ഗതാഗത അടിസ്ഥാനസൗകര്യത്തിന് ജിഡിപിയുടെ 1.7%

  • Posted on March 23, 2023
  • News
  • By Fazna
  • 60 Views

ന്യൂ ഡൽഹി: രാജ്യം $5 ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പിൽ ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മൊത്തം ജിഡിപിയുടെ 1.7 ശതമാനം വിനിയോഗിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇത് അമേരിക്കയിലും വികസിത യൂറോപ്യന്‍ രാജ്യങ്ങളിലും വിനിയോഗിക്കുന്നതിന്റെ ഇരട്ടിയോളം വരും. ഇത്തരമൊരു നീക്കം അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ രാജ്യത്തെ സഹായിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി 122 ബില്യണ്‍ യുഎസ് ഡോളറാണ് ഏപ്രിലില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കായി വര്‍ധിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യയില്‍ ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വും മെച്ചപ്പെട്ട തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് ഗവണ്‍മെന്റ് കണക്കുകൂട്ടുന്നത്.

റെയില്‍വേയുടെ വികസനത്തിനായി ഗവണ്മെന്റ് 2.4 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ അനുവദിച്ചതിനേക്കാള്‍ ഒന്‍പതിരട്ടിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക. ഇതു പുതിയ പാതകൾ, കോച്ചുകള്‍, വൈദ്യുതീകരണം എന്നിവയ്ക്കായി വിനിയോഗിക്കും. ഒപ്പം സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി അനുവദിച്ചത് 2.7 ലക്ഷം കോടി രൂപയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഈ തുകയിൽ 36 ശതമാനമാണ് വര്‍ധന. രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, വാട്ടര്‍ എയറോഡ്രോമുകള്‍ എന്നിവയും നിര്‍മിച്ച് ഈ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനും ഗവണ്മെന്റ് പ്രാധാന്യം നല്‍കുന്നു. അടിയന്തര പ്രാധാന്യം നല്‍കി നൂറ് പദ്ധതികളാണ് തുറമുഖം, കല്‍ക്കരി, സ്റ്റീല്‍, കീടനാശിനി, ഭക്ഷ്യധാന്യം എന്നീ മേഖലയിലേയ്ക്കായി ആരംഭിക്കുന്നത്.  75,000 കോടി രൂപയാണ് ഇതിനായി മുതല്‍മുടക്കുന്നത്. ഇതില്‍ 15,000 കോടിരൂപ സ്വകാര്യ മേഖലയില്‍ നിന്ന് ഏറ്റെടുക്കും.

അടിസ്ഥാനസൗകര്യ വികസനത്തിനായി ഇത്രയും തുക വിനിയോഗിക്കുന്നതിലൂടെ 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം ട്രില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക ശക്തിയാകുകയെന്ന ഇന്ത്യയുടെ മോഹം സഫലമാകുമെന്നാണ് കേന്ദ്ര ഗവണ്മെന്റ് കണക്കുകൂട്ടുന്നത്. വന്ദേ ഭാരത് ട്രെയിന്‍ പദ്ധതി മുതലുള്ളവ ഈ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ശ്രേണിയിലാണ് ഉള്‍പ്പെടുക.

രാജ്യത്തെ ദേശീയപാതകളുടെ നിര്‍മാണമെടുത്താല്‍ 50,000 കിലോമീറ്റര്‍ റോഡാണ് പണികഴിപ്പിച്ചത്. ഇത് കഴിഞ്ഞ എട്ട് വര്‍ഷത്തെ കണക്കുകളേക്കാൾ ഇരട്ടിയാണ്. ഗ്രാമീണ റോഡുകളുടെ കാര്യം പരിശോധിച്ചാല്‍ 2014ല്‍ 3,81,000 കിലോമീറ്ററായിരുന്നത് 2023ല്‍ 7,29,000 കിലോമീറ്ററായി വര്‍ധിച്ചിട്ടുണ്ട്.  ഇക്കാലയളവില്‍ രാജ്യത്തെ ആകെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയോളമായി 148 ആയി.

ആഭ്യന്തര വിമാനയാത്രക്കാരുട എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2013ല്‍ 60 ദശലക്ഷം യത്രക്കാരായിരുന്നത് 2019ല്‍ കോവിഡ് മഹാമാരിക്ക് മുന്‍പ് 141 ദശലക്ഷമായി ഉയര്‍ന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ കണക്ക് 400 ദശലക്ഷത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി ഉൽപ്പാദനത്തില്‍ 22 ശതമാനം വര്‍ധനയുണ്ടായി. പുനരുപയോഗ ഊര്‍ജശേഷി അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയായി. ആഗോളതലത്തില്‍ രാജ്യം ഈ വിഭാഗത്തില്‍ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു.

2014ല്‍ 61 ദശലക്ഷമായിരുന്ന ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ കഴിഞ്ഞ വര്‍ഷത്തോടെ 816 ദശലക്ഷമായി ഉയര്‍ന്നു. 2016ൽ ആരംഭിച്ച മൊബൈൽ അധിഷ്ഠിത പണമിടപാടു സംവിധാനമാണ് ഡിജിറ്റൽ ഇടപാടുകളുടെ പകുതിയിലേറെയും. രാജ്യം ലക്ഷ്യമിടുന്ന ഉയര്‍ന്ന വളര്‍ച്ചയിലേക്കും രാജ്യത്തിന്റെ എല്ലാ മേഖലയിലും നേട്ടമുണ്ടാകുന്നതുമായ കാര്യങ്ങളാണ് ഇതൊക്കെയെന്നു നിസംശയം പറയാം.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like