കേര പദ്ധതി കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തമാക്കാൻ ലക്ഷ്യം വെച്ചെന്ന് കൃഷി മന്ത്രി പി. പ്രസാദ്.

കേരളത്തിലെ കാർഷിക മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും കാലാവസ്ഥ വ്യതിയാനത്തിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കർഷക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി  കൃഷിവകുപ്പ്  സമർപ്പിച്ച “കേര”  (കേരളാ ക്ലൈമറ്റ് റെസിലൻ്റ് അഗ്രി-വാല്യൂ ചെയിൻ )  പദ്ധതിയ്ക്ക്  ലോകബാങ്ക് അനുമതിയായി.

സി.ഡി. സുനീഷ്

 കേരളത്തിലെ കാർഷിക മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും കാലാവസ്ഥ വ്യതിയാനത്തിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കർഷക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി  കൃഷിവകുപ്പ്  സമർപ്പിച്ച “കേര”  (കേരളാ ക്ലൈമറ്റ് റെസിലൻ്റ് അഗ്രി-വാല്യൂ ചെയിൻ )  പദ്ധതിയ്ക്ക്  ലോകബാങ്ക് അനുമതിയായി.


ഒക്ടോബർ 31ന് കൂടിയ ലോക ബാങ്കിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ  ബോർഡ് യോഗം സംസ്ഥാന കൃഷി വകുപ്പ് സമർപ്പിച്ച 2365.5 കോടി രൂപയുടെ ബ്രഹത് പദ്ധതിക്ക് അംഗീകാരം നൽകുകയും  200 മില്യൺ ഡോളറിൻ്റെ (1655.85 കോടി രൂപ) ധനസഹായം അനുവദിക്കുകയും ചെയ്തു. ഇതിൽ ആനുപാതിക സംസ്ഥാന വിഹിതം  709.65 കോടി രൂപയാണ്.  കേരളത്തിലെ കാർഷിക മേഖലയിൽ അടുത്ത 5 വർഷങ്ങളിലായി ഇതു പ്രകാരമുള്ള പദ്ധതികൾ നടപ്പാക്കും.  ഈ തുക കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്താൻ കേരളത്തിലെ കാർഷിക മേഖലയെ സഹായിക്കും.  കാലാവസ്ഥാനുപൂരകമായ കൃഷി രീതികൾ അനുവർത്തിക്കുന്നതിലൂടെ ഏകദേശം 4 ലക്ഷം കർഷകർക്ക് പ്രത്യക്ഷമായും  10 ലക്ഷം കർഷകർക്ക് പരോക്ഷമായും  പദ്ധതിയുടെ  പ്രയോജനം ലഭിക്കും. ഇതിൽ  സ്ത്രീകൾ  നടത്തുന്ന ചെറുകിട ഇടത്തരം കാർഷിക സംരംഭങ്ങൾക്കുള്ള  വാണിജ്യ സഹായമായി 9 മില്യൻ ഡോളറിന്റെ (76 കോടി രൂപ) പ്രത്യേക ധന സഹായവും ഉൾപ്പെടുന്നു. 1980 നു ശേഷം ഇതാദ്യമായാണ് കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ലോക ബാങ്ക് സഹായത്തോടെയുള്ള ഒരു സമഗ്ര പദ്ധതി തയ്യാറാകുന്നത്.

അഞ്ച് ഘടകങ്ങളായി തിരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്. 

ഘടകം 1 , കൃഷിയിലെ കാലാവസ്ഥ പ്രതിരോധവും ലഘൂകരണവും      (790.439 Cr) ആണ്..ഈ ഘടകത്തിൽ കാർഷിക പാരിസ്ഥിതിക യുണിററുകൾ  ആധാരമാക്കി കാലാവസ്ഥാ അനുരോധ കൃഷി (Climate Resilient agriculture) നടപ്പാക്കും. കർഷകർക്ക് നൂതന ഡിജിറ്റൽ  സാങ്കേതികവിദ്യകൾ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാവുന്ന രീതിയിലുള്ള വിജ്ഞാന വ്യാപന സംവിധാനം ഏർപ്പെടുത്തും.  കാലാവസ്ഥയെ പ്രതിരോധിക്കുന്ന മെച്ചപ്പെട്ട  സാങ്കേതിക വിദ്യകളും രീതികളും വികസിപ്പിക്കും.  14 ജില്ലകളിലുള്ള വിജ്ഞ്ജാന വിപുലീകരണ, സേവന ദാതാക്കളുടെയും കർഷകരുടെയും ശേഷി വികസിപ്പിക്കും ,  കാലാവസ്ഥയും കാലാവസ്ഥാ ഡാറ്റയും അടിസ്ഥാനമാക്കിയുള്ള വിള മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കും, സുസ്ഥിര നാളികേര ഉത്പാദനത്തിന് പ്രാധാന്യം നൽകും.

ഘടകം 2 ൽ മൂല്യവര്‍ധനക്കായി കാർഷിക മേഖലയിലെ ചെറുകിട സംരഭങ്ങളുടെ വാണിജ്യവത്ക്കരണം വര്‍ധിപ്പിക്കും  . ( 899.136 Cr) ഫാർമർ പ്രൊഡ്യൂസർ കമ്പനികളും പങ്കാളിത്ത അഗ്രിബിസിനസും തമ്മിലുള്ള ഉൽപാദന സഖ്യത്തിനുള്ള പിന്തുണ, റബ്ബർ, കാപ്പി, ഏലം വിളകളുടെ  പുനരുജ്ജീവനത്തിൻ്റെ ഭാഗമായി  ഭാഗിക ക്രെഡിറ്റ് ഗ്യാരന്റി വഴി ദീർഘകാല ധനസഹായം എന്നിവ ഉൾപ്പെടുന്നു. 

ഘടകം 3 ൽ കാർഷിക മേഖലയിലെ സംരഭകത്വ വികസനം ലക്ഷ്യമിടുന്നു.            ( 508.898 Cr) അഗ്രി-ഫുഡ് എസ്എംഇകൾക്കുള്ള പിന്തുണ,  അഗ്രി-ഫുഡ് മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന്  സ്റ്റാർട്ട്-അപ്പ് കൾക്കുള്ള  പിന്തുണ, കർഷക ഉൽപ്പാദന  സംഘടനകൾക്കുള്ള പിന്തുണ ,ഫുഡ് പാർക്കുകൾക്കുള്ള പിന്തുണ എന്നിവ ഉൾപ്പെടുന്നു.

ഘടകം 4 പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് 

 ഘടകം 5 കണ്ടിജന്റ് എമര്‍ജന്‍സി റെസ്പോണ്‍സ് ഘടകവും (സി.ഇ.ആര്‍.സി) കാലാവസ്ഥ ധനസഹായവും. (കാർഷിക മേഖലയിലെ  അടിയന്തര സാഹചര്യങ്ങൾ

നേരിട്ടുന്നതിന്)ഏലം, വാനില, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ മുൻനിര ഉത്പാദകരെന്ന നിലയിൽ, ഇന്ത്യയുടെ മൊത്തം കാർഷിക-ഭക്ഷ്യ കയറ്റുമതിയുടെ 20 ശതമാനവും കേരളത്തിൻ്റെ സംഭാവനയാണ്.  എന്നാൽ കാലാവസ്ഥാ വ്യതിയാനം ഈ നേട്ടങ്ങളെ തടസ്സപ്പെടുത്തുന്നു.  കാപ്പി, ഏലം,  റബ്ബർ തുടങ്ങിയ വിളകളുടെ പുനർ നടീലിനും   ഇവയുടെ ശാസ്ത്രീയ കൃഷി രീതി അവലംബിക്കുന്നതിനും പദ്ധതി തുക പ്രയോജനപ്പെടുത്തും. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ ഭക്ഷ്യ സംസ്കരണത്തിലും മൂല്യവർധിത ഉൽപന്നങ്ങളിലും  കാർഷിക സംരഭങ്ങളെ  പിന്തുണയ്ക്കുന്നതിനുള്ള "ഫുഡ് പാർക്കുകൾ" ആരംഭിക്കുന്നതിനും  കൂടുതൽ പ്രാധാന്യം നൽകും .   വെള്ളം, വൈദ്യുതി, മാലിന്യ സംസ്കരണം തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങൾ ഈ  ഫുഡ് പാർക്കുകളിൽ  ഒരുക്കുവാനും പദ്ധതിയിലൂടെ സാദ്ധ്യമാകും .

ഈ പദ്ധതിയിലൂടെ  കാർഷിക മേഖലയിലെ നിക്ഷേപം കൂടുതൽ ഊർജസ്വലമാക്കുവാനും  കാർഷിക മൂല്യ ശൃംഖലകളെ സംയോജിപ്പിക്കുവാനും  കർഷക ഗ്രൂപ്പുകളും കാർഷിക ബിസിനസ്സുകളും തമ്മിൽ ഉൽപ്പാദനപരമായ സഖ്യങ്ങൾ രൂപീകരിക്കുവാനും സഹായകരമാകും.  കൃഷിക്കൂട്ടം, കർഷക ഉല്പാദന സംഘടനകൾ വഴി കാർഷിക സംരംഭകരെ വാർത്തെടുത്ത് മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും ഇക്കാര്യത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പദ്ധതി തുക പ്രയോജനപ്പെടുത്തും. പൊതുമേഖലയുടെ സഹായം ലഭ്യമാക്കി ഉൽപാദകരും ഗുണഭോക്താക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുവാനും  അഗ്രി-ടെക് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

കാർബൺ ബഹിർഗമനം  കുറച്ചു കൊണ്ട്  നെല്ലിൻ്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും  പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ ഉദ്ദേശത്തോടെ പദ്ധതി തുകയിൽ നിന്ന് 500 കോടി രൂപ മുതൽ മുടക്കി നെൽകൃഷി പ്രോത്സാഹിപ്പിക്കും.  ഇക്കാര്യത്തിൽ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. 

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നീ  ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയ ബൃഹത്പദ്ധതിയായിരുന്നുവെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. 'ഞങ്ങളും കൃഷിയിലേക്ക്'. പരമാവധി വീടുകളിൽ കാർഷിക സംസ്കാരം തിരികെ കൊണ്ടുവരുവാനും വീടുകൾ കേന്ദ്രീകരിച്ച് സുരക്ഷിത ഭക്ഷ്യ ഉത്പാദനത്തിന് തുടക്കം കുറിക്കുവാനും ഈ ജനകീയ ക്യാമ്പയിനിലൂടെ കഴിഞ്ഞു. കാർഷിക മേഖലയിൽ ഉല്പാദന, സേവന വിപണന മേഖലയിൽ 23568 കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിന് ഇതിലൂടെ സാദ്ധ്യമായി. കൂടാതെ വിള അധിഷ്ഠിത കൃഷി രീതിയിൽ നിന്നും  വിളയിട അധിഷ്ഠിത കൃഷി രീതിയിലേക്ക് കേരളത്തിലെ കാർഷികമേഖലയെ മാറ്റുവാൻ ശ്രമിച്ചതിലൂടെ  21520 മാതൃക കൃഷിയിടങ്ങൾ വികസിപ്പിക്കുന്നതിനും കർഷക വരുമാനം ഉയർത്തുവാനും സാധ്യമായി. കൃഷിക്കൂട്ടങ്ങളുടെ കൂട്ടായ്മയിലൂടെ കാർഷിക ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവിനുള്ള ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുവാനും അടിസ്ഥാനതലത്തിൽ 150000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും  സാധ്യമായത്  സർക്കാരിന്റെ നേട്ടമായി കരുതുന്നു  .

ഈ പദ്ധതികളുടെ തുടർച്ചയായി കർഷകന്റെ സാങ്കേതിക- സാമ്പത്തിക സാമൂഹിക ക്ഷേമ സംബന്ധമായ എല്ലാ വെല്ലുവിളികളെയും പങ്കാളിത്ത രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നേരിടാനുള്ള ഒരു തുടക്കമാണ് പുതുതായി രൂപം നൽകിയിട്ടുള്ള കൃഷി സമൃദ്ധി പദ്ധതി. കൃഷിഭവൻ / തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രൂപീകൃതമായിട്ടുള്ള കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മൂന്നു ഘട്ടങ്ങളിലായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും  ഈ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്ക് ഊന്നല്‍ കൊടുത്തുകൊണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി-അനുബന്ധ വകുപ്പുകളുടെയും കൃഷിവകുപ്പിന്റെയും വിഭവ സംയോജനത്തിലൂടെ കേരളത്തിലെ 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 107 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ( Beacon LSGIs ) ഒരു സമഗ്ര കർമ്മപദ്ധതിയായാണ്  (Comprehensive Agricultural Development Mission Programme) പദ്ധതി  നടപ്പാക്കുന്നത്. ആദ്യഘട്ടത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തികരിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി കഴിഞ്ഞു. ഘട്ടം ഘട്ടമായി  ഇതര തദ്ദേശ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പങ്കാളിത്ത രീതിയിൽ അതതു തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ മൈക്രോപ്ലാൻ തയ്യാറാക്കി അവയ്ക്ക്  ജില്ലാ, സംസ്ഥാന തലങ്ങളിൽ പിന്തുണ നൽകിക്കൊണ്ട് സാധ്യമായ എല്ലാ വിഭവങ്ങളും സംയോജിപ്പിച്ചുകൊണ്ടും അനുകരണീയ മാതൃകകൾ സൃഷ്ടിച്ചുകൊണ്ടുമാണ് പദ്ധതി നടത്തിപ്പ് .

പഴം പച്ചക്കറി വിളകളിൽ സ്വയംപര്യാപ്തത , കർഷകരുടെ സ്ഥായിയായ സാമ്പത്തിക ഉന്നമനം , ഉന്നത മൂല്യ വിളകളുടെ കൃഷി പ്രോത്സാഹനം, യുവതയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കൽ എന്നിവയോടൊപ്പം  സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷ്യോല്‍പാദനവും ലക്ഷ്യമായി കണക്കാക്കുന്നു. ഇതിനായി കൃഷിസമൃദ്ധി പദ്ധതിയിൽ പോഷകസമൃദ്ധി മിഷൻ, ജൈവ കാർഷിക മിഷൻ എന്നിവയെ ഫലപ്രദമായി സംയോജിപ്പിച്ച് നടപ്പിലാക്കും.  പ്രകൃതി വിഭവ പരിപാലനത്തിലൂടെ കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളെ ലഘൂകരിക്കുക, കാർഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക,  കാർഷിക സംരഭകത്വ വികസനം FIG-FPO-Agri Business Consortium  and Agri Startup Linkage വഴി സാദ്ധ്യമാക്കുക , കാർഷിക വിളകളുടെ കയറ്റുമതി  ഇതിനായി രൂപീകരിച്ചിരിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനി വഴി നടത്തുവാൻ കർഷകരെ പ്രാപ്തരാക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യങ്ങളിൽ ഉൾപ്പെടും.

ഓരോ തദ്ദേശ ഭരണ സ്ഥാപന തലത്തിലും കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമുള്ള പങ്കാളിത്ത സമീപനമാണ് പദ്ധതിയിൽ ഉപയോഗിക്കുന്നത്.  വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ പ്രാദേശികവൽക്കരിച്ച ‘ഉത്പാദന വിപണന മൈക്രോ പ്ലാനുകൾ' വികസിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഓരോ കൃഷിഭൂമിയെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ‘കതിർ സോഫ്റ്റ്‌വെയർ ‘ വഴി ശേഖരിച്ച് അതിൻറെ അടിസ്ഥാനത്തിലാണ് ഉൽപാദന വിപണന പ്ലാനുകൾ  തയ്യാറാക്കുന്നത്.  

തദ്ദേശഭരണ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി വാർഡ് തലത്തിൽ കൃഷിക്കൂട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് പദ്ധതിയിൽ പ്രാമുഖ്യം നൽകുക.  ഇതിനായി കൃഷിക്കൂട്ടങ്ങളെ തദ്ദേശ ഭരണ സ്ഥാപന തലത്തിൽ  ഫെഡറേറ്റ് ചെയ്യുവാനുള്ള ഉത്തരവ് നൽകി കഴിഞ്ഞു. ഉൽപാദന സേവന വിപണന മേഖലയിലെ ശാക്തീകരിക്കപ്പെട്ട ഈ കൃഷിക്കൂട്ടങ്ങളെ ഉൾപ്പെടുത്തി കർഷക ഉത്പാദന സംഘടനകൾ  (എഫ് പി ഒ) രൂപീകരിക്കുകയും ഇവയെ ദ്വിതീയ കാർഷിക മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കും വിധം   ബ്ലോക്ക് / പഞ്ചായത്തു തലത്തിൽ പിന്തുണച്ച്    കർഷക വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാണ് പദ്ധതിയിൽ കീഴിൽ ശ്രമിക്കുന്നത്. 

സമഗ്ര പച്ചക്കറി ഉല്പാദന യജ്ഞം.മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയും  ജനകീയ  പങ്കാളിത്തത്തോടെയും  കേരളത്തെ പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തയിലെത്തിക്കുവാൻ  ലക്ഷ്യമിടുന്നു.  ഇതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിവിധ  വകുപ്പ് മന്ത്രിമാരുടെ ഒരു യോഗം ചേരുകയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.   കൃഷി വകുപ്പിൻ്റെ  നേതൃത്വത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി ഉല്പാദന  യജ്ഞം  ജനുവരി 1 ന് ആരംഭിക്കും.    ഗുണ മേന്മയുള്ളതും  വിഷരഹിതവുമായ പച്ചക്കറികൾ  കേരളത്തിൽ തന്നെ ഉല്പാദിപ്പിക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള  പരിപാടിയായാണ്  'സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം '  നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പച്ചക്കറികളിൽ മാരകമായ തോതിൽ കീടനാശിനി പ്രയോഗം ഉള്ളതായും ഇത് സുരക്ഷിത ഭക്ഷണം എന്ന കേരളത്തിന്റെ  ലക്ഷ്യത്തിന് തടസ്സം സൃഷ്ടിക്കുന്നതായും മാരക രോഗങ്ങൾക്ക് കാരണമാകുന്നതായും  ഉള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പച്ചക്കറിയുടെ  ഉത്പാദനത്തിൽ സ്വയംപര്യാപ്ത നേടുവാൻ "ഞങ്ങളും കൃഷിയിലേക്ക്"  എന്ന ജനകീയ ക്യാമ്പയിന്റെ തുടർ പദ്ധതിയായി  'സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം'  ആസൂത്രണം ചെയ്തിരിക്കുന്നത്. 

നിലവിൽ കൃഷി വകുപ്പ് 17.21 ലക്ഷം മെടിക് ടൺ പച്ചക്കറിയാണ് ഉല്പാദിപ്പിക്കുന്നത്. 7 ലക്ഷം മെട്രിക് ടൺ  പച്ചക്കറി ഇതര സംസ്ഥാനത്തിൽ നിന്നും എത്തുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്.  കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറിയുടെ അളവ് 25 ലക്ഷം മെട്രിക് ടൺ ആയി 5 വർഷം കൊണ്ട് ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.  കൃഷിസമൃദ്ധി പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്നതിനാൽ  ഘട്ടം ഘട്ടമായി പച്ചക്കറിയിൽ സ്വയം പര്യാപ്തത നേട്ടുവാനും  സുരക്ഷിത പച്ചക്കറി ജനങ്ങളിലേക്ക് എത്തിക്കുവാനും പച്ചക്കറിയുടെ ഉപഭോഗം വർദ്ധിപ്പിക്കുവാനും പദ്ധതിക്ക് സാധ്യമാകും. കൃഷിവകുപ്പ് നിലവിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ജൈവകാർഷിക മിഷനും  പോഷക സമൃദ്ധി മിഷനും സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞത്തിന് വേഗത നൽകും.  പദ്ധതി നടത്തിപ്പിൽ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്.    കുടുംബശ്രീ,  തൊഴിലുറപ്പു പദ്ധതി, ഹരിത കർമ്മസേന, റെസിഡന്റ്‌സ് അസോസിയേഷനുകൾ , സഹകരണ സംഘങ്ങൾ , സ്കൂളുകൾ, കോളേജുകൾ , യുവജന ക്ലബുകൾ , ഇതര  സന്നദ്ധ സംഘടനകൾ, തുടങ്ങിയവർ പദ്ധതിയുടെ  ഭാഗമാകും. പദ്ധതി നടത്തിപ്പിനായി സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികളെ  ഉൾപ്പെടുത്തി  ഒരു TASK FORCE  രൂപീകരിക്കും . താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും / നടപ്പിൽ വരുത്തുന്നതിനും  തദ്ദേശ സ്ഥാപന തലത്തിൽ സമിതികൾ രൂപീകരിക്കും ഓരോ വകുപ്പും ചെയ്യേണ്ടുന്ന / ഏറ്റെടുക്കേണ്ടുന്ന പ്രവർത്തികൾ സംബന്ധിച്ച കൃത്യമായ മാർഗ രേഖ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കും. പദ്ധതിയുടെ  വിജയകരമായി നടത്തിപ്പിനാവശ്യമുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കും .

നവോഥാൻ പദ്ധതി 

കേരളം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട  പ്രശ്നമാണ് കൃഷിഭൂമിയുടെ ലഭ്യത കുറവ്. കാർഷിക മേഖലയിലേക്ക് ഇറങ്ങുവാൻ ഉദ്ദേശിക്കുന്ന യുവാക്കൾക്ക് കൃഷി  ചെയ്യുവാൻ ആവശ്യമായ ഭൂമി പലപ്പോഴും ലഭ്യമാകുന്നില്ല. എന്നാൽ വിവിധ സ്ഥാപനങ്ങളുടെ പക്കലും സ്വകാര്യവ്യക്തികളുടെ പക്കലും ധാരാളം  കൃഷിയോഗ്യമായ ഭൂമി ഉണ്ട്. പല കാരണങ്ങളാൽ ഇത് അവർ കൃഷി ചെയ്യുവാനായി നൽകാതെ തരിശിട്ടിരിക്കുന്നു. ഈ ഭൂമി ഭൂഉടമകൾക്കും കർഷകർക്കും  ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ഏറ്റെടുത്ത് കൃഷി ചെയ്യിക്കുവാനായി സർക്കാർ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് നവോത്ഥാൻ പദ്ധതിയും ക്രോപ്പ് കൾട്ടിവേറ്റേഴ്സ് കാർഡും. നവോത്ഥാൻ പദ്ധതി ഉത്തരവായി കഴിഞ്ഞു. ക്രോപ്പ് കൾട്ടിവേറ്റേഴ്സ് കാർഡ് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമമാക്കുവാനുള്ള  നടപടികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ മൊത്തം കൃഷി ഭൂമിയിൽ ഏകദേശം 103,334 ഹെക്ടർ ഭൂമി തരിശായി നിലനിൽക്കുന്നുണ്ടെന്നു കാണിക്കുന്നു. ഇതിൽ 50,000 ഹെക്ടർ ഭൂമി അടുത്ത വർഷങ്ങളിൽ കൃഷിയോഗ്യമാക്കി മാറ്റാൻ സാധിച്ചാൽ, സംസ്ഥാനത്തിന്റെ പഴം, പച്ചക്കറി ഉൽപാദനത്തിൽ ഗണ്യമായ വർധനവ് ഉണ്ടാക്കുകയും കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യാൻ കഴിയും. തരിശുഭൂമികളും ഇടവിളകൃഷിക്ക് ഉപയോഗിക്കാവുന്ന പ്രദേശങ്ങളും ഘട്ടം ഘട്ടമായി സമർപ്പിച്ച്, ആധുനിക കൃഷിരീതികൾ ഉപയോഗിച്ച് ഉൽപാദനവും കാർഷിക വരുമാനവും വർധിപ്പിക്കുകയാണ് New Agriculture Wealth Opportunities – Driving Horticulture Agribusiness Networking (NAWO-DHAN) .

കൃഷിയോഗ്യമായ തരിശുനിലങ്ങൾ ചെറുകിട-വാണിജ്യ കര്‍ഷകര്‍, കർഷകസംഘങ്ങൾ, FPOകൾ, കൃഷിക്കൂട്ടങ്ങൾ എന്നിവർക്കായി ലഭ്യമാക്കുകയും, അവർക്കു ആവശ്യമായ ഉൽപാദന ഉപകരണങ്ങളും സാങ്കേതിക മാർഗ്ഗനിർദേശങ്ങളും നൽകി ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉൽപാദനം ഏകദേശം 30 ലക്ഷം മെട്രിക് ടണ്ണിലേക്കും, പഴവർഗ്ഗങ്ങളുടെ ഉൽപാദനം ഏകദേശം 45 ലക്ഷം മെട്രിക് ടണ്ണിലേക്കും ഉയർത്താൻ കഴിയും. ഈ പദ്ധതിയിലൂടെ കര്‍ഷകരുടെ വരുമാനം ഏകദേശം 3000 കോടിയോളം വർധിക്കുകയും, 25 ലക്ഷത്തോളം തൊഴിലുദിനങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

കൃഷിയോഗ്യമായ ഭൂമി ചെറുകിട-വാണിജ്യ കര്‍ഷകര്‍, കർഷകസംഘങ്ങൾ, FPOകൾ, കൃഷിക്കൂട്ടങ്ങൾ എന്നിവർക്കായി ഭൂവുടമകൾ കരാർ അടിസ്ഥാനത്തിൽ കൃഷിക്ക് വിട്ടുകൊടുക്കുന്നു. നിലവിലെ നിയമപ്രകാരം പാട്ടക്കൃഷി അനുവദനീയമല്ലാത്തതിനാൽ, ഇതിന് സർക്കാർ ഒരു സേവനതല കരാറിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാതെ തന്നെ കൃഷിയ്ക്കായി ഭൂമി നൽകപ്പെടുന്നു. ഭൂവുടമകൾക്ക് ഇതുവഴി ഒരു സ്ഥിരമായ വരുമാനവും കൂടുതൽ തൊഴിലുദിനങ്ങളും ലഭിക്കും.

പദ്ധതിയിൽ പങ്കാളികളാകുന്നതിന് സർക്കാർ കർഷകരിൽ നിന്നും ഭൂവുടമകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഇതുവരെ 22 ഭൂവുടമകൾ 1142 ഏക്കർ ഇടവിളകൃഷി ഉൾപ്പെടെ ആകെ 1600 ഏക്കർ കൃഷിയോഗ്യമായ ഭൂമിക്കായി താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ NAWO-DHAN പദ്ധതിയിലേക്ക് തങ്ങളുടെ ഭൂമി നൽകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ഭൂമികളെ ഉപയോഗപ്പെടുത്തി പൈലറ്റ് പദ്ധതി നടപ്പാക്കും. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലുള്ള ഭൂമികൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നു. കൂടാതെ 149 കര്‍ഷകര്‍ താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. താത്പര്യപത്രം സമർപ്പിച്ചവരിൽ നിന്ന് അനുയോജ്യരായ കർഷകരെ തിരഞ്ഞെടുക്കുന്നതിനായി 60% സാങ്കേതിക യോഗ്യതയും 40% സാമ്പത്തിക യോഗ്യതയും അടിസ്ഥാനമാക്കിയുള്ള QCBS മാതൃകപ്രകാരം Request for Proposal (RFP) തയാറാക്കി വരുന്നു.

രണ്ടു രീതികളിലും ഭൂരഹിതർക്കും കൃഷിഭൂമി ഇല്ലാത്തവർക്കും കാർഷികവൃത്തിയിൽ  ഏർപ്പെടുവാൻ സാധ്യമാകും . കേരള കോ-ഓപ്പറേറ്റീവ് കർട്ടിവേറ്റർ ആക്ട്  11 മാസത്തിൽ വിളവെടുപ്പ് പൂർത്തീകരിക്കുന്ന വിളകൾക്ക് മാത്രമായിരിക്കും പ്രയോജനപ്പെടുക. അതിനാൽ സീസൺ കൃഷിക്ക് ഈ  കാർഡിനെ പ്രയോജനപ്പെടുത്താം.  എന്നാൽ ഒരു വർഷത്തിലധികം സമയം വേണ്ടിവരുന്ന വിളകൾക്കും കൂടുതൽ കാലത്തേക്ക് കൃഷിയിൽ ഏർപ്പെടുവാൻ താല്പര്യമുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ SLA - സർവ്വീസ് ലവൽ എഗ്രിമെന്റ്    ( പരസ്പരധാരണ പ്രകാരം )   കൃഷിഭൂമി ഏറ്റെടുക്കാവുന്ന രീതിയിലാണ് നവോത്ഥാൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ട് രീതിയിലും സർക്കാർ ആനുകൂല്യങ്ങൾ,  ബാങ്കിൽ നിന്നുള്ള ലോൺ തുടങ്ങിയവയ്ക്ക് കർഷകർക്ക്  അർഹത ഉണ്ടായിരിക്കും. കൃഷിഭൂമി കൈമാറ്റത്തിൽ ഭൂഉടമയ്ക്കും കർഷകനും പൂർണ്ണമായ നിയമപരിരക്ഷ  ഉറപ്പാക്കുന്ന രീതിയായ കൾട്ടിവേറ്റർ കാർഡ് കൂടി നടപ്പാക്കുമ്പോൾ  ബോധപൂർവ്വം  കൃഷി ചെയ്യാതെ   തരിശു ഇടുന്ന   ഭൂ ഉടമകളെ കണ്ടെത്തി നിയമത്തിൻ്റെ പരിരക്ഷയിൽ അവരെക്കൊണ്ട് കൃഷി ചെയ്യിക്കാനാകും. കൂടാതെ സ്വന്തമായി കൃഷി ചെയ്യുവാൻ തയ്യാറല്ലാത്ത ഉടമകളുടെ ഭൂമി കണ്ടെത്തി  കൾട്ടിവേറ്റർ  കാർഡ് വഴി ഏറ്റെടുത്തു കൃഷി ചെയ്യിക്കുവാനായി നൽകുവാനും സാധ്യമാകും.


Author
Citizen Journalist

Goutham Krishna

No description...

You May Also Like