മുഹബ്ബത്തിന്റെ മുട്ടായിക്കുപ്പി
- Posted on July 24, 2021
- Ezhuthakam
- By Swapna Sasidharan
- 450 Views
പഞ്ചാര കൂടിയ വകയിൽ ബീരാൻ നടക്കണോ കിടക്കണോയെന്ന് ഉവൈസലി ഡോക്ടർ തീർപ്പു പറഞ്ഞാലുമില്ലെങ്കിലും ബീരാന്റെയും കൂട്ടരുടെയും മുഹബ്ബത്ത് നിറച്ചുവച്ച ഒന്നാന്തരം മുട്ടായിക്കുപ്പികൾ നമുക്ക് കാണാതെ പോകാനാവില്ല.

പഞ്ചാര അധികമായി ആശുപത്രിക്കിടക്കയിൽ കിടക്കുന്ന ബീരാൻ പറഞ്ഞ കഥ കേൾക്കുകയായിരുന്നു കഴിഞ്ഞ രണ്ടു ദിവസവും. നല്ല അസ്സൽ മുട്ടായിക്കുപ്പിയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന മുഹബ്ബത്തിന്റെ കഥ. ബീരാനും, ഉമ്മു സുഹ്‌റയും, ഖാദറും, ജമീലയും, നൂർജഹാനും, നദീറയും മുന്നിൽ വന്നു നിന്നു പറയുന്ന, ഏതു മുട്ടായി എന്നറിയാനാവാത്ത മധുരം കിനിയുന്ന ഒരുപാടു മുട്ടായികൾ ഇട്ടു വച്ചിട്ടുണ്ട് ഈ മുഹബ്ബത്തിന്റെ മുട്ടായിക്കുപ്പിയിൽ. പറഞ്ഞു വന്നത് ശ്രീ എം കെ മീരാൻ കുറ്റിപ്പള്ളത്തിന്റെ 'മുഹബ്ബത്തിന്റെ മുട്ടായിക്കുപ്പി ' എന്ന പുസ്തകത്തേക്കുറിച്ചാണ്.
മുട്ടായി വായിലിട്ടു അതിന്റെ രുചി നുണഞ്ഞു മെല്ലെ അലിയിച്ചു വേണം തിന്നാൻ എന്ന് പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. കടയിൽ പോകുമ്പോൾ അവിടിരിക്കുന്ന സ്‌ഫടിക ജാറിനുള്ളിലെ പലവർണ്ണങ്ങളിലുള്ള മുട്ടായികൾ കൊതിപ്പിക്കുന്ന ഓർമ്മകളാണ്. ഓറഞ്ച് നിറത്തിലുള്ള കടലാസ്സിൽ പൊതിഞ്ഞ ഓറഞ്ചിന്റെ രുചിയുള്ള മുട്ടായി, ദീർഘ ചതുരാകൃതിയിൽ പച്ച, ഓറഞ്ച്, വെള്ള യും കടലാസ്സിൽ പൊതിഞ്ഞ പൈൻ ആപ്പിൾ മുട്ടായി, തേൻ മുട്ടായി, പിന്നെ മ്മടെ തെങ്കാശിപ്പട്ടണത്തിൽ സംയുക്ത കഴിച്ചു ഫേമസ് ആക്കിയ നാരങ്ങാ മുട്ടായി അങ്ങനെ എന്തെല്ലാം. പഞ്ചാര കൂടിയ വകയിൽ ബീരാൻ നടക്കണോ കിടക്കണോയെന്ന് ഉവൈസലി ഡോക്ടർ തീർപ്പു പറഞ്ഞാലുമില്ലെങ്കിലും ബീരാന്റെയും കൂട്ടരുടെയും മുഹബ്ബത്ത് നിറച്ചുവച്ച ഒന്നാന്തരം മുട്ടായിക്കുപ്പികൾ നമുക്ക് കാണാതെ പോകാനാവില്ല.മുട്ടായി ഉറുമ്പ് കൊണ്ടുപോയാലും, മനുഷ്യൻ തിന്നു പഞ്ചാര കേറിയാലും പ്രശ്നമാണ് എന്നപോലെയാണ് പ്രണയത്തിന്റെ കാര്യവും -കൂടിയാലും കുറഞ്ഞാലും പ്രശ്‍നം.
നല്ല അസ്സൽ പാലക്കാടൻ ശൈലിയിൽ ഗ്രാമീണാന്തരീക്ഷത്തിൽ പറഞ്ഞു പോകുന്ന ഒരു പ്രണയകഥയാണ് 'മുഹബ്ബത്തിന്റെ മുട്ടായിക്കുപ്പി '. അധികം ഏച്ചുകെട്ടലുകളില്ലാതെ സരളമായി, അതീവ സരസമായി പറഞ്ഞു തരികയാണ് കഥാകാരൻ. നാട്ടിൻപുറത്തെ ഒരു കൂടിയിരിപ്പ് സ്ഥലം, അവിടെ പറഞ്ഞു പോകുന്ന തരം തമാശകൾ, പിന്നെ ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന കൊച്ചു കൊച്ച് ട്വിസ്റ്റുകൾ അങ്ങനെ എല്ലാത്തരം സംഗതികളുടെയും ആകെത്തുകയാണ് ഈ പുസ്തകം.
ഏവരുടെയും പ്രണയം അതാതിന്റെതായ ശൈലിയിൽ മുന്നോട്ടു പോകുന്നതിനിടയിൽ, ഒരു പ്രധാന ഭാഗത്തു പറഞ്ഞു പോയിരിക്കുന്ന ത്രില്ലിംഗ് ആയൊരു സംഗതിയുണ്ട്. ആശയം വികസിപ്പിച്ചാൽ അത്യാവശ്യം നല്ലൊരു ത്രില്ലെർ സ്റ്റോറിയാക്കാവുന്ന ഒരു പോയിന്റ് ഈ കഥയ്ക്കുള്ളിലുണ്ട്.
സാധാരണ ഗതിയിൽ മരണം കാത്തുകിടക്കുന്നൊരാൾ അയാളുടെ കഴിഞ്ഞകാലത്തേക്ക് പോയാലും, എങ്ങനെയായാലും, സങ്കടമാകും ആദ്യം തോന്നുന്ന വികാരം. എന്നാൽ നർമ്മവും, ട്വിസ്റ്റുമൊക്കെ കൂട്ടിയിണക്കി കഥ പറഞ്ഞു പോയതുകൊണ്ട് അവസാനം വരെ വായനക്കാരെ പിടിച്ചിരുത്താൻ കഴിഞ്ഞിട്ടുണ്ട്.
രചന : എം കെ മീരാൻ കുറ്റിപ്പള്ളം
പ്രസാധകർ : pendulambooks
©സ്വപ്ന