ജി.എസ്.ടി വകുപ്പ് പുനഃസംഘടന പ്രഖ്യാപനം 19ന്

  • Posted on January 18, 2023
  • News
  • By Fazna
  • 89 Views

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 19ന് വൈകിട്ട് 4.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.

നികുതിദായകർക്ക് മെച്ചപ്പെട്ട സേവനം നൽകുക, നികുതി പിരിവ് കാര്യക്ഷമമാക്കുക, നികുതി ചോർച്ച തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് വകുപ്പിനെ പുനഃസംഘടിപ്പിക്കുന്നതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജി.എസ്.ടി നിയമം നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ ആദ്യമായി കേരളമാണ് നികുതി വകുപ്പിനെ പൂർണമായും പുനഃസംഘടിപ്പിക്കുന്നത്. ടാക്സ് പേയർ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എൻഫോഴ്സ്മെന്റ് ആൻഡ് ഇന്റലിജൻസ് വിഭാഗം എന്നീ മൂന്ന് വിഭാഗങ്ങളായാണ് വകുപ്പിനെ പുനഃസംഘടിപ്പിക്കുന്നത്.

റിട്ടേൺ ഫയലിങ് നിരീക്ഷണം, പ്രതിമാസ റിട്ടേണുകളുടെ സൂക്ഷ്മപരിശോധന, റീഫണ്ടുകൾ, കാരണം കാണിക്കൽ നോട്ടീസുകളുടെ തീർപ്പ് എന്നിവയാണ് ടാക്സ് പേയർ സേവന വിഭാഗം കൈകാര്യം ചെയ്യുന്നത്. വ്യപാരികളുടെ നികുതി ബാധ്യതയുടെ കൃത്യത ഇനി മുതൽ പരിശോധിക്കുന്നത് ഓഡിറ്റ് വിഭാഗമാകും. നികുതി വെട്ടിപ്പ് കണ്ടെത്തുകയും, തടയുകയുമാണ് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ചുമതല.

പുനഃസംഘടനയ്ക്ക് ശേഷം വ്യാപാരികൾ സമർപ്പിക്കുന്ന ജി.എസ്.ടി രജിസ്ട്രേഷൻ അപേക്ഷകളുടെ പരിശോധനയും തീർപ്പും പൂർണമായും നടത്തുന്നത് കേന്ദ്രീകൃത രജിസ്ട്രേഷൻ യൂണിറ്റിൽ നിന്നാകും. ഇത് രജിസ്ട്രേഷൻ അപേക്ഷകൾ സമയബന്ധിതമായും പരാതിരഹിതമായും തീർപ്പാക്കാൻ സഹായിക്കും. മുമ്പ് രജിസ്ട്രേഷൻ അപേക്ഷകൾ തീർപ്പാക്കിയിരുന്നത് അതാത് സ്ഥലത്തെ ജി.എസ്.ടി ഓഫീസുകളായിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജൂ, ജി.ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സി.ജി.എസ്.ടി ആൻഡ് കസ്റ്റംസ് ചീഫ് കമ്മീഷണർ തിരുവനന്തപുരം സോൺ ജെയ്ൻ കരുണ നഥാനിയേൽ, കൗൺസിലർ പാളയം രാജൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, നികുതി വകുപ്പ് സെക്രട്ടറി ഡോ.രത്തൻ കേൽക്കർ സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അജിത് പാട്ടീൽ തുടങ്ങിയവർ പങ്കെടുക്കും.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like