മാലിന്യമുക്തം നവകേരളം:കോഴിക്കോട് ജില്ലയിലെ 10 തദ്ദേശസ്ഥാപനങ്ങൾ ഹരിതമിത്രം ആപ്പ് 100% വിനിയോഗിച്ചു
- Posted on January 14, 2025
- News
- By Goutham Krishna
- 42 Views

മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളുടെ
അവലോകനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച്ച ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്പ് മുഖാന്തരം അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും
ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി ജില്ലയിലെ 10 തദ്ദേശസ്ഥാപനങ്ങൾ 100% പൂർത്തീകരിച്ചതായി യോഗം അറിയിച്ചു. കുറ്റ്യാടി, കൂരാച്ചുണ്ട്, മൂടാടി, നൊച്ചാട്, കട്ടിപ്പാറ, കൂത്താളി, വളയം, ചോറോട്, പുറമേരി, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണിവ.
ഹരിതകർമ്മസേന അംഗങ്ങൾ ഹരിത മിത്രം ആപ്പ് ഡൗൺലോഡ് ചെയ്ത് വീടുകളും കടകളും കയറിയാണ് വിവരശേഖരണം നടത്തുന്നത്.
ഖരമാലിന്യ പ്രോജക്റ്റുകളുടെ കാര്യത്തിലും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ പുരോഗതി കൈവരിച്ചിട്ടുണ്ട്. 33 തദ്ദേശസ്ഥാപനങ്ങൾ പുതിയ എംസിഎഫ് സ്ഥാപിക്കാൻ
പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
എംസിഎഫ് സ്ഥാപിക്കുന്നതിൽ ഭൂമി തർക്കവിഷയമായ 12 കേസുകൾ യോഗത്തിൽ ഉന്നയിച്ചപ്പോൾ ജില്ലാ കളക്ടർ ഇടപെട്ട് ഏഴ് എണ്ണത്തിൽ ഭൂമി അനുവദിച്ചു.
നീർച്ചാലുകൾ വീണ്ടെടുക്കുന്ന 'ഇനി ഞാനൊഴുകട്ടെ' പദ്ധതി ജില്ലയിൽ 8 തദ്ദേശസ്ഥാപനങ്ങൾ മാത്രമാണ് ഏറ്റെടുത്തത്. ഇതുവരെ 11.19 കിലോമീറ്റർ
നീർച്ചാലുകൾ ശുചീകരിച്ചു.
ജില്ലയിലെ 8 വിനോദസഞ്ചാരകേന്ദ്രൾ ഹരിത വിനോദസഞ്ചാരകേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. ജാനകിക്കാട്, ലോകനാർകാവ്,
സാൻഡ് ബാങ്ക്സ്, കുഞ്ഞാലി മരക്കാർ സ്മാരകം, സർഗാലയ, കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്, ആക്ടീവ പ്ലാനറ്റ് വേളം, പെരുവണ്ണാമുഴി എന്നിവയാണിവ.
ഹരിതസുന്ദര ടൗണുകൾ ആയി പ്രഖ്യാപിച്ചത് 23 എണ്ണമാണ്. ജില്ലയിൽ ആകെയുള്ള
27588 അയൽക്കൂട്ടങ്ങളിൽ 17631 എണ്ണം ഹരിത അയൽക്കൂട്ടങ്ങളായി. ആകെയുള്ള 12 ബ്ലോക്കുകളിൽ
തോടന്നൂർ, മേലടി, പന്തലായനി ബ്ലോക്ക് ഒഴികെ എല്ലാവരും 50 ശതമാനത്തിന് മുകളിൽ പ്രവൃത്തി നടത്തി. ഈ വിഭാഗത്തിൽ വടകര ബ്ലോക്ക് 91.51% പ്രവൃത്തി പൂർത്തിയാക്കി.
ജില്ലയിലെ 188 കലാലയങ്ങളിൽ
46 എണ്ണം ഹരിതകലാലയമായി പ്രഖ്യാപിച്ചു.
ജില്ലയിൽ ആകെയുള്ള 1528 സ്കൂളുകളിൽ 816 എണ്ണം ഹരിത വിദ്യാലയങ്ങൾ ആയി മാറി. ഇതിൽ വടകര ബ്ലോക്ക് 100% നേട്ടം കൈവരിച്ചു.
ജില്ലയിൽ 1813 സ്ഥാപനങ്ങളെയാണ് ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. ഇതിൽ ബ്ലോക്ക് തിരിച്ച് കുന്നുമ്മൽ, തോടന്നൂർ, വടകര,തൂണേരി എന്നിവരാണ് മുന്നിൽ.
എല്ലാ തദ്ദേശസ്ഥാപനങ്ങളും പൂർത്തീകരിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന്
ജില്ലാ കലക്ടർ ഓർമിപ്പിച്ചു. ഒറ്റ വാട്സ്ആപ്പ് നമ്പർ മുഖേന ഉള്ള പരാതികൾ സമയബന്ധിതമായി പരിഹരിക്കണമെന്നും കലക്ടർ നിർദേശിച്ചു. പല തദ്ദേശസ്ഥാപനങ്ങളിലും വേണ്ടത്ര ജീവനക്കാർ ഇല്ലാത്ത വിഷയം സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
പരിപാടിയിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, സബ്കലക്ടർ
ഹർഷിൽ ആർ മീണ,
ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ലിഷ മോഹൻ,
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ, തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ പൂജലാൽ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ്, മണലിൽ മോഹനൻ, തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ എന്നിവർ സംബന്ധിച്ചു.
സി.ഡി. സുനീഷ്.