'ഓപ്പറേഷൻ കാവേരി';ആദ്യ സംഘം ഡൽഹിയിലേക്ക്
- Posted on April 27, 2023
- News
- By Goutham Krishna
- 112 Views
ന്യൂദൽഹി: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍നിന്ന് കേന്ദ്ര ഗവണ്മെന്റിന്റെ ഇടപെടലിൽ ജിദ്ദയിൽ എത്തിച്ച 367 ഇന്ത്യൻ പൗരൻമാർ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇന്ത്യൻ സംഘത്തെ യാത്രയാക്കി. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുക ആയിരുന്നു. സൗദി എയർലൈൻസ് SV3620 ഇന്ന് (ബുധൻ ) രാത്രി 9 മണിയോടെ ഡൽഹിയിലെത്തും. അഭിമാനവും ആഹ്ലാദവും നൽകുന്ന നിമിഷമെന്ന് .വി. മുരളീധരൻ പ്രതികരിച്ചു. രക്ഷാ ദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നൽകിയ സൗദി മന്ത്രാലയത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി. ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വി.മുരളീധരൻ നന്ദി പറഞ്ഞു. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.
പ്രത്യേക ലേഖകൻ.