ആറ്റുകാൽ പൊങ്കാലയ്ക്ക് സർവസജ്ജമായി അഗ്നിരക്ഷാ വകുപ്പ്. പൊങ്കാല അടുപ്പിന് സമീപം കുട്ടികളെ നിർത്തരുതെന്ന് നിർദേശം അവശ്യഘട്ടങ്ങളിൽ 101ൽ വിളിക്കാം

  • Posted on March 03, 2023
  • News
  • By Fazna
  • 169 Views

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങളൊരുക്കി അഗ്നിരക്ഷാ വകുപ്പ്. ആറ്റുകാൽ ദേവിക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റി ഔട്ടർ ഭാഗങ്ങൾ എന്നിങ്ങനെ ഉത്സവമേഖലയെ അഞ്ച് സോണുകളാക്കി തിരിച്ചാണ് പ്രവർത്തനം. തിരുവനന്തപുരം റീജണൽ ഫയർ ഓഫീസർക്ക് കീഴിൽ മൂന്ന് ജില്ലാ ഫയർ ഓഫീസർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 12 മൊബൈൽ ടാങ്ക് യൂണിറ്റുകൾ , ആറ് മിനി മൊബൈൽ ടാങ്ക് യൂണിറ്റുകൾ, 14 എഫ്ആർവികൾ, മൂന്ന് ഫോം ടെൻഡറുകൾ, എട്ട് ബുള്ളറ്റ് വിത്ത് വാട്ടർ മിസ്റ്റ് പെട്രോളിങ് ടീം, ആറ് ആംബുലൻസുകൾ എന്നിവ ഉത്സവ മേഖലകളിൽ ഉണ്ടാകും. വനിതകളുൾപ്പെടെ 130 സിവിൽ ഡിഫൻസ് വൊളണ്ടിയർമാരും ഹോം ഗാർഡ് ഉൾപ്പെടെ 300 പേരടങ്ങളുന്ന അഗ്നിശമനസേനാംഗങ്ങളേയും സേവനത്തിനായി വിന്യസിക്കും. 

സുരക്ഷിതവും അപകടരഹിതവുമായ പൊങ്കാല ഉറപ്പാക്കുന്നതിന് ഭക്തജനങ്ങൾക്കും വ്യവസായ-വ്യാപാര സ്ഥാപനങ്ങൾക്കുമായി മുൻകരുതൽ നിർദേശങ്ങൾ അഗ്നിരക്ഷാവകുപ്പ് പുറത്തിറക്കി. പൊങ്കാലസമയത്ത് , പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിലും ഗ്യാസ് ഗോഡൗണുകളിലും പ്രവർത്തനം നിർത്തിവെക്കണമെന്നാണ് നിർദേശം. വ്യാപാര സ്ഥാപനങ്ങൾക്ക് സമീപം പൊങ്കാല അടുപ്പ് ഉണ്ടാകുമെന്നതിനാൽ തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള ഇന്ധനങ്ങൾ,തടികൾ, ഗ്യാസ് സിലിണ്ടറുകൾ, ചാർക്കോൽ ഗ്രീൽ, പോപ്‌കോൺ മെഷീനുകൾ എന്നിവ സുരക്ഷിത അകലത്തിലേക്ക് മാറ്റണം. ജനറേറ്ററുകൾ പ്രവർത്തിക്കുമ്പോൾ ഇന്ധനങ്ങൾ മാറ്റി സൂക്ഷിക്കണമെന്നും ജനറേറ്റർ സംവിധാനം പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇലക്ട്രിക് വയറുകൾ, എക്‌സറ്റൻഷൻ കേബിളുകൾ എന്നിവയിൽ ലൂസ് കോൺടാക്ട്, ഇൻസുലേഷൻ കവറിംഗ് വിട്ടു പോയവ, മുറിഞ്ഞു മാറിയവ എന്നിവ ശരിയാക്കണമെന്നും നിർദേശമുണ്ട്. പൊങ്കാല അടുപ്പുകൾക്ക് സമീപം ഹൈഡ്രജൻ ബലൂണുകളുടെ വിൽപ്പന കർശനമായി ഒഴിവാക്കണം. പൊങ്കാല അർപ്പിക്കാനെത്തുന്നവർ കോട്ടൺ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കണം. അയഞ്ഞ വസ്ത്രങ്ങൾ, തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള സിന്തറ്റിക് ഫൈബർ വസ്ത്രങ്ങൾ എന്നിവ ഒഴിവാക്കണം.

സാരി, ചുരിദാർ ഷോൾ എന്നിവ അലസമായി ഇടരുത്. വസ്ത്രങ്ങളിലേക്ക് തീ പടർന്നാൽ പരിഭ്രാന്തരായി ഓടാതെ നിലത്ത് കിടന്ന് ഉരുളുന്നത് തീ അണക്കാൻ സഹായിക്കും. സമീപത്തുള്ളവർ കട്ടിയുള്ള തുണി ഉപയോഗിച്ച് പൊതിയുന്നതും തീ കെടുത്താൻ സഹായിക്കും. പൊള്ളലേറ്റാൽ തണുത്തവെള്ളം ധാര ചെയ്യണം. ആംബുലൻസിനെ വിളിക്കണം. പൊങ്കാല അടുപ്പിന് സമീപം സാനിറ്റേസർ, ബോഡി സ്‌പ്രേ, വിറക്, സഞ്ചികൾ എന്നിവ സൂക്ഷിക്കരുത്. ഗ്രൗണ്ട് പോലുള്ള സ്ഥലങ്ങളിൽ മുഖാമുഖമായി പൊങ്കാലയിടണം. അടുപ്പുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം. അഗ്നിശമന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാർഗതടസം ഉണ്ടാക്കരുത്. കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നിർത്തരുത്. അടുപ്പിന് ചുറ്റും മൂന്ന് അടിയോളം വരുന്ന ഭാഗം കിഡ് ഫ്രീ ആയി സൂക്ഷിക്കണം.

വൈദ്യുത ജനറേറ്ററുകൾ, പെട്രോൾ പമ്പുകൾ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, അപകട സാധ്യതയുള്ള മതിലുകൾ, പരസ്യ ബോർഡുകൾ, ഉണങ്ങിയ ശിഖരങ്ങൾ ഉള്ള വൃക്ഷങ്ങൾ, മറ്റ് താത്കാലിക നിർമിതികൾ എന്നിവയുടെ ചുവട്ടിലോ സമീപത്തോ അടുപ്പ് കൂട്ടരുത്.

പകൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലായതിനാൽ സൂര്യാഘോതം ഏൽക്കാതെ ശ്രദ്ധിക്കണം. നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം.അസ്വസ്ഥതകൾ ഉണ്ടായാൽ മെഡിക്കൽ ടീമിന്റെ സഹായം തേടണം. അടിയന്തരഘട്ടങ്ങളിൽ അഗ്നിരക്ഷാ സേനയുടെ സഹായത്തിനാൽ 101ൽ വിളിക്കണമെന്നും മുൻകരുതൽ നിർദേശത്തിൽ പറയുന്നു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like