ശുചിത്വകേരളത്തിനായി ഒന്നിച്ച് മുന്നോട്ട്; മുട്ടത്തറ സ്വീവേജ് പ്ലാന്‍റില്‍ സന്ദര്‍ശനം നടത്തി നിയമസഭയിലെ കക്ഷിനേതാക്കള്‍

  • Posted on January 24, 2023
  • News
  • By Fazna
  • 111 Views

തിരുവനന്തപുരം: മുട്ടത്തറ സ്വീവേജ് പ്ലാന്‍റില്‍ സന്ദര്‍ശനം നടത്തി, പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി നിയമസഭയിലെ കക്ഷിനേതാക്കള്‍. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്‍റെ ക്ഷണപ്രകാരമാണ് കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലം കൈകാര്യം ചെയ്യുന്ന പ്ലാന്‍റില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തിയത്. കക്ഷിനേതാക്കളായ മന്ത്രി കെ കൃഷ്ണൻ കുട്ടി, മന്ത്രി ആന്‍റണി രാജു, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എ പി അനില്‍കുമാര്‍, കെ പി എ മജീദ്, ടി പി രാമകൃഷ്ണൻ, ഇ ചന്ദ്രശേഖരൻ, കെ കെ രമ, പ്രമോദ് നാരായണൻ, തോമസ് കെ തോമസ്, ജോബ് മൈക്കിള്‍, കെ പി മോഹനൻ, ഇ കെ വിജയൻ എന്നിവര്‍ സന്ദര്‍ശനത്തിനെത്തി.  നേതാക്കള്‍ മുട്ടത്തറ പ്ലാന്‍റിന്‍റെ വിശദാംശങ്ങള്‍ മനസിലാക്കുകയും, സംശയങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്തു. കക്കൂസ് മാലിന്യമുള്‍പ്പെടെ സംസ്കരിക്കുന്ന മാലിന്യ പ്ലാന്‍റ് ജനനേതാക്കള്‍ ചുറ്റിക്കണ്ടു. പ്ലാന്‍റിലിരുന്ന് ഭക്ഷണവും കഴിച്ചാണ് നേതാക്കള്‍ പിരിഞ്ഞത്. മാലിന്യനിക്ഷേപകേന്ദ്രം പൂങ്കാവനമാക്കി മാറ്റിയ ഗുരുവായൂര്‍ നഗരസഭയിലെ അനുഭവവും ചടങ്ങില്‍ വിശദീകരിച്ചു. മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ ഒരുക്കാൻ എല്ലാ കക്ഷികളുടെയും പിന്തുണ മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു. ഫെബ്രുവരി 4,5,6 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന 'ജിഇഎക്സ് കേരള 23' അന്താരാഷ്ട്ര ശുചിത്വ കോൺക്ലേവിന്‍റെ വിശദാംശങ്ങളും ചര്‍ച്ച ചെയ്തു.

തിരുവനന്തപുരം നഗരത്തിലെ കക്കൂസ് മാലിന്യമുള്‍പ്പെടെ മുഴുവൻ ദ്രവമാലിന്യവും കൈകാര്യം ചെയ്യുന്ന മുട്ടത്തറ പ്ലാന്‍റില്‍ യാതൊരു പ്രശ്നങ്ങളോ ദുര്‍ഗന്ധമോ ഇല്ലെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടാൻ നേതാക്കളുടെ സന്ദര്‍ശനം സഹായകരമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മുട്ടത്തറ പ്ലാന്‍റിന്‍റെ കാര്യത്തില്‍ പ്രദേശവാസികള്‍ക്ക് ആര്‍ക്കും ആക്ഷേപമില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടതാണ്. മാലിന്യ സംസ്കരണമല്ല, സംസ്കരിക്കാത്ത മാലിന്യമാണ് അപകടകരം. കേരളത്തിലെ എല്ലാ നഗരത്തിലും സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളുണ്ടാകണം. ജനവാസ കേന്ദ്രത്തില്‍ പരാതികള്‍ക്ക് ഇടനല്‍കാതെ കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന മുട്ടത്തറയിലെ പ്ലാന്‍റ് മാതൃകയാക്കണം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇത്തരം പ്ലാന്‍റുകള്‍ സ്ഥാപിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ പൊതുഗാര്‍ഹിക ജലസ്രോതസുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായി വര്‍ധിക്കുമ്പോള്‍, മലിനജല സംസ്കരണ പ്ലാന്‍റുകള്‍ അനിവാര്യമാണ്. മെയ് 31നകം സംസ്ഥാനത്ത് 10 എഫ് എസ് ടി പികള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എം ജി രാജമാണിക്യം, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ സംഘടനാ പ്രതിനിധികള്‍ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.


പ്രത്യേക ലേഖകൻ


Author
Citizen Journalist

Fazna

No description...

You May Also Like