വയനാട് മെഡിക്കൽ കോളേജിൽ കാത്ത് ലാബ് നിർമ്മാണം മാർച്ച് 15-നകം പൂർത്തിയാക്കുമെന്ന് കലക്ടർ
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിൽ കാത്ത് ലാബ് നിർമ്മാണം മാർച്ച് 15-നകം പൂർത്തിയാക്കും. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഡി.എം.സി.യോഗത്തിലാണ് തീരുമാനം.ഗുരുതരമല്ലാത്ത രോഗികളെ കോഴിക്കോട്ടേക്കോ മറ്റ് ആശുപത്രികളിലേക്കോ റഫർ ചെയ്യുന്നത് ഒഴിവാക്കാനും തീരുമാനം. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം സംബന്ധിച്ച് വയനാട് കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിലാണ് മാനേജ്മെൻ്റ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം നടന്നത്. കാത്ത് ലാബിൻ്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ മാർച്ച് 15 വരെ സമയം അനുവദിച്ചു. കൂടാതെ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണ ജോലികളിൽ അവസാന ഘട്ടം പൂർത്തിയാക്കാനും തീരുമാനമായതായി യോഗ ശേഷം കലക്ടർ എ. ഗീത പറഞ്ഞു. ഗുരുതരമല്ലാത്ത രോഗികളെ പോലും മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത് കൈയ്യൊഴിയുന്ന പ്രവണത യോഗം ഗൗരവമായി ചർച്ച ചെയ്തുവെന്നും കലക്ടർ പറഞ്ഞു. രോഗികൾക്കുള്ള വിശ്രമ മന്ദിരം ഉടൻ തുറന്ന് കൊടുക്കാനും തീരുമാനമായിട്ടുണ്ട്. ഒ.ആർ.കേളു എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.