1203 പട്ടയങ്ങള്‍- സ്വന്തം ഭൂമി; സ്വന്തം രേഖകള്‍;വയനാട് ജില്ലയ്ക്ക് സ്വപ്ന സാഫല്യം

  • Posted on March 08, 2023
  • News
  • By Fazna
  • 110 Views

കൽപ്പറ്റ (വയനാട്): സ്വന്തം ഭൂമിയില്‍ തലചായ്ക്കാന്‍ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായതിന്റെ സന്തോഷം. ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഹാളില്‍ തിങ്ങി നിറഞ്ഞവരുടെ മുഖത്തെല്ലാം പ്രതീക്ഷകളുടെ പുതുവെളിച്ചം. ജില്ലയില്‍ നടന്ന ഏറ്റവും വലിയ പട്ടയ മേളകളിലൊന്നായി ഈ ചടങ്ങും മാറുമ്പോള്‍ ദീര്‍ഘകാലമായുള്ള സ്വപ്നം കൂടിയാണ് ഇവിടെ യാഥാര്‍ത്ഥ്യമായത്. പലരും മക്കളും ചെറുമക്കളുമായാണ് പട്ടയം വാങ്ങുന്നതിനായി ചടങ്ങിനെത്തിയത്. ഊന്നുവടിയുമായി സ്വന്തം ഭൂമിക്ക് ലഭിച്ച പട്ടയ രേഖകള്‍ വാങ്ങാനെത്തിയവരുമുണ്ട്. ആദിവാസികളും കുടിയേറ്റകര്‍ഷകരും തോട്ടം തൊഴിലാളികളുമെല്ലാമുണ്ടായിരുന്നു ഇക്കുട്ടത്തില്‍. 

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടന്ന പട്ടയമേളയില്‍ 1203 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്. 305 എല്‍.എ പട്ടയം, 508 മിച്ചഭൂമി പട്ടയം, മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള 37 കൈവശരേഖകള്‍, 353 ലാന്‍ഡ് ട്രീബ്യൂണല്‍ ക്രയ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ചടങ്ങില്‍ വിതരണം ചെയ്തത്. ഈരംകൊല്ലി കോളനിയില്‍ നിന്നും കറുത്തയും ആമയും പട്ടയം വാങ്ങാനെത്തി. മുത്തങ്ങയുടെ പ്രതിനിധികളായി നഞ്ഞിയും കൂട്ടരുമാണ് പട്ടയം വാങ്ങാനെത്തിയത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 37 പേര്‍ക്ക് കൂടി ഭൂമിക്ക് കൈവശ രേഖകള്‍ സ്വന്തമായി. തലപ്പുഴ പാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമിക്ക് പട്ടയം ലഭിച്ചവരും കൂട്ടത്തോടെയാണ് പട്ടയമേളയിലെത്തിയത്. വിവിധ കാരണങ്ങളാല്‍ പട്ടയവും കൈവശ രേഖകളും ഇതുവരെ കിട്ടാന്‍ വൈകിയവര്‍ക്ക് ഇതെല്ലാം ചരിത്ര നിമിഷമായി. പട്ടയ വിതരണത്തിനായി പ്രത്യേക കൗണ്ടര്‍ മേളയില്‍ സജ്ജീകരിച്ചിരുന്നു. വില്ലേജ് അടിസ്ഥാനത്തിലുള്ള പട്ടയ വിതരണം കാര്യക്ഷമമാക്കാന്‍ റവന്യു ജീവനക്കാരെയും വിന്യസിച്ചിരുന്നു.

ബീയ്യൂട്ടിക്ക് സ്വപ്ന സാഫല്യം

എണ്‍പത്തിയഞ്ചുകാരിയായ തേറ്റമല കള്ളിയത്ത് ബീയ്യൂട്ടി ആരോഗ്യാവസ്ഥകളൊന്നും വകവെക്കാതെയാണ് പട്ടയമേളയിലെത്തിയത്. സ്വന്തം കൈവശമുള്ള 66 സെന്റ് സ്ഥലത്തിന് ഒടുവില്‍ പട്ടയം കിട്ടുന്നുവെന്ന സന്തോഷ നിമിഷത്തില്‍ പങ്കു ചേരണം. 1965 മുതല്‍ കൈവശ രേഖയ്ക്ക് അപേക്ഷ കൊടുത്തുവരികയാണ്. ഭര്‍ത്താവ് കുഞ്ഞിമുഹമ്മദിന്റെയും സ്വപ്നമായിരുന്നു ഈ ഭൂമിക്ക് പട്ടയം കിട്ടുകയെന്നത്. 31 വര്‍ഷം മുമ്പ് ഭര്‍ത്താവ് വിടപറഞ്ഞു. അതിന് ശേഷം പിന്നെയും കാലം കഴിഞ്ഞു. ഏറ്റവും ഒടുവില്‍ രണ്ട് മാസം മുമ്പ് അനുകൂലമായ തീരുമാനം വന്നു. ഈ ഭൂമിക്ക് കൈവശരേഖ അനുവദിച്ചു. അധികം വൈകാതെ ഇപ്പോള്‍ പട്ടയവും. ഒമ്പത്  മക്കളടങ്ങുന്ന കുടുംബത്തിനും ഇത് ആഹ്ലാദ നിമിഷമായി. ബീയ്യൂട്ടിയുടെ പേര് വിളിച്ചതും അവശതകള്‍ വകവെക്കാതെ ബീയ്യൂട്ടി സ്റ്റേജിലേക്ക് കയറി. മന്ത്രി കെ,രാജനില്‍ നിന്നും പട്ടയ രേഖ കെയ്യില്‍ കിട്ടയ സമയം. സന്തോഷത്തിന്റെ ആ ആശ്ലേഷണത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് ബീയ്യൂട്ടിയും പട്ടയമേളയുടെ നിറഞ്ഞ കാഴ്ചയായി. ഒടുവില്‍ സ്വന്തം ഭൂമിയുടെ രേഖയുമായി മകന്റെ കൈപിടിച്ച് എല്ലാവരോടും യാത്ര പറഞ്ഞായിരുന്നു ബീയ്യൂട്ടിയുടെ വീട്ടിലേക്കുള്ള മടക്കം.


സ്വന്തം ലേഖകൻ 


Author
Citizen Journalist

Fazna

No description...

You May Also Like