ഉത്തരവാദിത്ത ടൂറിസം ഒക്ടോബറില്‍
- Posted on June 03, 2024
- Traveling News
- By Varsha Giri
- 217 Views
ലിംഗസമത്വ ടൂറിസം അന്താരാഷ്ട്ര ഉച്ചകോടി നടത്തും.
തിരുവനന്തപുരം: ലോകത്തിനു തന്നെ മാതൃകയായ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഒക്ടോബറില്‍ ഉത്തരവാദിത്ത ടൂറിസം, ലിംഗസമത്വ ടൂറിസം എന്നീ വിഷയങ്ങളില്‍ അന്താരാഷ്ട്ര ഉച്ചകോടി നടത്തും. സുസ്ഥരവും ലിംഗ സമത്വം ഉള്ളതുമായ ടൂറിസം മാതൃക അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ കാണിക്കാന്‍ ഈ ഉച്ചകോടി ഉപകരിക്കും.
പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്‍റെ ഭാഗമാക്കാന്‍ 2008ല്‍ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം സമൂഹത്തിന്‍റെ താഴെത്തട്ടില്‍ നിന്നുള്ള ബഹുജന മുന്നേറ്റമായി മാറുകയായിരുന്നു. മൊത്തം 25188 ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 17632 യൂണിറ്റുകള്‍ പൂര്‍ണ്ണമായും സ്ത്രീകളുടേതോ അല്ലെങ്കില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്നതോ ആണ്.
ഈ ഉദ്യമത്തിന് കൂടുതല്‍ ശക്തി പകരുന്നതിന് വേണ്ടിയാണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിക്ക് 2023 ല്‍ രൂപം നല്‍കിയത്. ഈ പദ്ധതി വഴി 52344 പേര്‍ക്ക് നേരിട്ടും 98432 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശത്ത് നിന്നുള്ളവരാണെന്നതാണ് വസ്തുത. ആഭ്യന്തര വിദേശ ടൂറിസ്റ്റുകള്‍ക്കയുള്ള വിവിധ പാക്കേജുകളുടെ ഭാഗമായി ഒന്നര ലക്ഷം പേര്‍ക്കും ഉത്തരവാദിത്ത ടൂറിസത്തിന്‍റെ മേډകള്‍ ലഭിക്കുന്നു. 2008 മുതല്‍ ഉത്തരവാദിത്ത ടൂറിസം വഴി പ്രാദേശിക സമിതികള്‍ക്ക് 77.61 കോടി രൂപ വരുമാനം ലഭിച്ചു
എല്ലാ കാലാവസ്ഥ സീസണിലും സന്ദര്‍ശിക്കാന്‍ കഴിയാവുന്ന സ്ഥലമാക്കി കേരളത്തെ മാറ്റുന്നതില്‍ ഉത്തരവാദിത്ത ടൂറിസം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് കേരള ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. അറിയപ്പെടാത്ത പല സ്ഥലങ്ങളെയും ടൂറിസം മാപ്പിലേക്ക് കൊണ്ടുവരാനും ഇതുവഴി സാധിച്ചു.
സുസ്ഥിര ടൂറിസം വികസനത്തോടൊപ്പം ഈ വ്യവസായത്തിന്‍റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിലേക്ക് കൂടി എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആരംഭിച്ചതെന്ന് മിഷന്‍ സിഇഒ കെ രൂപേഷ് കുമാര്‍ പറഞ്ഞു. ഗ്രാമം, കൃഷിയിടങ്ങള്‍, സാംസ്കാരിക ഉത്സവങ്ങള്‍, ഭക്ഷണശീലങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലേക്കും ഉത്തരവാദിത്ത ടൂറിസത്തിന്‍റെ പാക്കേജുകള്‍ സഞ്ചാരികള്‍ക്ക് ലഭ്യമാകുന്നു.
പ്രകൃതിപരവും സാംസ്കാരികപരവുമായ നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഏറെ സഹായിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വ്യവസായ സംരംഭകരെയും വിശ്വാസത്തിലെടുക്കാനും ആര്‍ടി മിഷന് കഴിഞ്ഞു.
2021 ലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ അയ്മനം പദ്ധതിയ്ക്കും 2022 ലെ ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ പെപ്പര്‍ പദ്ധതിയ്ക്കും ആര്‍ടി മിഷന് പുരസ്ക്കാരങ്ങള്‍ ലഭിച്ചു. 2023 ലെ രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം സുവര്‍ണ ഗ്രാമമായി ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനെയും തെരഞ്ഞെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കുമരകത്ത് ആര്‍ടി മിഷന്‍റെ നേതൃത്വത്തില്‍ വേള്‍ഡ് റെസ്പോണ്‍സിബിള്‍ ടൂറിസം ഉച്ചകോടിയും നടത്തിയിരുന്നു. ഉച്ചകോടിയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് പ്രഖ്യാപനരേഖ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. സാമൂഹ്യസുരക്ഷ, സാമ്പത്തിക ഉത്തരവാദിത്തം, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പ്രഖ്യാപനരേഖ തയ്യാറാക്കിയത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതവും സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സഞ്ചാര അനുഭവവും എന്നതാണ് പ്രഖ്യാപനത്തിന്‍റെ പ്രമേയം.
പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഓഫ് പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്‍റ് അഥവാ പെപ്പര്‍ പദ്ധതി ഗ്രാമീണ ടൂറിസം മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഗ്രാമീണ ടൂറിസം യോഗങ്ങള്‍, വിഭവസമാഹരണം, ടൂറിസം വ്യവസായ സംരംഭകരുടെയും പങ്കാളികളുടെയും യോഗങ്ങള്‍ തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയതാണ്. അനുഭവവേദ്യ ടൂറിസം പാക്കേജുകളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി. ഗ്രാമീണ സമിതികളുടെ സാമൂഹിക ഓഡിറ്റ് അടക്കമുള്ള കര്‍ശനമായ നിരീക്ഷണവും ഈ പദ്ധതികള്‍ക്ക് പിന്നിലുണ്ട്. ബേപ്പൂരിലെ ബീച്ച്, ചരിത്രപ്രധാനമായ സ്ഥലങ്ങള്‍, എന്നിവ ഉള്‍പ്പെടുത്തി ബേപ്പൂര്‍ സമഗ്ര ടൂറിസം വികസന പദ്ധതിയും നടന്നു വരുന്നു.
ഉത്തരവാദിത്ത ടൂറിസം നടപ്പാക്കിയ സ്ട്രീറ്റ് (സസ്റ്റൈനബിള്‍, ടാന്‍ജബിള്‍, എക്സ്പീരിയന്‍ഷ്യല്‍, എതനിക്ക് ടൂറിസം ഹബ്സ്) പദ്ധതി നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടി തന്നിട്ടുണ്ട്. യുഎന്‍ഡബ്ലിയുടിഓയുടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം വികസനം എന്ന പ്രമേയത്തിന്‍റെ ചുവടുപിടിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
പ്രാദേശിക സ്ഥലങ്ങളുടെ ടൂറിസം സ്മരണികകള്‍, ടൂറിസം ക്ലബ്ബുകള്‍, പൂര്‍ണ്ണമായും വനിതകള്‍ ഉള്‍പ്പെടുന്ന ടൂറിസം പാക്കേജുകള്‍ എന്നിവയും ആര്‍ടി മിഷന്‍ അവതരിപ്പിച്ചു വരുന്നു.
പ്രാദേശിക സമൂഹ സന്ദര്‍ശനത്തിനുള്ള പരിശീലനം, ഹോം സ്റ്റേ മാനേജ്മെന്‍റ്, കാര്‍ഷിക ടൂറിസം ശൃംഖല നവീകരണം, പ്രാദേശിക ഭക്ഷ്യ ശീലങ്ങള്‍, കരകൗശല നിര്‍മ്മാണം, സ്മരണികകളുടെ ജിയോ ടാഗിംഗ് ഏറ്റെടുത്ത് നടത്തിവരുന്നു. നേരിട്ടും ഓണ്‍ലൈനുമായി നടത്തുന്ന ഈ പരിശീലന പരിപാടികളില്‍ വലിയ പങ്കാളിത്തമാണ് ഉണ്ടാകുന്നത്.