കേന്ദ്ര സർക്കാർ അധികാരം കേന്ദ്രീകൃതമാക്കുന്നുവെന്ന് രാഹുൽ ഗാന്ധി എം.പി

  • Posted on March 22, 2023
  • News
  • By Fazna
  • 67 Views

കൽപ്പറ്റ:ത്രിതല പഞ്ചായത്തുകളുടെ വികേന്ദ്രീകൃത അധികാരങ്ങൾ കേന്ദ്ര - കേരള സർക്കാരുകൾ കവർന്നെടുക്കുകയാണെന്ന് ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. വയനാടിൻറെ തനത് പ്രശ്നങ്ങളായ വന്യമൃഗ ശല്യം, ബഫർ സോൺ വിഷയം, ഗതാഗത പ്രശ്നങ്ങൾ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, വേസ്റ്റ് മാനേജ്മെന്റ്, ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമായും ചർച്ച ചെയ്തു. ത്രിതല പഞ്ചായത്തുകൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാത്തതും ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാരുകൾ പ്രതിസന്ധി സൃഷ്ടിക്കുന്നതും യോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ചു.

വായനാട്ടിൽ ക്യാൻസർ ഉൾപ്പടെയുള്ള മാറാരോഗങ്ങളുടെ ക്രമാതീതമായ വർദ്ധനവ് അശാസ്ത്രീയമായ കൃഷിരീതി കൊണ്ടോ വളപ്പ്രയോഗം കൊണ്ടോ  ആണെന്ന് ശാസ്ത്രീയമായ പഠനം നടത്തണമെന്ന് സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ വയനാടിൻറെ ആരോഗ്യ രംഗത്ത് സമഗ്രമായ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ വാഗ്ദാനം നൽകി.

ഭവന രഹിതരായ നിരവധി ആളുകൾ ഗുണഭോക്‌തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടും ഇത് വരെ വീടുകൾ ലഭിക്കാത്ത വിഷയം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽ വീണ്ടും ഒരിക്കൽ കൂടി കൊണ്ടുവരാമെന്ന് രാഹുൽ ഗാന്ധി അംഗങ്ങൾക്ക് ഉറപ്പ് നൽകി. കൈത്താങ്ങ് പദ്ധതിയിലൂടെ നിരവധി അശരണർക്ക് രാഹുൽ ഗാന്ധി മുൻകൈയെടുത്ത് 32 ഓളം വീടുകൾ നൽകിയതിന് യോഗം നന്ദി രേഖപ്പെടുത്തി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായുള്ള സംവാദം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജില്ലയിലെ നഗരസഭകളിൽ നിന്നും ത്രിതല പഞ്ചായത്തുകളിൽ നിന്നുമായി മുന്നോറോളം അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ ജില്ലാ യു.ഡി.എഫ്. ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.കെ. അബ്രഹാം, കെ.എൽ, പൗലോസ്, സംഷാദ് മരക്കാർ, പി.ടി. മാത്യു, എം.എ. ജോസഫ്, അഡ്വ. ടി.ജെ.ഐസക്ക്, എച്ച്.ബി. പ്രദീപ് മാസ്റ്റർ, എം.ജി. ബിജു, പി.വി. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, നസീമ ടീച്ചർ, ശകുന്തള ടീച്ചർ, അബ്ദുൽ ഗഫൂർ കാട്ടി, റംല മേപ്പാടി തുടങ്ങിയവർ സംസാരിച്ചു.

യു.ഡി.എഫ്. ജന പ്രതിനിധികളുമായി രാഹുൽ ഗാന്ധി എം.പി.യുടെ സംവാദം വയനാടിൻ്റെ പ്രാദേശിക വികസന ചർച്ചയായി മാറി. ബഫർ സോൺ, വന്യമൃഗശല്യം, മാലിന്യ പ്രശ്നം,   തുടങ്ങി തൊഴിലുറപ്പ് പദ്ധതി വരെ  വിവിധ വിഷയങ്ങൾ ജനപ്രതിനിധികളുമായുള്ള ചർച്ചയിൽ ഉയർന്നു വന്നു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് സംവാദം നടന്നത്. കേന്ദ്ര- സംസ്ഥാന സർക്കാർ പദ്ധതികളിൽ ഫണ്ട് വെട്ടിച്ചുരുക്കുന്നതും വൈകുന്നതും സംബന്ധിച്ച പരാതികൾ പലരും ഉന്നയിച്ചു. പല വിഷയങ്ങളും കേന്ദ്ര സർക്കാരിലും കേരള സർക്കാരിലും താൻ തന്നെ ഉന്നയിക്കുന്ന കാര്യങ്ങളാണന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പൊതു പ്രതികരണം. ഇക്കാര്യങ്ങൾ  പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രിയുടെയും യഥാസമയം ശ്രദ്ധയിൽപ്പെടുത്തുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.  മാലിന്യ സംസ്കരണം വലിയ പ്രശ്നമാണന്ന് മനസ്സിലാക്കുന്നുവെന്ന്  രാഹുൽ ഗാപി എം.പി. ബഫർ സോൺ വിഷയം കോടതിയിലാണ്. ഈ വിഷയം പരമാവധി വേഗത്തിൽ പരിഹരിക്കാൻ പാർലമെൻ്റിനകത്തും പുറത്തും സമ്മർദ്ദം ചെലുത്തുമെന്ന് രാഹുൽ ഗാന്ധി എം.പി.

വയനാട് മെഡിക്കൽ കോളേജ് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇക്കാര്യത്തിൽ വേഗത ഇല്ലന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യു.ഡി.എഫ് ആണ് അധികാരത്തിലെങ്കിൽ വയനാട്ടിൽ മികച്ച മെഡിക്കൽ കോളേജ് ഉണ്ടാവുമായിരുന്നു. മറ്റ് ജില്ലകളിൽ നിന്ന് പോലും ഇവിടേക്ക് ചികിത്സക്ക് വരുന്ന തരത്തിൽ മികച്ചതാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് യു.പി.എ കാലത്ത് ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതി ജനങ്ങൾക്ക് വേണ്ടിയായിരുന്നു. എന്നാൽ ബി: ജെ.പി.യുടെ പ  പദ്ധതികളും  ബ്യൂറോക്രാറ്റുകളിലൂടെയാണ്. പ്രധാനമന്ത്രി ജനങ്ങളെ പരിഹസിക്കുമ്പോൾ തൊഴിലുറപ്പ് പദ്ധതി ഉയർന്ന് വന്നത് ജനങ്ങൾക്കിടയിൽ നിന്നാണന്ന് അദ്ദേഹം മനസ്സിലാക്കണം.ഈ പദ്ധതികളെ ഞെക്കി കൊല്ലാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

സംവാദത്തിന് ശേഷം അഭിസംബോധന ചെയ്യവെ ജന പ്രതിനിധികളുടെ ഉത്തരവദിത്വത്തെക്കുറിച്ചും കടമകളെ കുറിച്ചും അദ്ദേഹം ഉദ്ബോധിപ്പിച്ചു. യു.ഡി.എഫിന് ഒരിക്കലും ജയിക്കാൻ കഴിയില്ലന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ  കൂടുതൽ കരുതലോടെ ഇടപെടൽ നടത്തി ജനങ്ങൾക്ക് സേവനം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ടു നിൽക്കുന്നതായിരുന്നു സംവാദം .രാഹുൽ ഗാന്ധിക്ക് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകിയ  പ്രദേശത്ത് എം.പി. ഫണ്ട് പരിമിതമായി മാത്രമെ ലഭിക്കുന്നു വെന്ന പരാതി മുതൽ ഓണറേറിയം വർദ്ധിപ്പിക്കാൻ ഇടപെടണമെന്ന് വരെ ജനപ്രതിനിധികൾ രാഹുൽ ഗാന്ധിക്ക് മുമ്പിൽ അവതരിപ്പിച്ചു.





Author
Citizen Journalist

Fazna

No description...

You May Also Like