രാഷ്ട്രീയ പിന്തുണയല്ല, കര്‍ഷകരുടെ ഉന്നമനമാണ് ലക്ഷ്യം; അവഗണനയ്ക്ക് പരിഹാരം വേണം- ബിഷപ്പ് പാംപ്ലാനി
കണ്ണൂര്‍: പ്രസ്താവന രാഷ്ട്രീയ വിവാദമായതോടെ, വിശദീകരണവുമായി ബിഷപ്പ് . റബ്ബറിന്റെ വില 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ സഹായിക്കാമെന്ന പരാമര്‍ശം വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ പിന്തുണയല്ല, കര്‍ഷകരുടെ ഉന്നമനമാണ് തങ്ങളുടെ പരമമായ ലക്ഷ്യമെന്ന് പാംപ്ലാനി പറഞ്ഞു.
പ്രസ്താവന കത്തോലിക്കാ സഭയുടെ പ്രഖ്യാപനമായോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ഒത്തുതീര്‍പ്പ് പ്രഖ്യാപനമായിട്ടോ വ്യാഖ്യാനിക്കേണ്ടതില്ല. ഇത് കര്‍ഷകരുടെ പൊതുവികാരമാണ്. കര്‍ഷകര്‍ നേരിടുന്ന അവഗണനയ്ക്ക് രാഷ്ട്രീയമായ ഒരു പരിഹാരം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകരെ പരിഗണിക്കുന്നവര്‍ക്ക് വോട്ടുനല്‍കുമെന്ന് പറഞ്ഞത്. ഇത് കര്‍ഷക സംഘടനകളുടെ പൊതുതീരുമാനമാണ്. അതാണ് താന്‍ പറഞ്ഞതെന്നും പാംപ്ലാനി വിശദീകരിച്ചു.
ബി.ജെ.പിയുമായുള്ള ഒരു സഖ്യത്തിന്റെ തുടക്കം എന്ന രീതിയില്‍ ഇതിനെ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ ആര് പരിഗണിച്ചാലും അവരെ സ്വാഗതം ചെയ്യും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം ലേഖകൻ