കൊട്ടി കയറി,ദേശീയ താളവാദ്യോത്സവത്തിന് തുടക്കം.
- Posted on July 12, 2025
- News
- By Goutham prakash
- 121 Views
സി.ഡി. സുനീഷ്
കൊട്ടി കയറി വാദ്യങ്ങൾ ഓരോന്നായി മുഴക്കങ്ങളും, അതി പെരുക്കങ്ങളും മുപ്പെരുക്കങ്ങളുമായി ഇന്ത്യയിലെ പ്രഥമ ദേശീയ വാദ്യ കലാ മേള ഇടവേളകില്ലാതെ കൊട്ടി കയറി.
വൈവിധ്യമാർന്ന വാദ്യങ്ങളുടെ പ്രകമ്പനത്തിൽ തൃശൂർ സംഗീത നാടക അക്കാദമി അക്ഷരാർത്ഥത്തിൽ വാദ്യ താളങ്ങളാൽ ആവേശഭരിതമാക്കി.
മഴ പെയ്ത് തോർന്ന ദിനം ഉച്ചഭക്ഷണശേഷത്തിനു ശേഷം ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് മുങ്ങി തുടങ്ങിയ നേരം.. കൊള്ളന്നൂർ ആട്ടം കലാസമിതി ദേശീയ താള വാദ്യോത്സവത്തിൻ്റെ വേദിയിലിറങ്ങി, ശിങ്കാരി മേളത്തിന്റെ പ്രസരിപ്പ് മുഴുവൻ പ്രേക്ഷകർക്കും കൈമാറി. ശിങ്കാരി മേളത്തിൻ്റെ ഊർജ്ജം ഓരോ കാണിയെയും അക്ഷരാർത്ഥത്തിൽ ചലിപ്പിച്ചുവെന്നതാണ് വാസ്തവം. ദേശീയ താളവാദ്യോത്സവത്തിൻ്റെ ആദ്യദിനത്തിലാണ് കൊള്ളന്നൂർ ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം അര ങ്ങേറിയത്
അതിവേഗ ചലനങ്ങൾ , ചെണ്ടയിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം,വലംതലയുടെ ഗംഭീര താളം ഇവയുടെ പൊരുത്തം ആക്ടർ മുരളി തിയേറ്ററിൽ ഒരു ഇന്ദ്രജാലത്തിൻ്റെ പ്രതീതി സൃഷ്ടിച്ചു.അതിനൊപ്പം മഴയുടെ പിന്നണിയും പുറത്ത് നിന്ന് ഉയരുമ്പോൾ, ഈ താളങ്ങൾ കാതുകളെ മുഴുവൻ നിറച്ച്, മനസ്സിനെ ഉണർത്തി.
കലാകാരന്മാരുടെ ഏകോപനം, മുഖഭാവങ്ങളിലെ ആവേശം, കൈകളുടെ വേഗത ഇവയെല്ലാം ചേർന്ന് ഒരു തീവ്രമായ സംഗീതം പിറവിയെടുത്തു. ഓരോ കാണിയും ദേശീയ താളവാദ്യോത്സവത്തിലെ ശിങ്കാരിമേളത്തെ ഹൃദയം കൊണ്ടാണ് വരവേറ്റത്
വാദ്യോത്സവത്തില്‍ പെണ്‍കാലങ്ങള്‍ ഇന്ന്
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന വാദ്യോത്സവത്തിന്റെ മുഖ്യാകര്‍ഷണം സജ്ജരായ സ്ത്രീ വാദ്യകലാകാരികളുടെ പങ്കാളിത്തം തന്നെയാണ്.വാദ്യോത്സവത്തിന്റെ രണ്ടാംദിനമായ ഇന്ന് (ജൂലൈ 12 ) ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ചുമണി വരെയുള്ള സമയം ഇവരുടെ സംവാദ വേദിയാണ്.പെണ്‍കാലങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സെഷന്‍ നര്‍ത്തകിയും കലാപണ്ഡിതയുമായ ഡോ ദീപ്തി ഓംചേരി ഭല്ലയുടെ ആമുഖഭാഷണത്തോടെയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് തവിലില്‍ അമൃതവര്‍ഷിണി നയിക്കുന്ന യുവതാളതരംഗം അരങ്ങേറും .തമിഴകത്തിന്റെ ഹൃദയതാളമായ തവില്‍ വാദനമേഖലയിലെ പെണ്‍ശബ്ദമാണ് അമൃതവര്‍ഷിണി. പുരുഷകേന്ദ്രീകൃതമായ ഈ വാദ്യകലയിലേക്കുള്ള പെണ്‍ചുവടുവെപ്പിനുള്ള അംഗീകാരംകൂടിയാണ് അക്കാദമിയുടെ ഈ വേദി.ഇതിലൂടെ അക്കാദമി ശക്തമായ രാഷ്ട്രീയ സന്ദേശം കൂടിയാണ് പകര്‍ന്നു നല്‍കുന്നത്
ഒരു കാലത്ത് പുരുഷന്മാര്‍ കൈകാര്യം ചെയ്തിരുന്ന മാര്‍ഗ്ഗംകളിയിലേക്ക് സ്ത്രീകള്‍ കടന്നുവന്നത് ചരിത്രമാണ്. ഈ ചരിത്രത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് താളവാദ്യോത്സവത്തിലെ മാര്‍ഗ്ഗംകളി അവതരണത്തിലൂടെ അക്കാദമി ശ്രമിക്കുന്നത്.അഖില ജോഷിയും, സിബി പാലയും സംഘവുമാണ് വാദ്യോത്സവത്തില്‍ രണ്ടാംദിനം ഉച്ചയ്ക്ക് 2.55 മുതല്‍ മാര്‍ഗ്ഗംകളി അവതരിപ്പിക്കുന്നത്.
പുരുഷാധിപത്യം കൊടികുത്തിവാണിരുന്ന തുള്ളല്‍ മേഖലയില്‍ ലിംഗനീതിക്കായി കലയിലൂടെ പൊരുതിയ കലാകാരി കലാമണ്ഡലം ഷര്‍മിളയും സംഘവും അവതരിപ്പിക്കുന്ന തുള്ളലാണ് താളവാദ്യോത്സവത്തിലെ മറ്റൊരു പ്രത്യേക ഇനം. ഇന്ന് (ജൂലൈ 12 ന് ) വൈകുന്നേരം 3.20 ആണ് തുള്ളല്‍ അരങ്ങേറുക.
തബലവാദനത്തിലേക്ക് സ്ത്രീകള്‍ കടന്നുവരിക എന്നതുതന്നെ അപൂര്‍വ്വമാണ്. ഈ വാദ്യമേഖലയില്‍ കലാമുദ്ര പതിപ്പിച്ച മുംബൈയില്‍ നിന്നുള്ള മുക്ത രസ്‌തെയുടെ തബലവാദനവും പെണ്‍കാലത്തിലെ പ്രധാനപ്പെട്ട പരിപാടിയാണ്. വൈകുന്നേരം 3.55നാണ് മുക്ത രസ്‌തെയുടെ തബലവാദനം. ഹാര്‍മോണിയവുമായി സന്തോഷ് ഘണ്ടെ ഒപ്പം ചേരും.
ഡോ.നന്ദിനി വര്‍മ്മയും സംഘവും 4.30 ന് അവതരിപ്പിക്കുന്ന തായമ്പകയോടെയാണ് പെണ്‍കാലങ്ങള്‍ എന്ന സെഷന്‍ അവസാനിക്കുന്നത്. ചെണ്ടവാദനരംഗത്തേക്ക് സ്ത്രീകള്‍ ആരും കടന്നുവരാതിരുന്ന ഒരു കാലത്ത് സ്വയംസമര്‍പ്പിതയായി ഈ രംഗത്ത് എത്തിയ നന്ദിനിവര്‍മ്മയുടെ കലാജീവിതം കലയിലെ സ്ത്രീജീവിതത്തിന്റെ അടയാളപ്പെടുത്തല്‍ തന്നെയാണ്.
സുകന്യ രാംഗോപാലിന്റെ ഘടതരംഗം
വാദ്യോത്സവത്തിന്റെ രണ്ടാംദിനമായ ഇന്ന് (ജൂലൈ 12) രാത്രി 7.45 ന് സുകന്യ രാംഗോപാല്‍ അവതരിപ്പിക്കുന്ന ഘടതരംഗം എന്ന പരിപാടി അരങ്ങേറും. ഘടംവാദനരംഗത്തെ പ്രതിഭയാണ് സുകന്യ രാംഗോപാല്‍ .പുരുഷന്മാര്‍ അരങ്ങുവാണിരുന്ന ഘടംവാദനരംഗത്തേക്കുള്ള സുകന്യ രാംഗോപാലിന്റെ കടന്നുവരവ് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരിക്കല്‍ ഒരു കച്ചേരിയില്‍ അവര്‍ക്കൊപ്പം മൃദംഗം വായിക്കാന്‍ പുരുഷന്മാര്‍ വിസമ്മതിച്ച് വേദിയില്‍ നിന്ന് ഘടം വായിക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ട അനുഭവം സുകന്യക്കുണ്ട്. സ്ത്രീകളെമാത്രം ഉള്‍പ്പെടുത്തി സ്ത്രീതാള്‍തരംഗ് എന്ന സിംഫണി രൂപീകരിച്ച് ലോകമെമ്പാടും അതവതരിപ്പിച്ചാണ് സുകന്യ രാംഗോപാല്‍ അതിനു സര്‍ഗ്ഗാത്മകമായി മറുപടി നല്‍കിയത്.
