ഭിന്നശേഷിക്കാർക്ക് തടസ്സരഹിത ജീവിതം ഉറപ്പാക്കാൻ സാമൂഹിക നീതി വകുപ്പ്
- Posted on September 26, 2024
- News
- By Varsha Giri
- 70 Views
തടസരഹിത ജീവിതം ഭിന്നശേഷിക്കാർക്ക് ഉറപ്പു നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു പറഞ്ഞു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ തിരുവനന്തപുരം ജില്ലയിലെ ഗുണഭോക്താക്കൾക്ക് വിവിധ സഹായ ഉപകരണങ്ങളും മറ്റ് പദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തടസ്സരഹിതമായി മുന്നേറാൻ ഭിന്നശേഷിക്കാർക്ക് കഴിയണം. ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിക്കാൻ ഇവർക്ക് എല്ലാവിധ സഹായങ്ങളും പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി അറിയിച്ചു.
ഭിന്നശേഷിക്കാർക്കായുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ശുഭയാത്ര, ശ്രവൺ, കാഴ്ച, ഹസ്തദാനം തുടങ്ങിയ പദ്ധതികളിലൾപ്പെടുത്തി ഭിന്നശേഷി ഗുണഭോക്താക്കൾക്ക് വിവിധ സഹായ ഉപകരണങ്ങളും ആനുകൂല്യങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
പി. എം.ജിയിലെ കേരള സംസ്ഥാന സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. നഗരസഭാ വാർഡ് കൗൺസിലർ മേരി പുഷ്പം, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം.വി ജയഡാളി, ഭിന്നശേഷി ക്ഷേമ ബോർഡ് അംഗങ്ങൾ, സാമൂഹ്യ നീതി വകുപ്പ് ജീവനക്കാർ എന്നിവരും പങ്കെടുത്തു.