ബഫർസോൺ വിഷയത്തിൽ പ്രതികരണവുമായി കിഫ. ബഫർ സോൺ വന്നാലെന്ത് ?

  • Posted on December 30, 2022
  • News
  • By Fazna
  • 145 Views

ബഫർ സോൺ വന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന നിഷ്കളങ്കർ ഇപ്പോളും ഉള്ളതുകൊണ്ട്  അവരക്കുവേണ്ടി കിഫ  പുറത്തിറിക്കിയ വിവരങ്ങൾ. 


വന്യജീവി സംരക്ഷണത്തിനായി എന്ന പേരിൽ, കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ബഫർസോൺ എന്ന ഓമനപ്പേരിൽ പരിസ്ഥിതിലോലപ്രദേശങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് അപ്രഖ്യാപിത കുടിയിറക്ക്നടത്താൻ പദ്ധതിയിടുന്നു. ഈ ബഫർ സോണിനെതിരെ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള  കർഷകർ അതിശക്തമായി സമരം ചെയ്‌തു കൊണ്ടിരിക്കുകയാണ് . ഈ അവസരത്തിൽ എന്താണ് ബഫർ സോൺ, ഇത് വന്നാലുള്ള ഭവിഷ്യത്തുകൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.


ബഫർ സോൺ പരിധിയിൽ ഉള്ള ജനങ്ങൾക്ക് അവിടെ താമസിക്കുന്നതിന് നിയമപരമായി തടസങ്ങളില്ല. പക്ഷെ സാധാരണ നിലയിലുള്ള ജനജീവിതം അസാധ്യമാക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് ബഫർ സോൺ മേഖലയിൽ നിർദേശിച്ചിരിക്കുന്നത്.

വന്യജീവികൾക്കു സ്വൈര്യ വിഹാരം നടത്താനാവശ്യമായ കൂടുതൽ സ്ഥലം വന്യജീവി സങ്കേതങ്ങൾക്കു പുറത്തു കർഷകന്റെ പറമ്പിൽ സൃഷ്ടിക്കുക എന്നതാണ് ബഫർ സോൺ എന്നതുകൊണ്ടുള്ള കൃത്യമായ ഉദ്ദേശം. ബഫർ സോണിനുള്ളിൽ വന്യജീവികളെ തടയാനാവശ്യമായ സോളാറോ മറ്റു വേലികളോ പാടില്ല എന്ന് കൃത്യമായി പറയുന്നുണ്ട്. എന്ന് വെച്ചാൽ ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ആനമതിൽ അടക്കം വന്യജീവികളെ നേരിടാനായി കേരളത്തിൽ അങ്ങോളം ഇങ്ങോളം സ്ഥപിച്ചിരിക്കുന്ന മതിലുകളും വേലികളും, കിടങ്ങുകളും മറ്റു പ്രതിരോധ മാര്ഗങ്ങളും ബഫർ സോൺ മേഖലയിൽ നിന്നും എടുത്തു മാറ്റേണ്ട അവസ്ഥയും ഉണ്ടാകും. ആനകളെ പ്രതിരോധിക്കാൻ സോളാര് വേലിയുടെയും , ആന മതിലിന്റെയും മാത്രം ബലത്തിൽ സ്വന്തം വീട്ടിൽ സമാധാനമായി കിടന്നുനിറങ്ങുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ കേരളത്തിലുണ്ട്. അവരോടു സോളാർ വേലി പോലും പാടില്ല എന്ന് പറയുന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്.


ഈ വിഞ്ജാപനത്തിലെ സെക്ഷൻ 4 പ്രകാരം, നിലവിൽ റെവന്യൂ നിയമങ്ങൾ മാത്രം ബാധകമായ കൃഷിസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും 1980 ലെ വന സംരക്ഷണ നിയമം , 1927 ലെ ഇന്ത്യൻ വന നിയമം , 1972 ലെ വന്യജീവി സംരക്ഷണ നിയമം തുടങ്ങിയ വന നിയമങ്ങൾ അടിച്ചേല്പിക്കപ്പെടുകയും ഫലത്തിൽ നമ്മുടെ കൃഷിയിടങ്ങൾ വന സമാനമായി മാറുകയും അവിടെ ഫോറെസ്റ് വകുപ്പിന്റെ സമാന്തര ഭരണം നടക്കുകയും രേഖാ മൂലം ഉടമസ്ഥരായ നമുക്ക് നമ്മുടെ ഭൂമിയിൽ യാതൊരു അവകാശങ്ങളും ഇല്ലാത്ത അവസ്ഥയിൽ എത്തുകയും ചെയ്യും എന്നതാണ് ബഫർ സോൺ വന്നാലുള്ള ഏറ്റവും അടിസ്ഥാനപരമായ പ്രശ്നം.


എന്തൊക്കെയാണ് ഈ ബഫർ സോൺ പ്രദേശത്തു വരാൻ പോകുന്ന നിയന്ത്രണങ്ങൾ എന്ന് നോക്കാം


കൃഷിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ:


1. കൃഷിക്കാർക്ക് നിലവിലുള്ള കൃഷികൾ ഉപാധികളോടെ തുടർന്ന് പോകാം. “പ്രാദേശിക സമൂഹങ്ങളുടെ നിലവിലുള്ള കൃഷി , പഴം പച്ചക്കറി കൃഷികൾ , കാലി വളർത്തൽ , ജലകൃഷികൾ മൽസ്യ കൃഷി എന്നിവ നിലവിലുള്ള നിയമമനുസരിച്ചു തദ്ദേശീയ ജനങ്ങൾക്ക് അവരുടെ ഉപയോഗത്തിന് വേണ്ടി അനുവദിച്ചിരിക്കുന്നു". അതായതു ബഫർ സോണിൽ വരുന്ന സ്ഥലങ്ങളിൽ പ്രാദേശികമായ ഉപയോഗത്തിനുവേണ്ടി മാത്രമേ കൃഷി ചെയ്യാൻ പാടുള്ളൂ. കേരളത്തിലെ മലയോര മേഘലകളിൽ കൃഷി ചെയ്യുന്ന കർഷകർ ഭൂരിപക്ഷവും സ്വന്തമോ , പ്രാദേശികമായ ആവശ്യത്തിനോ അല്ല കൃഷി ചെയ്യുന്നതു. അപ്പോൾ ഈ കാര്യം പറഞ്ഞു നിലവിലുള്ള കൃഷികൾ നിരോധിക്കപെടാൻ സാധ്യതയുണ്ട്. ഏതൊക്കെ കൃഷികൾ എങ്ങനെയൊക്കെ നിയന്ത്രിക്കണം അല്ലെങ്കിൽ നിരോധിക്കണം എന്ന് വൈൽഡ്‌ ലൈഫ് വാർഡൻ / ഡി .എഫ് .ഓ മുഖ്യ അധികാരിയായ മോണിറ്ററിങ് കമ്മിറ്റി തീരുമാനിക്കും.


2. സംസ്ഥാന ഗവെർന്മെന്റിന്റെ ചുമതലപ്പെട്ട അധികാരിയുടെ മുൻ‌കൂർ അനുമതി ഇല്ലാതെ റെവന്യൂ ഭൂമിയിൽ നിന്നോ സ്വകാര്യ കൈവശ സ്‌ഥലത്തു നിന്നോ യാതൊരു മരം മുറിയും പാടില്ല. നിലവിൽ ചന്ദനം , ഈട്ടി , തെക്കു മുതലായ ചുരുങ്ങിയ മരങ്ങൾക്കു മാത്രമേ പാസ് എടുക്കെണ്ടതുള്ളൂ . ഇത് കർഷകരുടെ ഭൂമിയിലെ എല്ലാ മരങ്ങൾക്കും ബാധകമാകും എന്ന് വളരെ വ്യക്തമാണ്. സ്വന്തം പറമ്പിലെ റബ്ബറും തെങ്ങും അടക്കം മുറിച്ചു മാറ്റി മറ്റു കൃഷികൾ ചെയ്യുന്നതിന് പോലും ഫോറെസ്റ്റുകാരുടെ അനുവാദം വാങ്ങേണ്ടി വരും. എന്നുവെച്ചാൽ കൈക്കൂലി വാങ്ങാൻ ഫോറെസ്റ് ഉദ്യോഗസ്ഥർക്ക് മറ്റൊരു അവസരം കൂടി കൈവന്നിരിക്കുന്നു. ഇത് കർഷകരെ രക്ഷിക്കാനാണോ അതോ ശിക്ഷിക്കാനാണോ?


3. കിണറുകൾ കുഴൽ കിണറുകൾ എന്നിവ കാർഷിക ഇതര ആവശ്യത്തിനായി ഉപയോഗിക്കുന്നത് അധികാരികളുടെ കർശന മേൽനോട്ടത്തിൽ നിയന്ത്രണ വിദേയമായിരിക്കും. ആരാണ് ഈ അധികാരികൾ ? ഒരു ആവശ്യം കാര്ഷികമാണോ അല്ലയോ എന്ന് എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്? കൃഷിക്ക് മാത്രമേ വെള്ളം ഉപയോഗിക്കാൻ പറ്റൂ എന്ന് പറഞ്ഞു സ്വന്തം വീട്ടാവശ്യത്തിന് പോലും വെള്ളം എടുക്കുന്നത് ഫോറെസ്റ്റുകാർ തടഞ്ഞാൽ സാദാരണക്കാർ എങ്ങനെ ജീവിക്കും?


4. കൃഷി ചെയ്യാത്ത ഭൂമികളെയും അതിന്റെ ആവാസ വ്യവസ്ഥകളെയും വീണ്ടെടുക്കുംഎന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട് (സെക്ഷൻ 3 (1) ബി ). (എഫോർട്സ് ഷാൾ ബി മെയ്ഡ് ടു റെഫോറെസ്റ് ദി അ ൺ സ്ഡ് ഓർ അൺ പ്രോഡക്റ്റീവ് അഗ്രിക്കൾ ച്ചറൽ ഏരിയസ് വിത്ത്‌ അഫ്ഫോറെസ്റ്റേഷൻ ആൻഡ് ഹബീറ്റാറ്റ് റെസ്റ്റോറേഷൻ ആക്ടിവിറ്റീസ് ). വന്യമൃഗ ശല്യം കാരണവും വിലത്തകർച്ച കാരണവും കൃഷി ഉപേക്ഷിക്കപ്പെട്ട ധാരാളം സ്ഥലങ്ങൾ നിലവിൽ കേരളത്തിൽ ഉണ്ട്. അത്തരം സ്ഥലങ്ങൾ ബഫേസോണിൽ ഉൾപ്പെട്ടാൽ 2003 ലെ ഈ .എഫ് .എൽ ആക്ട് പ്രകാരം ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതെ സർക്കാരിലേക്ക് പിടിച്ചെടുക്കുകയോ അവയെല്ലാം വനമായി മാറുകയും ചെയ്യാം.


5. നിലവിലുള്ള വനം നിയമങ്ങൾ ബാധകമായിരിക്കും. കേരള വനംവകുപ്പ് അഡ്മിസ്ട്രേറ്റീവ് റിപ്പോർട്ട് 2018 പ്രകാരം 36 നിയമങ്ങളും ചട്ടങ്ങളുമാണ് കേരള വനം വകുപ്പ് നടപ്പിലാക്കുന്നത്. ഈ നിയമങ്ങളിൽ ഏതു വേണമെങ്കിലും അവിടുത്തെ ജനങ്ങൾക്കെതിരെ എടുത്തു പ്രയോഗിക്കാൻ ഫോറെസ്റ് ഉദ്യോഗസ്ഥർക്ക് കഴിയും. ചുരുക്കിപ്പറഞ്ഞാൽ പ്രസ്തുത ബഫർ സോൺ പ്രദേശത്തു പ്രയോഗികകമായി വനത്തിനു സമാനമായ നിയന്ത്രണങ്ങൾ എല്ലാക്കാര്യങ്ങൾക്കും വരും.


6. മലഞ്ചെരുവുകളിൽ ഉള്ള കാർഷിക പ്രവർത്തികൾ നിയന്ത്രണവിധേയമാണ്. എന്താണ് നിയന്ത്രണങ്ങൾ എന്ന് വ്യക്തമായി പറയുന്നില്ല. പക്ഷേ കപ്പയും, ചേനയും, ഇഞ്ചിയും അടക്കമുള്ള എല്ലാവിധ തന്നാണ്ടു കൃഷികളും നിരോധിക്കപ്പെടാം.

അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ

1. അടിസ്ഥാന സൗകര്യ വികസനം പൂർണമായും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

2. വാണിജ്യ ആവശ്യങ്ങൾക്കുള്ള ഒരുതരം കെട്ടിടങ്ങളും ഇ പരിധിയിൽ അനുവദിക്കുന്നതല്ല  അതായതു ബഫർ സോണിൽ വരുന്ന സ്ഥലങ്ങളിൽ സാധാരണ ഒരു കടമുറി പോലും പണിയാൻ സാധ്യമല്ലാതാകും.

3. ഈ വര്ഷം ജൂൺ 3 നു വന്ന സുപ്രീം കോടതി വിധി പ്രകാരം വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ നിരോധിക്കുന്നതോടൊപ്പം താമസത്തിനുള്ള വീട് പോലും അനുവദിക്കില്ല എന്ന നിലപാടാണ് കോടതി എടുത്തിരിക്കുന്നത്.

4. പരിസ്ഥിതി സൗഹാർദ്ദ യാത്ര മാര്ഗങ്ങള് ഉപയോഗിക്കണം എന്ന നിർദേശത്തിന്റെ മറവിൽ നിലവിൽ ഉപയോഗിക്കുന്ന ഡീസൽ , പെട്രോൾ വാഹനങ്ങൾ മുഴുവനും നിരോധിക്കുകയും LPG / CNG എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങൾ മാത്രം അനുവദിക്കപ്പെടുകയും ചെയ്യാം . എന്നുവച്ചാൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷകളും, ടാക്സികളും ലോറികളും അടക്കം നിരോധിക്കപെടാം

5. പുതിയ റോഡ് നിർമാണവും നിലവിൽ ഉള്ളവയുടെ വീതി കൂട്ടലും ബലപ്പെടുത്തലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പുതിയ റോഡുകൾ പണിയുന്നതിന് നിയന്ത്രണം ഉണ്ട് എന്ന് മാത്രമല്ല നിലവിൽ ഉള്ളത് റീടാറിങ്‌ ചെയ്യണമെങ്കിൽ പോലും ഫോറെസ്റ് വകുപ്പ് കനിയണം എന്നർത്ഥം.

6. വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടും. പുതിയ വൈദ്യുതി ലൈനുകൾ വലിക്കുന്നതും പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതും നിരോധിക്കപെടുകയോ നിയന്ത്രിക്കപ്പെടുകയും ചെയ്യും.

7. എല്ലാ തരത്തിലുള്ള ഉച്ചഭാഷിണി ഉപയോഗവും നിരോധിക്കപ്പെടും.

8. പുതിയതായിട്ട് വ്യവസായ യൂണിറ്റുകൾ ഒന്നുംതന്നെ (ചെറുതായാലും വലുതായാലും) അനുവദിക്കുന്നതല്ല. എന്തൊക്കെയാണ് വ്യവസായങ്ങളുടെ ലിസ്റ്റിൽ വരുന്നത് എന്ന് വ്യക്തമല്ല.

9. വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം നിയന്ത്രണവിധേയമാണ്. ബസ്, ഓട്ടോ, ലോറി, ടാക്സി ജീപ്പ്, ടാക്സി കാർ എന്നിവ നിയന്ത്രണ വിധേയമാണ് (എന്നുവെച്ചാൽ ഇതൊക്കെ ഓടണോ വേണ്ടയോ എന്ന് അതാതു സ്ഥലത്തെ DFO തീരുമാനിക്കും)

10. പരിസ്ഥതി സംരക്ഷണ നിയമം അനുസരിച്ചു മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഖിക്കുന്ന ആളുകൾക്കെതിരെ കേസ് എടുക്കുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും വനം വകുപ്പിന് അധികാരം ഉണ്ടായിരിക്കും.


11. 2022 ജൂൺ 3 ലെ സുപ്രീം കോടതി വിധി പ്രകാരം സ്വന്തം ആവശ്യത്തിനുള്ള വീട് അടക്കം സ്ഥിര നിർമ്മിതികൾ ഒന്നും തന്നെ ബഫർ സോണിൽ സാധ്യമല്ല 


ഏതൊക്കെ സ്ഥലങ്ങൾ ബഫർ സോൺ പരിധിയിൽ വരുന്നുണ്ട് എന്നത് ഇപ്പോൾ നൽകിയിരിക്കുന്ന മാപ്പിൽ നിന്നും വ്യക്തമല്ല. കൃത്യമായി ഗ്രൗണ്ട് ട്രൂത്തിങ് നടത്തി ബഫർ സോണിന്റെ അതിരുകൾ ഗ്രൗണ്ടിൽ അടയാളപ്പെടുത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. ഫൈനൽ നോട്ടിഫിക്കേഷൻ ഇറക്കുന്നതിന്റെ മുൻപ് പോലും ഇതിന്റെ അതിരുകൾ കൃത്യമായി അടയാളപ്പെടുത്തി ജനങ്ങളെ ബോധ്യപെടുത്തിയില്ല എന്നത് തന്നെ ഇതിന്റെ പിന്നിലുള്ള ഗൂഢാലോചനയ്ക്ക് ഏറ്റവും വലിയ തെളിവാണ്.


ഇങ്ങനെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന നിർദേശങ്ങൾ സമർപ്പിച്ചപ്പോൾ ഇത് ബാധിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യാതൊരു ചർച്ചയും നടത്തിയില്ല എന്നത് പഞ്ചായത്തീരാജ് നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഈ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള മോനിറ്ററിങ് കമ്മിറ്റിയിൽ പഞ്ചായത്തുകളുടെ പ്രധിനിധികളെ ഉള്പെടുതായിട്ടില്ല എന്നതും വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. തികച്ചും ഉദ്യോഗസ്ഥ മേധാവിത്തം നിലനിൽക്കുന്ന മോണിറ്ററിങ് കമ്മിറ്റിയിൽ നിന്ന് സാധാരണ ജനങൾക്ക് നീതി കിട്ടുമോ എന്ന ചോദ്യം വളെരെ പ്രസക്തതമാണ്.

അതുകൊണ്ടുതന്നെ ബഫർ സോൺ എന്നത് മലയോര കർഷകന്റെ കഴുത്തിലെ കുരുക്കാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട . ആ കുരുക്ക് മുറുകുന്നതിന് മുൻപ് തന്നെ ഒഴിവാക്കുന്നതിനാവശ്യമായ രീതിയിൽ കർഷകർ സംഘടിക്കുകയും കൃത്യമായ പ്രതിരോധം തീർക്കുകയും ചെയ്യണം ഇതിനൊരു പരിഹാരം കാണാൻ .

Author
Citizen Journalist

Fazna

No description...

You May Also Like