അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കും: മന്ത്രി കെ രാജന്‍
കല്ലറ: കല്ലറയിലും പുല്ലമ്പാറയിലും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ തുറന്നു സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെടുമങ്ങാട് താലൂക്കില്‍ പുതിയതായി നിര്‍മിച്ച കല്ലറ, പുല്ലമ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ റവന്യൂമന്ത്രി കെ.രാജന്‍ നാടിന് സമര്‍പ്പിച്ചു. കേരളത്തില്‍ എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കുന്നതിന്റെ ഭാഗമായാണ് പട്ടയം മിഷന്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമിയടക്കം കണ്ടെത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിക്ക് അവകാശികളായ ആളുകളെ അങ്ങോട്ട് പോയി കണ്ടെത്തി അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
44 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടു കൂടിയാണ് കെട്ടിടങ്ങള്‍ പണി കഴിപ്പിച്ചിരിക്കുന്നത്. നിര്‍മിതി കേന്ദ്രമാണ് കെട്ടിടങ്ങളുടെ രൂപ കല്‍പന. വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിട കുടിവെള്ള സൗകര്യങ്ങള്‍, ഭിന്നശേഷി സൗഹൃദ ശുചിമുറി സംവിധാനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡി. കെ മുരളി എം.എല്‍.എ അധ്യക്ഷനായ ചടങ്ങുകളില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡഡന്റ് ജി. കോമളം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരും പങ്കെടുത്തു.
സ്വന്തം ലേഖകൻ.