ഒടുവിൽ ശുഭവാർത്ത: 'കൊവിഡ് 19 വാക്സിൻ ക്രിസ്മസിനെത്തും'; വിശദീകരിച്ച് യുകെ ടാസ്ക്ഫോഴ്സ്

ലണ്ടൻ: നോവൽ കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശാശ്വത പരിഹാരത്തിനായി ലോകം കാത്തിരിക്കുന്നതിനിടയിൽ ശുഭവാര്‍ത്തയുമായി യുകെ സര്‍ക്കാര്‍. വരുന്ന ക്രിസ്മസിനു മുൻപായി കൊവിഡ് 19 വാക്സിൻ ലഭ്യമായിത്തുടങ്ങുമെന്നാണ് യുകെ സര്‍ക്കാരിൻ്റെ വാക്സിൻ ടാസ്ക്ഫോഴ്സ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിനും നോവോവാക്സിൻ്റെ വാക്സിനും പരീക്ഷണത്തിൻ്റെ അന്തിമ ഘട്ടത്തിലാണെന്നും അവര്‍ വ്യക്തമാക്കി.

ഡിസംബര്‍ 25 ക്രിസ്മസിനു മുൻപായി ചിലര്‍ക്ക് വാക്സിൻ ലഭ്യമാകുമെന്നും 2021ൻ്റെ തുടക്കത്തിൽ വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്യപ്പെടാനാണ് കൂടുതൽ സാധ്യതയെന്നും ടാസ്ക് ഫോഴ്സ് അധ്യക്ഷ കേറ്റ് ബിങ്ഹാം വ്യക്തമാക്കി. ഓക്സ്ഫഡ് - ആസ്ട്രസെനക്ക സംയുക്ത സംരംഭമായ അഡിനോവൈറസ് വെക്ടേഡ് വാക്സിനും നോവോവാക്സ് പ്രോട്ടീൻ അഡ്ജുവൻ്റ് വാക്സിനും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്.


"മുൻനിര വാക്സിൻ നിര്‍മാതാക്കളുടെ മൂന്നാം ഘട്ട പരീക്ഷണഫലം 2020 അവസാനമാണ് ലഭിക്കുന്നത്. ഇൻജെക്ഷൻ സ്വീകരിച്ചവരിൽ രോഗം ബാധിച്ചവരിലെ നിരക്കാണ് വാക്സിൻ്റെ ഫലപ്രാപ്തി നിശ്ചയിക്കുന്നത്. വാക്സിന് എങ്ങനെ വൈറസ് ബാധ തടയാൻ കഴിയുന്നുവെന്നതും രോഗലക്ഷണങ്ങള്‍ കുറയ്ക്കാൻ കഴിയുന്നുവെന്നതുമാണ് പ്രാഥമികമായി അറിയാനാകുക." ലാൻസറ്റ് മെഡിക്കൽ ജേണലിലെ ലേഖനത്തിൽ അവര്‍ വ്യക്തമാക്കി.

"ആദ്യ രണ്ട് വാക്സിനുകളും, അല്ലെങ്കിൽ രണ്ടിലൊരു വാക്സിൻ ഫലപ്രദമാണെന്നു തെളിഞ്ഞാൽ ഈ ക്രിസ്മസ് കാലത്ത് തന്നെ വാക്സിൻ നല്‍കിത്തുടങ്ങാൻ സാധ്യതയുണ്ട്. പക്ഷെ അടുത്ത വര്‍ഷം തുടക്കത്തിൽ വാക്സിൻ പ്രതീക്ഷിക്കാമെന്ന ചിന്തയ്ക്കാണ് കൂടുതൽ യാഥാര്‍ഥ്യബോധമുള്ളത്." ബിബിസി ടെലിവിഷന് നല്‍കിയ അഭിമുഖത്തിൽ അവര്‍ വ്യക്തമാക്കി.
അതേസമയം, ആദ്യതലമുറ വാക്സിനുകള്‍ രോഗത്തിനെതിരെ പൂര്‍ണമായ പ്രതിരോധശേഷി തരില്ലെന്നും എല്ലാവരിലും പ്രവര്‍ത്തിക്കില്ലെന്നും അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗലക്ഷണങ്ങള്‍ കുറയ്ക്കുക എന്നതിലുപരി വൈറസ് ബാധ തടയുമെന്ന പ്രതീക്ഷ ഒഴിവാക്കണമെന്നും എല്ലാവരിലും പ്രവര്‍ത്തിക്കുമെന്നും ഫലപ്രാപ്തി നീണ്ടുനിൽക്കുമെന്നും കരുതരുതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, തങ്ങള്‍ ഉത്പാദിപ്പിച്ച വാക്സിൻ പ്രായമായവരിലും കുട്ടികളിലും മികച്ച ഫലം നല്‍കുന്നുണ്ടെന്ന് നേരത്തെ ആസ്ട്രസെനക്ക വ്യക്തമാക്കിയിരുന്നു.
Samamayam News Online

Author
ChiefEditor

enmalayalam

No description...

You May Also Like