വയനാട് ജില്ലയിൽ 15 പദ്ധതികളിലായി വരുന്നത് 3110 കോടിയുടെ നിക്ഷേപമെന്ന് വ്യവസായ മന്ത്രി പി രാജീവ്‌ -നിക്ഷേപക സംഗമത്തിൽ ജില്ലയിൽ 241 കോടിയുടെ 13 പദ്ധതികൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു -ഒരാഴ്ച്ച നീണ്ട എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് ഉജ്ജ്വല സമാപനം

വയനാട് ജില്ലയിൽ 15 പദ്ധതികളിലായി വരാൻ പോകുന്നത് 3110 കോടി രൂപയുടെ നിക്ഷേപമെന്ന് വ്യവസായ മന്ത്രി പി രാജീവ്‌. 


രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 


പഞ്ചനക്ഷത്ര ഹോട്ടൽ (70 കോടി), പാലും പാലുൽപ്പന്നങ്ങളുടെയും നിർമാണവും (115 കോടി), കേന്ദ്ര സർക്കാർ കൂടി ചേർന്നുള്ള വയനാട് അഗ്രോ ക്ലസ്‌റ്റർ (200 കോടി), തീം പാർക്ക് (45 കോടി), അൾട്ര പാർക്ക്‌ (15 കോടി), വെൽനെസ്സ് കേന്ദ്രം (6.5 കോടി) തുടങ്ങിയവ ഉൾപ്പെടുന്നവയാണ് വരാൻ പോകുന്ന പദ്ധതികളെന്ന് വ്യവസായ മന്ത്രി പറഞ്ഞു. 


ഇതിന് പുറമെ സർക്കാർ മുൻകൈയ്യെടുത്ത് 19.9 ഏക്കറിൽ കാർബൺ ന്യൂട്രൽ കോഫി പാർക്ക് വരികയാണ്. പാർക്കിന്റെ നിർമാണം ജൂണിൽ തുടങ്ങും. കോഫി മ്യൂസിയം, കോഫി പാർക്ക് എന്നിവയുൾപ്പെടുന്ന, വിനോദസഞ്ചാര മേഖലയ്ക്ക് കൂടി പ്രാധാന്യമുള്ള പദ്ധതി യായിരിക്കുമിത്. 


കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ വയനാട് ജില്ലയിൽ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള 13 പദ്ധതികൾ ഇതിനകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. ഇതുവഴി 241 കോടി രൂപയുടെ നിക്ഷേപവും 578 തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെട്ടത്. 


പട്ടികജാതി -പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച രീതിയിൽ നടന്ന മേളയാണ് വയനാട്ടിലേതെന്നാണ് പൊതുജനങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തോളം പേർ മേള സന്ദർശിച്ചു എന്നാണ് ഏകദേശ കണക്ക്. 


മികച്ച തീം സ്റ്റാളുകൾക്കുള്ള ജില്ലാ കളക്ടറുടെ പുരസ്കാരത്തിന് ആരോഗ്യവകുപ്പിന്റെ സ്റ്റാൾ അർഹമായി. ജല വിഭവ വകുപ്പിന്റെ സ്റ്റാൾ രണ്ടാം സ്ഥാനവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാൾ മൂന്നാം സ്ഥാനവും നേടി. മികച്ച വാണിജ്യ സ്റ്റാളിനുള്ള പുരസ്‌കാരം വയനാട് ഹാൻഡ്‌ലൂം & പവർലൂം മൾട്ടിപർപ്പസ് വ്യവസായ സഹകരണ സംഘം തൃശ്ശിലേരി നേടി. 


മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈ നാർ, ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, നടൻ അബുസലീം, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, 

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ റഫീക്ക്, സി എൻ ശിവരാമൻ, രജിത്ത്, റജി ഓലിക്കര എന്നിവർ സംബന്ധിച്ചു.


 ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നന്ദിയും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു നന്ദിയും പറഞ്ഞു. അന്തരിച്ച വിഖ്യാത സംവിധായകൻ ഷാജി എൻ കരുണിന് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് പരിപാടി തുടങ്ങിയത്. 


ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് ഒരാഴ്ച്ച നീണ്ട മേള സംഘടിപ്പിച്ചത്. 


മേളയ്ക്ക് ഉജജ്വല സമാപനം


ജനങ്ങൾക്കുള്ള സൗജന്യ സേവനങ്ങളായും വിവിധ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണമായും സർക്കാരിന്റെ നേട്ടങ്ങളുടെ അടയാളപ്പെടുത്തലായും മനം നിറച്ച കലാപരിപാടികളായും ഭക്ഷ്യമേളയായും നിറഞ്ഞു നിന്ന മേളയാണ് ഒരാഴ്ച്ച കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിലേക്ക് ആയിരക്കണക്കിന് ജനങ്ങളെ ആകർഷിച്ചശേഷം കൊടിയിറങ്ങിയത്. നടി കൃഷ്ണപ്രഭയുടെ ബാന്റോടെ പരിപാടിയ്ക്ക് തിരശ്ശീല വീണു.

Author
Citizen Journalist

Goutham prakash

No description...

You May Also Like