ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, ഇത് 'സന്തോഷത്തിന്‍റെ നാട് '

സംസ്കാരം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും ഏറെ മുന്നിട്ടു നില്‍ക്കുന്ന ഭൂട്ടാനെ 'സന്തോഷത്തിന്‍റെ ദേശം' എന്ന് ഓമനപ്പേര് വിളിക്കുന്നത്

ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വീസ വേണ്ടാത്ത രാജ്യങ്ങളിലൊന്നാണ് നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാന്‍. പെര്‍മിറ്റും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെങ്കില്‍ ഭൂട്ടാന്‍ കണ്ടു വരാം. സംസ്കാരം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും ഏറെ മുന്നിട്ടു നില്‍ക്കുന്ന ഭൂട്ടാനെ 'സന്തോഷത്തിന്‍റെ ദേശം' എന്ന് ഓമനപ്പേര് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും. ഹിമാലയത്തിനരികില്‍ സ്ഥിതിചെയ്യുന്ന ഭൂട്ടാന്‍ ലോകത്തില്‍ ഇന്ന് നിലവിലുള്ള അവസാനത്തെ പൂര്‍ണ്ണ ബുദ്ധമത രാജ്യമാണ്. 

ആദ്യമായി ഭൂട്ടാന്‍ യാത്രക്ക് ഒരുങ്ങുകയാണോ? അതിനു മുമ്പ് നിര്‍ബന്ധമായും അറിയേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഏറ്റവും മികച്ച സമയം

വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാന്‍ പറ്റുന്ന കാലാവസ്ഥയാണ് ഭൂട്ടാനില്‍ ഉള്ളത്. എന്നാലും ആഗസ്ത് മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങള്‍ ഭൂട്ടാനിലേക്കുള്ള യാത്രക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. സുഖകരമായ കാലാവസ്ഥയാണ് ഈ സമയത്ത്. ട്രെക്കിങ് പോലെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് നല്ലത്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് താഴ്‌‌‌വര പൂത്തുനിൽക്കുന്ന മാർച്ച്, മെയ് മാസങ്ങളിൽ യാത്ര പ്ലാന്‍ ചെയ്യാം. 

ബജറ്റ് എത്രയാകും?

ഇന്ത്യക്കും ചൈനക്കുമിടയില്‍ സ്ഥിതിചെയ്യുന്ന ഭൂട്ടാന്‍, വർഷം മുഴുവനും നിരവധി സന്ദർശകരെ ആകർഷിക്കുന്നു. ഇന്ത്യയില്‍ നിന്നും പോയി വരാന്‍ അധികം ചെലവില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ട് തന്നെ ബാക്ക് പാക്കര്‍മാര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരിടം കൂടിയാണ് ഇവിടം. ഓരോ ടൂറിസ്റ്റ് സീസണിലും വ്യത്യസ്ത നിരക്കുകളില്‍ ഭൂട്ടാന്‍ സർക്കാർ ഒരു ടൂറിസ്റ്റ് ഫീസ് ഈടാക്കുന്നുണ്ട്. ഇതില്‍, സുസ്ഥിര ടൂറിസം വികസനത്തിനായി വേണ്ടിവരുന്ന ചെലവുകളും ആഭ്യന്തര നികുതികളും ഉൾക്കൊള്ളുന്നു.

ദൈനംദിന ചെലവുകളിൽ ഭക്ഷണം, താമസം, വിവിധ ടൂറിസ്റ്റ് ഹോട്ട്‌ സ്പോട്ടുകളിലേക്കുള്ള പ്രവേശന ഫീസ്, ഗതാഗതം, ഗൈഡ്/ ഡ്രൈവർ എന്നിവ ഉൾപ്പെടുന്നു. ഭൂട്ടാനിലേക്കുള്ള ഒരു പതിവ് യാത്രയ്ക്ക് ഒരാൾക്ക് ഏകദേശം 15000 മുതൽ 20000 രൂപ വരെയാണ് സാധാരണ ചെലവ് വരുന്നത്. ഗ്രൂപ്പായി പോവുകയാണെങ്കില്‍ ചെലവ് കുറയും. 

സീസൺ സമയങ്ങളിൽ താമസത്തിനും ഭക്ഷണത്തിനും ചെലവാകുന്നതിന്‍റെ പകുതി മാത്രമേ സീസൺ അല്ലാത്ത ഡിസംബർ മുതൽ ജനുവരി വരെയും ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലും ചിലവ് വരികയുള്ളൂ. 

താമസ സൗകര്യം

താമസ സൗകര്യങ്ങളുടെ കാര്യത്തില്‍ ഒരു കുറവും ഭൂട്ടാനില്‍ ഇല്ല. റിസോർട്ടുകൾ, ഹോട്ടലുകൾ, ഫാം സ്റ്റേകൾ, ഹോംസ്റ്റേകൾ തുടങ്ങി ഭൂട്ടാൻ ടൂറിസം കൗൺസിൽ അംഗീകരിച്ച നിരവധി ഓപ്ഷനുകള്‍ ഭൂട്ടാനിലും പരിസരത്തുമുണ്ട്. അധികം ചിലവില്ലാതെ ബാക്ക്പാക്കര്‍മാര്‍ക്ക് സുഖമായി താമസിക്കാന്‍ പറ്റുന്ന ഇടങ്ങളും നിരവധിയാണ് ഇവിടെയുള്ളത്.  വെറും 500 രൂപ മുതല്‍ പതിനായിരങ്ങള്‍ വരെയുള്ള റൂമുകള്‍ ഇവിടെ ലഭിക്കും.

എങ്ങനെയാണ് പെര്‍മിറ്റ്‌ ലഭിക്കുക?

ഭൂട്ടാന്‍ യാത്രക്ക് പെര്‍മിറ്റ്‌ എടുക്കാന്‍ രണ്ടു വഴികളാണ് ഉള്ളത്. ഒന്നാമത്തേത്, ഭൂട്ടാന്‍ ടൂറിസം വകുപ്പിന്‍റെ www.tourism.gov.bt എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി പെര്‍മിറ്റ്‌ എടുക്കാം. 

രണ്ടാമത്തെ മാര്‍ഗ്ഗം ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയായ ഫുവന്‍റ്ഷോലിംഗിലുള്ള ഇമിഗ്രേഷന്‍ ഓഫീസില്‍ നേരില്‍ ചെന്ന് പെര്‍മിറ്റ്‌ എടുക്കാം. വെറും 20 മിനിട്ടിനുള്ളില്‍ പെര്‍മിറ്റ്‌ ലഭിക്കും. ശനി,ഞായര്‍ ദിവസങ്ങള്‍ അവധിയാണ് എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും!

ഭൂട്ടാനിലെ ഏകദേശം എല്ലാ ഹോട്ടലുകളിലും വൈഫൈ സൗകര്യം ലഭ്യമാണെങ്കിലും വേഗതയുള്ള നെറ്റ് വേണമെങ്കില്‍ പ്രീപെയ്ഡ് സിം കാർഡ് എടുക്കുന്നതാണ് ഉത്തമം. പ്രധാന സ്ഥലങ്ങളില്‍ മാത്രമേ എടിഎമ്മുകൾ ഉള്ളൂ. എന്നാല്‍, ടൂറിസ്റ്റുകള്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടക്കാനുള്ള സൗകര്യങ്ങൾ ഭൂരിപക്ഷം ഇടങ്ങളിലുമുണ്ട്. പുകയില ഉത്പന്നങ്ങളുടെ വില്പനയും വാങ്ങലും നിരോധിക്കുകയും പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ലംഘിച്ചാല്‍ പിഴ നല്‍കേണ്ടി വരും. ചൊവ്വാഴ്ചകളിൽ മദ്യം ലഭിക്കില്ല. ബുദ്ധമത കേന്ദ്രങ്ങളുടെയും ക്ഷേത്രങ്ങളുടെയുമൊക്കെ ചിത്രങ്ങൾ പകർത്തുമ്പോൾ അനുമതിയുണ്ടോ എന്ന് അന്വേഷിക്കുക.

കടപ്പാട് 

ലിംഗ്മല വെള്ളച്ചാട്ടം

Author
Sub-Editor

Sabira Muhammed

No description...

You May Also Like