൂമി ദിനപത്രത്തിലെ അനു എബ്രഹാം വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. 'ബാധ്യതയല്ല, പ്രവാസി സാധ്യതയാണ്' എന്ന പരമ്പരയ്ക്കാണു പുരസ്‌കാരം. ഫോട്ടോഗ്രഫി വിഭാഗത്തിൽ രണ്ടു പേർ അവാർഡ് അർഹരായി. മാതൃഭൂമി ദിനപത്രത്തിലെ കെ.കെ. സന്തോഷ് പകർത്തിയ 'പന്തിനൊപ്പം പറക്കും വൈശാഖ്', മലയാള മനോരമയിലെ അരുൺ ശ്രീധർ പകർത്തിയ 'കണ്ണിൽ അച്ഛൻ' എന്നീ അടിക്കുറിപ്പുകളോടെയുള്ള ചിത്രങ്ങളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. കാർട്ടൂൺ വിഭാഗത്തിൽ മാതൃഭൂമി ദിനപത്രത്തിലെ കെ. ഉണ്ണികൃഷ്ണൻ പുരസ്‌കാരം നേടി. 'വിവാദങ്ങളെല്ലാം ഒഴുകിപ്പോയി' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിനാണു പുരസ്‌കാരം.
ദൃശ്യമാധ്യമ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ എസ്. ശ്യാംകുമാർ പുരസ്‌കാരത്തിന് അർഹനായി. കോവിൻ ആപ്പിലെ സാങ്കേതിക പിഴവ് തുറന്നുകാട്ടിയ 'കോവിൻ ഫ്രോഡ്' എന്ന സ്‌റ്റോറിക്കാണു പുരസ്‌കാരം. മാതൃഭൂമി ന്യൂസിലെ അമൃത എ.യു. മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്‌കാരം നേടി. അട്ടപ്പാടിയിലെ പഞ്ചകൃഷി എന്ന വിഷയത്തിൽ തയാറാക്കിയ സ്‌റ്റോറിക്കാണു പുരസ്‌കാരം. മനു എസ്. പിള്ളയുമായി നടത്തിയ അഭിമുഖത്തിന് മനോരമ ന്യൂസിലെ ജയമോഹൻ നായർ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി. മനോരമ ന്യൂസിലെ ഷാനി ടി.പിക്കാണു മികച്ച ന്യൂസ് റീഡർക്കുള്ള പുരസ്‌കാരം.
ഏഷ്യാനെറ്റ് ന്യൂസിലെ കൃഷ്ണപ്രസാദ് ആർ.പി മികച്ച ടിവി ന്യൂസ് ക്യാമറയ്ക്കുള്ള പുരസ്‌കാരത്തിന് അർഹനായി. സത്രം ട്രൈബൽസ് എന്ന സ്റ്റോറിക്കു ദൃശ്യഭാഷയൊരുക്കിയതിനാണു പുരസ്‌കാരം. ഏഷ്യാനെറ്റ് ന്യൂസിലെ വി. വിജയകുമാർ മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്‌കാരം നേടി. കക്കകളുടെ നിലനിൽപ്പും കക്ക വാരൽ തൊഴിലാളികളുടെ അതീജീവനവും വിഷയമാക്കി ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത സ്റ്റോറി എഡിറ്റ് ചെയ്തതിനാണു പുരസ്‌കാരം. പുരസ്‌കാരങ്ങൾ ഫെബ്രുവരി 28നു വൈകിട്ട് 5.30നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.
ആർ. പാർവതീദേവി, കെ.എം. മോഹൻദാസ്, എസ്.ആർ. സഞ്ജീവ് എന്നിവരടങ്ങിയ ജൂറിയാണ് അച്ചടി മാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്. കൃഷ്ണ പൂജപ്പുര, വാമനപുരം മണി, എം.കെ. വിവേകാനന്ദൻ നായർ എന്നിവരായിരുന്നു കാർട്ടൂൺ വിഭാഗം ജൂറി അംഗങ്ങൾ. ഡോ. മീന ടി. പിള്ള, കെ. മനോജ് കുമാർ, ടി.എം. ഹർഷൻ എന്നിവരടങ്ങിയ ജൂറിയാണു ദൃശ്യമാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്.
പ്രത്യേക ലേഖകൻ