ചെങ്കോട്ട സ്ഫോടനം: കണ്ണികൾ പാക്കിസ്ഥാനിലേക്ക്.
- Posted on November 14, 2025
- News
- By Goutham prakash
- 20 Views
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായ ലക്നൗ സ്വദേശിനിയായ ഡോക്ടര്‍ ഷഹീന് പാക് ഭീകരൻ മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ നിരന്തര സമ്പർക്കത്തിലായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ജെയ്ഷേ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ഒരു കാർ കൂടി ഇന്ന് അന്വേഷണ സംഘം കണ്ടെത്തി. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലാണ് മാരുതി ബ്രീസ കാര്‍ കണ്ടെത്തിയത്. ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീൻ്റെ കാറാണ് കണ്ടെത്തിയത്. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരിലെ പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നായി സർക്കാർ ജീവനക്കാരടക്കം 10 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ, ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉത്ഭവം തുർക്കിയിൽ നിന്നാണെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് തുർക്കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉത്ഭവം തുർക്കിയിൽ നിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ‘ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. ഉമർ നയിച്ച ‘ഡൽഹി മൊഡ്യൂളി’ലെ ഭീകരർക്കും ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവർക്കിടയിലെ കണ്ണിയായി പ്രവർത്തിച്ചത് ഈ ‘ഉകാസ’യാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉമറും മറ്റു മൂന്ന് പേരും തുർക്കി സന്ദർശിച്ചെന്നും ടെലഗ്രാം ആപ്പ് വഴിയായിരുന്നു ‘ഉകാസ’യുമായി ഉമർ ബന്ധപ്പെട്ടതെന്നും ഡൽഹിക്കു പുറമേ, അയോധ്യയും ആക്രമിക്കാൻ പദ്ധതിയിട്ടെന്നും തുർക്കി ബന്ധമാണ് കേസിന്റെ അടിസ്ഥാനമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
