കേരള വനിതാ കമ്മിഷന്‍ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

  • Posted on February 28, 2023
  • News
  • By Fazna
  • 164 Views

തിരുവനന്തപുരം: സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീസൗഹൃദ സമൂഹം വളര്‍ത്തിയെടുക്കുന്നതിനും പ്രോത്സാഹനജനകമായ തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിനുള്ള കേരള വനിതാ കമ്മിഷന്റെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ട്  മലയാളം അച്ചടി മാധ്യമം വിഭാഗത്തില്‍ തിരുവനന്തപുരം ദേശാഭിമാനി യൂണിറ്റിലെ  അശ്വതി ജയശ്രീക്കാണ് പുരസ്‌കാരം. ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസില്‍ ജോലി നേടിയ കേള്‍വി പരിമിതരായ രണ്ട് സഹോദരിമാരെക്കുറിച്ച് 2022 മാര്‍ച്ച് 30-ന് ദേശാഭിമാനിയില്‍ വന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. മികച്ച ഫീച്ചര്‍ അച്ചടി മാധ്യമം മലയാളം വിഭാഗത്തില്‍ മലയാള മനോരമ കൊല്ലം യൂണിറ്റിലെ സബ് എഡിറ്റര്‍ ശ്വേതാ എസ്. നായര്‍ക്കാണ് പുരസ്‌കാരം. ചരിത്രത്തിലാദ്യമായ തൃശ്ശൂര്‍പൂരം വെടിക്കെട്ട് ഒരു സ്ത്രീ ഏറ്റെടുത്തുനടത്തിയതുമായി ബന്ധപ്പെട്ട ഫീച്ചറിനാണ് പുരസ്‌കാരം. മികച്ച റിപ്പോര്‍ട്ട് ദൃശ്യമാധ്യമം മലയാളം വിഭാഗത്തില്‍  ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാര്‍ പുരസ്‌കാരം നേടി. കേരളത്തില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചതാണ് റിപ്പോര്‍ട്ട്. മികച്ച ഫീച്ചര്‍ ദൃശ്യമാധ്യമം മലയാളം വിഭാഗത്തില്‍ 24 ന്യൂസ് കൊച്ചി യൂണിറ്റിലെ വിനീത വി.ജി പുരസ്‌കാരത്തിന് അര്‍ഹയായി. പത്താം തരം തുല്യതാപരീക്ഷയില്‍ വിജയം നേടിയ 70 കാരിയെക്കുറിച്ചുള്ളതാണ് ഫീച്ചര്‍. മികച്ച വീഡിയോഗ്രഫി വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് കോഴിക്കോട് യൂണിറ്റിലെ ഷാജു കെ.വി.യും മികച്ച ഫോട്ടോഗ്രഫി വിഭാഗത്തില്‍ മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് പി.പി. രതീഷും പുരസ്‌കാരത്തിന് അര്‍ഹരായി. 2022 ജനുവരി മുതല്‍ ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ദി ഹിന്ദു ഡപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍, ഡോ. ജിനേഷ് കുമാര്‍ എരമം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രഫര്‍ വി. വിനോദ്, ദി ഹിന്ദു മുന്‍ ചീഫ് ഫോട്ടോഗ്രഫര്‍ രതീഷ് കുമാര്‍ എന്നിവരടങ്ങിയ ജ്യൂറിയാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് 3-ന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടക്കുന്ന അന്താരാഷ്ട്രവനിതാ ദിനാചരണത്തില്‍ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like