ജപ്പാൻ ട്രിനാലെയിലേക്ക് മലയാളി ആർട്ടിസ്റ്റുകളെയും നാട്ടുകാരെയും ക്ഷണിച്ച് ജപ്പാൻ സംവിധായകൻ
കൊച്ചി: ജപ്പാനിൽ അടുത്തവർഷം മാർച്ചിൽ നടക്കുന്ന യോകോഹാമ ട്രിനാലെയിലേക്ക് മലയാളി ആർട്ടിസ്റ്റുകളെയും നാട്ടുകാരെയും ക്ഷണിച്ച് കലാമേളയുടെ ഡയറക്‌ടർ മിക കുറായ. കൊച്ചി ബിനാലെയിലെ മലയാളി ആർട്ടിസ്റ്റുകളുടെ ആവിഷ്‌കാര മികവും കാണാനെത്തുന്ന നാട്ടുകാരുടെ തിരക്കും കണ്ടു ആവേശഭരിതയായാണ് യോകോഹാമ മ്യൂസിയം ഡയറ്കടറും വിഖ്യാത ക്യൂറേറ്ററും കൂടിയായ മിക കുറായയുടെ ക്ഷണം. ആദ്യ സന്ദർശനത്തിൽ തന്നെ കൊച്ചി ബിനാലെ ഏറെ സ്വാധീനിച്ചെന്ന് അവർ പറഞ്ഞു.
തനത് മുദ്ര കാഴ്‌ചയിൽ പതിപ്പിക്കുന്നതാണ് കൊച്ചി ബിനാലെ. വേദികളും കൊച്ചി നഗരവും അതി മനോഹരമാണ്. പ്രാദേശിക ആർട്ടിസ്റ്റുകളുടെ സൃഷ്ടികൾ വളരെ ഉന്നത നിലവാരം പുലർത്തുന്നു. പ്രതിസന്ധികളും പ്രശ്‌നങ്ങളും അനുഭവങ്ങളും ഗംഭീരമായി കലാവിഷ്‌കാരങ്ങളായി തീർത്തിട്ടിട്ടുണ്ട്. പ്രകൃതിയുമായി ഇഴുകിച്ചേർന്നതാണ് കൊച്ചി ബിനാലെ. ലോകം നേരിടുന്ന എല്ലാ പ്രധാന പ്രശ്‌നങ്ങളും കൊച്ചി ബിനാലെയിൽ പ്രതിഫലിക്കുന്നുണ്ടെന്നും മിക കുറായ ബിനാലെ കണ്ടശേഷം ഫോർട്ടുകൊച്ചി ആസ്‌പിൻവാൾ ഹൗസിൽ അഭിപ്രായപ്പെട്ടു.
അവിശ്വസനീയമാം വിധം മികച്ചതാണ് കൊച്ചി ബിനാലെയെന്ന് മിക കുറായക്കൊപ്പമുണ്ടായിരുന്ന സീനിയർ ക്യൂറേറ്റർ എറികോ കിമുറ പറഞ്ഞു. ചരിത്രവും വർത്തമാനവും ഭാവിയും ഇവിടെ സന്ധിക്കുന്നുണ്ട്. തികച്ചും ആസ്വാദ്യകരമാണ് കൊച്ചി ബിനാലെയെന്ന് പ്രമുഖ ഇന്തോനേഷ്യൻ ക്യൂറേറ്ററും ജോഗ് ജ ബിനാലെ ഡയറക്ടറുമായ ആലിയ സ്വസ്‌തിക പറഞ്ഞു. പ്രാദേശിക ജനതയും ബിനാലെയും തമ്മിൽ സാധ്യമായ അടുപ്പം പ്രധാനപ്പെട്ടതാണ്. തെക്കേ ഏഷ്യയിലെ പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള സൃഷ്ടികൾ ശ്രദ്ധേയം.
കുമ്പളം ഗ്രാമ പഞ്ചായത്ത് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ഫോർ മെന്റലി ചലഞ്ചഡിലെ 18 വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ബിനാലെ കണ്ടു. പ്രധാനാധ്യാപിക കെ എം ജൂബിയും നാല് സ്റ്റാഫംഗങ്ങളും നേതൃത്വം നൽകി. എല്ലാം മനസിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞില്ലെങ്കിലും പലതും അവർ ആസ്വദിച്ചെന്ന് ജൂബി പറഞ്ഞു. കബ്രാൾയാർഡിലെ ബിനാലെ ആർട്ട്റൂമിൽ ഏറെനേരം ചെലവഴിച്ച ഭിന്നശേഷി വിദ്യാർഥികൾ ചിത്രം വരച്ചും പാട്ടുപാടി നൃത്തം ചെയ്‌തും ശിൽപശാലയിൽ പങ്കെടുത്തു.
നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ മറാഠി ചലച്ചിത്രകാരൻ സുനിൽ സുക്താങ്കർ, നാടക സംവിധായകൻ ദീപൻ ശിവരാമൻ എന്നിവരും പതിവ് തുടർന്നു ബിനാലെ കാണാനെത്തി. ചെന്നൈ കെ സി സ്‌കൂളിലെ 45 യുപി വിദ്യാർത്ഥിസംഘവും ബിനാലെ സന്ദർശിച്ചു.