*പെരിയാർ കടുവാസങ്കേതത്തിൽ നിന്നും ജനവാസമേഖല ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും*
- Posted on October 07, 2024
- News
- By Varsha Giri
- 241 Views

പെരിയാർ കടുവാസങ്കേതത്തിൽ നിന്നും പമ്പാവാലി/ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കും. ഈ മാസം 9ന് ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ ഇക്കാര്യം പരിഗണിക്കാനായാണ് അടിയന്തിരമായി മുഖ്യമന്ത്രി യോഗം വിളിച്ചത്.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് 8.9725 ച.കി.മീ. ജനവാസമേഖല ഒഴിവാക്കി മൂന്നാർ ഡിവിഷനിൽ നിന്ന് 10.1694 ച.കി.മീ. റിസർവ് വനമേഖല പക്ഷി സങ്കേതത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശവും ദേശീയ വന്യജീവി ബോർഡ് സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുവാൻ വീണ്ടും ശുപാർശ ചെയ്യും.
യോഗത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി ശശി, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വനം വകുപ്പ് മേധാവി ഗംഗ സിംഗ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
സി.ഡി. സുനീഷ്