മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിവഴി 1000 ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ സ്കോള ർഷിപ്പ് നൽകുന്നു

  • Posted on March 03, 2023
  • News
  • By Fazna
  • 188 Views

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിയുടെ ഭാഗമായി 2021-22 അക്കാദമിക് വർഷത്തിൽ പഠിച്ച അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം 1,000 പേർക്ക് സ്കോളർഷിപ്പായി നൽകുന്നു. വിവിധ വിഷയങ്ങളിൽ വിജയകരമായി പഠനം പൂർത്തീകരിച്ച ബിരുദ (3/4/5 വർഷ ബിരുദ കോഴ്സുകൾ) വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ www.dcescholarship.kerala.gov.in വഴി മാർച്ച് 10ന് മുമ്പ് അപേക്ഷ നൽകണം.

2021-22 അധ്യയന വർഷം അവസാന വർഷ ഡിഗ്രി ബിരുദ പരീക്ഷ വിജയിച്ചവരിൽ നിന്നും ഡിഗ്രിതല പരീക്ഷയിൽ ലഭിച്ച ആകെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരെ തെരഞ്ഞെടുക്കുന്നത്. ഡിഗ്രി/തത്തുല്യ കോഴ്സിൽ റെഗുലറായി കോഴ്സ് പൂർത്തീകരിച്ചവരിൽ 75 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചിരിക്കണം. അതത് സർവകലാശാല നിഷ്കർഷിച്ചിട്ടുള്ള ഫോർമുല ഉപയോഗിച്ച് കണക്കാക്കുന്ന ആകെ മാർക്കിന്റെ ശതമാനമായിരിക്കും സ്കോളർഷിപ്പിനായി പരിഗണിക്കുക. കേരള, കാലിക്കറ്റ്, കുസാറ്റ്, എം.ജി, കണ്ണൂർ, ആരോഗ്യ സർവകലാശാല, വെറ്ററിനറി സർവകലാശാല, കാർഷിക സർവകലാശാല, ഫിഷറീസ് സർവകലാശാല, നുവാൽസ്, സംസ്കൃത സർവകലാശാല, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല, കേരള കലാമണ്ഡലം എന്നീ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വിദ്യാർഥികളായിരിക്കണം. മെറിറ്റ് അടിസ്ഥാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചവരെയാണ് തെരഞ്ഞെടുക്കുക.

ഓരോ സർവകലാശലകളിലെയും ഡിഗ്രി വിഭാഗത്തിലെ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്കോളർഷിപ്പിന്റെ എണ്ണം പരിമിതപ്പെടുത്തും. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. ഓരോ സർവകലാശാലകളിലെയും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ വിഷയാനുസൃതമായി വെവ്വേറെയായിരിക്കും പരിഗണിക്കുന്നത്. സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഒരു വിഷയത്തിന്റെ വിവിധ സ്കീമുകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുന്നത്. ഹയർ എഡ്യൂക്കേഷൻ കൗൺസിൽ നൽകുന്ന ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെ പരിഗണിക്കില്ല. സർവകലാശാലയിലെ ഗവൺമെന്റ് / എയ്ഡഡ്/ ഓട്ടോണമസ് / സെൽഫ് ഫിനാൻസ് കോളജുകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുക. വിദ്യാർഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനകം ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് മുതലായവ അപേക്ഷിക്കുന്ന സമയത്ത് അപ് ലോഡ് ചെയ്യണം. അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: 0471-2306580, 9447096580, 9446780308.


പ്രത്യേക ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like