ത്രു ദ ലെൻസ് ഓഫ് ടൈം: ചലച്ചിത്ര ചരിത്ര പഠനത്തിന് തുടക്കം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും തിരുവനന്തപുരം പ്രസ് ക്‌ളബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസവും സംയുക്തമായി സംഘടിപ്പിക്കുന്ന 'ത്രൂ ദ ലെന്‍സ് ഓഫ് ടൈം' എന്ന ത്രിദിന ചലച്ചിത്ര ചരിത്രപഠന പരിപാടിക്ക് തുടക്കമായി. വെള്ളിയാഴ്ച രാവിലെ 9.30ന് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ സിഫ്ര കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ലോക സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകള്‍ കാണുന്നതിലൂടെ സിനിമ എന്ന മാധ്യമത്തിന്റെ ഉദ്ഭവവും വളര്‍ച്ചയും പരിണാമവുമെല്ലാം മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്ന് പ്രേംകുമാര്‍ പറഞ്ഞു. സവിശേഷമായ ഒരു ദൃശ്യഭാഷ എങ്ങനെയാണ് രൂപപ്പെട്ടു വന്നത് എന്ന് മനസ്സിലാക്കാനും ചലച്ചിത്രാചാര്യന്മാരുടെ വ്യത്യസ്തമായ ശൈലികള്‍ വേര്‍തിരിച്ചറിയാനും ഈ പഠനപരിപാടി ഉപകരിക്കും. പഴയ സിനിമകള്‍ കാണുന്നതിലൂടെ സിനിമയുടെ ചരിത്രം മാത്രമല്ല നാം മനസ്സിലാക്കുന്നത്; വിവിധ ലോകരാഷ്ട്രങ്ങളുടെ ചരിത്രം കൂടിയാണ്. ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍ കാണുമ്പോള്‍ റഷ്യന്‍ വിപ്‌ളവത്തിന് വഴിമരുന്നിട്ട ആദ്യചുവട് എന്തായിരുന്നുവെന്ന് നാം മനസ്സിലാക്കും. ബൈസിക്കിള്‍ തീവ്‌സ് കാണുമ്പോള്‍ അത് ഒരു അച്ഛന്റെയും മകന്റെയും കഥ മാത്രമല്ല, മറിച്ച് രണ്ടാം ലോക മഹായുദ്ധം തകര്‍ത്തെറിഞ്ഞ പാവങ്ങളുടെ കഥ കൂടിയാണ് എന്നു തിരിച്ചറിയും. പല ലോകരാജ്യങ്ങളിലെയും സിനിമകള്‍ കാണുമ്പോള്‍ ഓരോ കാലഘട്ടത്തിലും അവിടെ നിലനിന്നിരുന്ന സംസ്‌കാരം, വേഷം, മൂല്യബോധം, വിശ്വാസം എന്നിവയെക്കുറിച്ചുള്ള വിശദമായ ഒരു ധാരണയും നമുക്ക് ലഭിക്കും. മറ്റ് ലോകജനതയുടെ സംസ്‌കാരം മനസ്സിലാക്കാന്‍ സിനിമ പോലെ പ്രയോജനപ്രദമായ മറ്റൊരു മാധ്യമമില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗവും നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നടന്‍ സന്തോഷ് കീഴാറ്റൂര്‍, പ്രസ് ക്‌ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടര്‍ സിബി കാട്ടാമ്പള്ളി, ഫാക്കല്‍റ്റി അംഗം ഡോ.ബാബു ഗോപാലകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചലച്ചിത്ര അക്കാദമിയുടെ വിപുലമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെക്രട്ടറി സി.അജോയ് ചടങ്ങില്‍ വിശദീകരിച്ചു. അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) എന്‍.പി സജീഷ് സ്വാഗതവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം വിദ്യാര്‍ത്ഥി ബല്‍റാം നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ലൂമിയര്‍ ബ്രദേഴ്‌സിന്റെ വര്‍ക്കേഴ്‌സ് ലീവിംഗ് ദ ഫാക്ടറി, എ ട്രിപ്പ് റ്റു ദ മൂണ്‍, കാബിനറ്റ് ഓഫ് ഡോ.കലിഗരി, നൊസ്‌ഫെരാതു, ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. സിറ്റിസണ്‍ കെയിന്‍, ബൈസിക്കിള്‍ തീവ്‌സ്, റാഷമോണ്‍, സെവന്‍ത് സീല്‍, ഹിരോഷിമ മോണ്‍ അമര്‍, സൈക്കോ, 2001 : എ സ്‌പേസ് ഒഡിസി, അഗ്വിറെ: ദ റാത്ത് ഓഫ് ഗോഡ് തുടങ്ങിയ 20 ചിത്രങ്ങളാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാമു കാര്യാട്ട് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പ്രത്യേക ലേഖകൻ