രാജ്യാന്തര വിപണിയില്‍ റബര്‍ വില ഉയരുന്നു, കേരളത്തിലും വിലവർദ്ധനവിനു സാധ്യത

ചൈനയടക്കമുള്ള രാജ്യങ്ങള്‍ റബര്‍ കൂടുതലായി വാങ്ങിത്തുടങ്ങിയതും ഉല്‍പ്പാദനം കുറഞ്ഞതും വിലയുയരാന്‍ കാരണമായി


രാജ്യാന്തര വിപണിയില്‍ റബര്‍ വില ഉയരുന്നു. കോവിഡിനു ശേഷം ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വ്യവസായം പൂര്‍വ സ്ഥിതിയിലായതും റബ്ബര്‍ ഉല്‍പ്പാദക രാഷ്ട്രങ്ങളില്‍ ഉല്‍പ്പാദനം തടസ്സപ്പെട്ടതുമാണ് വില ഉയര്‍ച്ചയ്ക്ക് കാരണമായത്. വില ഇനിയും ഉയരുമെന്ന സൂചനകളാണ് വിപണിയില്‍ നിന്നുള്ളത്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം കിലോഗ്രാമിന് 147 രൂപയും ഇന്ത്യന്‍ വിപണിയില്‍ 135 രൂപയുമാണ് വില.

റബര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം നിര്‍മിക്കുന്ന ചൈന ലോക്ക് ഡൗണിനു ശേഷം റബര്‍ വാങ്ങിത്തുടങ്ങിയിട്ടുണ്ട്.  ഷാങ്ഹായ് വിപണിയില്‍ വില ഓരോ ദിവസവും ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വിപണിയില്‍ റബറിന്റെ ക്ഷാമവും വില ഉയരാന്‍ കാരണമായിട്ടുണ്ട്. തായ്‌ലാന്‍ഡിലെ തുടര്‍ച്ചയായ മഴ ഉല്‍പ്പാദനത്തെ ബാധിക്കുന്നു. ലിന്‍ഫ കൊടുങ്കാറ്റിനെ തുടര്‍ന്ന് വിയറ്റ്‌നാമിലും കനത്ത മഴയാണ്. മാത്രമല്ല, തായ്‌ലാന്‍ഡിലും മലേഷ്യയിലും അടക്കം വിദഗ്ധ തൊഴിലാളികളുടെ ക്ഷാമവും റബര്‍ ഉല്‍പ്പാദനത്തെ ബാധിച്ചു.
ആഗോളതലത്തില്‍ റബര്‍ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.8 ശതമാനം കുറവുണ്ടായതായി ദി അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇതുവരെയുള്ള ഉല്‍പ്പാദനം 12.90 മില്യണ്‍ ടണ്ണാണ്.

രാജ്യാന്തര വിപണിയില്‍ ലാറ്റെക്‌സിന് ക്ഷാമം നേരിടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ വിലയിലെ വര്‍ധന തുടരാനാണ് സാധ്യത. എന്നാല്‍ ആഗോളതലത്തില്‍ കോവിഡ് വ്യാപനം തുടര്‍ന്നാല്‍ റബര്‍ വിപണിയെയും അത് ബാധിച്ചേക്കാം.

-Ad-

എഎന്‍ആര്‍പിസിയുടെ കണക്കു പ്രകാരം ആഗോള റബര്‍ ഉപഭോഗത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8.4 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 12.61 മില്യണ്‍ ടണ്ണാണ് ഈ വര്‍ഷത്തെ ഉപഭോഗം. എന്നാല്‍ വരും മാസങ്ങളില്‍ ഈ കുറവ് നികത്തപ്പെടുകയും വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഉപഭോഗത്തിലെ കുറവ് 1.8 ശതമാനമായി മാറുകയും ചെയ്യുമെന്നാണ് എഎന്‍ആര്‍പിസിയുടെ പ്രതീക്ഷ.

സെപ്തംബറില്‍ റബര്‍ വില മെച്ചപ്പെട്ടിട്ടുണ്ടെന്ന് എഎന്‍ആര്‍പിസി പറയുന്നു. ഓഗസ്റ്റിലെ വിലയില്‍ നിന്ന് ശരാശരി വില 13.8 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ബാങ്കോക്ക് വിപണിയില്‍ 5.9 ശതമാനവും കോലാലംപൂരില്‍ 4.7 ശതമാനവും കോട്ടയത്ത് 3.5 ശതമാനവും ശരാശരി വിലയുയര്‍ച്ച ഉണ്ടായി.

Dhanam News
Author
ChiefEditor

enmalayalam

No description...

You May Also Like