എന്താണ് സെക്ഷൻ 144? - ഇത് മൂലം വരുന്ന മാറ്റങ്ങൾ എന്തൊക്കെ?

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ 144, അഥവാ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ നമ്മുടേയെല്ലാം മനസിൽ നിരവധി സംശയങ്ങൾ ഉദിക്കും. എന്താണ് 144 ? എന്തൊക്കെ മാറ്റങ്ങളാണ് ഇത് കൊണ്ടുവരുന്നത് ?

എന്താണ് 144 ?

ബ്രിട്ടീഷ് കാലഘട്ടം മുതൽ തുടർന്ന് പോരുന്ന ഒരു നടപടിയാണ് സി.ആർ.പി.സി യിലെ സെക്ഷൻ 144 അഥവാ നിരോധനാജ്ഞ. ഒരു ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇവർക്കാണ് 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരം ഉള്ളത്. മനുഷ്യ ജീവിതത്തിനോ സ്വത്തിനോ കേടുപാടുകൾ വരുത്തുന്നതോ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതോ ആയ സാഹചര്യങ്ങൾ, പ്രധാനമായും കലാപം, പ്രക്ഷോഭം, പകർച്ചവ്യാധികൾ തുടങ്ങിയ അനിയന്ത്രിത സാഹചര്യങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും.

നിരോധനാജ്ഞ ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള സമ്മേളനത്തിനും ഒത്തുകൂടലിനും ഉള്ള മൗലിക അവകാശങ്ങളെ വിലക്കുന്നു. 144 പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ട്. വേണമെങ്കിൽ ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപെടുത്താവുന്നതാണ്.

നിരോധനാജ്ഞ ഏതൊക്കെ ജില്ലകളിൽ ?

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്, കണ്ണൂർ എന്നിങ്ങനെ 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ

കൂട്ടം ചേരൽ

കണ്ടെയിൻമെന്റ് സോണുകളിലും കണ്ടെയിൻമെന്റ് സോണിന് പുറത്തും, അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. കണ്ടെയിൻമെന്റ് സോണിൽ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. ഇൻഡോർ, ഔട്ട് ഡോർ പരിപാടികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.

കണ്ടെയിൻമെന്റ് സോണിനു പുറത്ത് സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകൾ എന്നിവ പോലുള്ള ഇൻഡോർ പരിപാടികളിൽ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. പ്രാർത്ഥനാ ചടങ്ങുകൾക്കും ശവസംസ്‌കാര ചടങ്ങുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

കണ്ടെയിൻമെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകൾ നടത്താം. എന്നാൽ പങ്കെടുക്കുന്ന എല്ലാവരും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. കണ്ടെയിൻമെന്റ് സോൺ അല്ലാത്ത ഇടങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ഇളവുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമേ അനുവദിക്കൂ.

കടകൾ, മറ്റ് സേവനങ്ങൾ

കണ്ടെയിൻമെന്റ് സോണുകളിൽ പലചരക്ക്, മരുന്ന്, പാൽ, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സർവീസുകളും അനുവദിക്കും. അടിയന്തര മെഡിക്കൽ സേവനങ്ങൾ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയ്‌ക്കൊഴികെ ആളുകൾ കണ്ടെയിൻമെന്റ് സോണിൽ നിന്നും പുറത്തേക്കു പോകുന്നത് കർശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങൾ പോലീസ് ഏർപ്പെടുത്തും.

കണ്ടെയിന്മെന്റ് സോണിനു പുറത്ത് പൊതുഗതാഗതം, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യവ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ സാമൂഹിക അകലവും, ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോളുകൾ പാലിച്ച് പ്രവർത്തിക്കാം.

എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കണം. ബാങ്കുകൾ, കടകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കു മുൻപിൽ ഒരേസമയം അഞ്ചുപേരിൽ കൂടുതൽ അനുവദിക്കില്ല.

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ നിയന്ത്രണങ്ങൾ

വിവാഹങ്ങളിൽ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കൂ.

സാംസ്‌കാരിക പരിപാടികൾ, സർക്കാർ നടത്തുന്ന പൊതു പരിപാടികൾ, രാഷ്ട്രിയ, മത ചടങ്ങുകൾ, തുടങ്ങിയവയിൽ പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ.

മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ, ഓഫീസുകൾ, കടകൾ, റസ്റ്റോറന്റുകൾ, ജോലിയിടങ്ങൾ, ആശുപത്രികൾ, പരീക്ഷ കേന്ദ്രങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ബ്രേക്ക് ദി ചെയിൻ നിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും കർശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു.

ജില്ലയിൽ പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ അധികം കൂട്ടം കൂടാൻ പാടില്ല

മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ

മലപ്പുറത്തും വിവാഹ ചടങ്ങുകൾക്ക് പരമാവധി 50 പേരെ ഉൾപ്പെടുത്താം

മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പാടുള്ളു

രാഷ്ട്രീയ ,സാംസ്‌കാരിക ,മതപരമായ കൂടിച്ചേരലുകൾക്ക് പരമാവധി 20പേർ

റെസ്റ്റോറന്റുകൾക്ക് 8 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്

8 മുതൽ 9 മണി വരെ പാർസൽ നൽകാം

ടർഫ് , ജിം , ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടെയുള്ളവ തുറന്നു പ്രവർത്തിക്കരുത്

മറ്റ് കാര്യങ്ങൾക്ക് അഞ്ചിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല

ആരാധനാലയങ്ങളിൽ 20 പേര് മാത്രമേ പാടുള്ളു

കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ

കാസർഗോഡ് ജില്ലയിൽ ഒക്ടോബർ 2 രാത്രി 12 മുതൽ ഒക്ടോബർ 9 ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയിലെ മുഴുവൻ ജനങ്ങളും ശാരീരിക അകലം പാലിക്കുകയും സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച കൈകൾ വൃത്തിയാക്കുകയും മുഖാവരണം (മാസ്‌ക്) ശരിയായ രീതിയിൽ ധരിക്കുകയും കൊവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കുകയുംവേണം. വിവാഹത്തിൽ പരമാവധി 50 പേർക്കും മരണം , മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം

ഔദ്യോഗിക പരിപാടികൾ, മതപരമായ വിവിധ ചടങ്ങുകൾ, പ്രാർത്ഥനകൾ, രാഷ്ട്രീയ കക്ഷി യോഗങ്ങൾ സാംസ്‌കാരികസാമൂഹിക പൊതു യോഗങ്ങൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ അനുമതി നൽകൂ.

പൊതു ഇടങ്ങൾ, ബസ് സ്റ്റാന്റുകൾ, പൊതു ഗതാഗത സംവിധാനം, ഓഫീസുകൾ, തൊഴിൽ ഇടങ്ങൾ, കടകൾ, മറ്റു വാണിജ്യവ്യാപാര സ്ഥാപനങ്ങൾ വ്യവസായ കേന്ദ്രങ്ങൾ, ആശുപത്രികൾ, ഹെൽത്ത് ക്ലബ്ബുകൾ കായിക പരിശീലന കേന്ദ്രങ്ങൾ, പരീക്ഷാ, റിക്രൂട്ട്‌മെന്റ് സംവിധാനങ്ങൾ തുടങ്ങിയ നിർബന്ധമായും കർശനമായി കോവിഡ് നിർവ്യാപനത്തിന് സാമൂഹിക അകലം പാലിച്ച് ബ്രേക്ക് ദി ചെയിൻ പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്.

താഴെ പറയുന്ന പോലീസ് സ്റ്റേഷൻ പരിധികളിലും ടൗൺ പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്നു – മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, വിദ്യാനഗർ, മേൽപറമ്പ, ബേക്കൽ, ഹൊസ്ദുർഗ് , നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷൻ പരിധികളിലും പരപ്പ, ഒടയഞ്ചാൽ പനത്തടി ടൗണുകളുടെ പരിധിയിലും അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു ജില്ലാകളക്ടർ ഉത്തരവായി.

മറ്റു ജില്ലകൾ

മറ്റു ജില്ലകളിൽ കൂട്ടം കൂടുന്നതിന് നിരോധനമുണ്ട്. പാതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ അധികം കൂട്ടം കൂടാൻ പാടില്ല. ഈ ജില്ലകളിലും വിവാഹ ചടങ്ങുകൾക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകൾക്ക് 20 പേരെയും ഉൾപ്പെടുത്താം. സാംസ്‌കാരിക പരിപാടികൾ, സർക്കാർ നടത്തുന്ന പൊതു പരിപാടികൾ, രാഷ്ട്രിയ, മത ചടങ്ങുകൾ, തുടങ്ങിയവയിൽ പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ.

നിരോധനാജ്ഞ ലംഘിച്ചാൽ ?

നിരോധനാജ്ഞ ലംഘിക്കുന്നത് കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാനിയമം 141 മുതൽ 149 വരെയാണ് കേസുകൾ എടുക്കുന്നത്. 144 പ്രകാരം ശിക്ഷിക്കപ്പെടുന്നവർക്ക് പരമാവധി 3 വർഷം വരെ തടവും 2500 രൂപ വരെ പിഴയും ലഭിക്കുന്നു.

നിരോധനാജ്ഞ എന്നുവരെ ?

ഇന്ന് രാവിലെ 9 മണി മുതൽ പ്രാബല്യത്തിൽ വന്ന നിരോധനാജ്ഞ ഈ മാസം 31 വരെ തുടരും. അനാവശ്യമായി ആരും പുറത്തിറങ്ങാതിരിക്കുക. കഴിയുന്നതും വീടുകളിൽത്തന്നെ കഴിയണം.


24. News 

Author
ChiefEditor

enmalayalam

No description...

You May Also Like