മോറട്ടോറിയം സ്വീകരിച്ചവരുടെ കൂട്ടുപലിശ നവംബർ അഞ്ചിന് അക്കൗണ്ടിലെത്തും

2020 മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വായ്പാ മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ സ്വീകരിച്ചവര്‍ക്ക് ചുമത്തിയ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ തിരികെ അക്കൗണ്ടില്‍ വരവു വച്ചു നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ തിരികെ അക്കൗണ്ടിലേക്കെത്തിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. എക്‌സ്‌ഗ്രേഷ്യ എന്ന പേരില്‍ അതത് വായ്പാ അക്കൗണ്ടുകളിലേക്ക് വിവിധ ധനകാര്യസ്ഥാപനങ്ങള്‍ നവംബര്‍ അഞ്ചോടെ  ഈ തുക എത്തിക്കും. രണ്ടുകോടി രൂപയില്‍ത്താഴെയുള്ള വായ്പയെടുത്തവര്‍ക്കും രണ്ടുകോടിയില്‍ത്താഴെ മാത്രം തരിച്ചടവ്  ബാക്കിയുള്ളവര്‍ക്കുമാണ് എക്സ്ഗ്രേഷ്യ നല്‍കുന്നത്. മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ.) അല്ലാത്ത വായ്പകള്‍ക്കാണ് ആനുകൂല്യം.  ദീപാവലിക്കുമുമ്പ് തീരുമാനം നടപ്പിലാക്കണമെന്ന സുപ്രീം കോടതി ഉത്തവിനെതുടര്‍ന്നാണ് പെട്ടെന്ന് നടപടി ഉണ്ടായത്. ഇങ്ങനെ വരവുവെയ്ക്കുന്ന തുക ഡിസംബര്‍ 15 ഓടെ വായ്പാദാതാക്കള്‍ക്ക് സര്‍ക്കാര്‍ കൈമാറും. സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ള പദ്ധതിയെക്കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട  5 കാര്യങ്ങള്‍ ചുവടെ.

1. പൊതുമേഖലാ ബാങ്കുകള്‍, ബാങ്കിംഗ് കമ്പനികള്‍, സഹകരണ ബാങ്കുകള്‍, റീജ്യണല്‍ റൂറല്‍ ബാങ്ക്, അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കിംഗ ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍, നാഷനല്‍ ഹൗസിംഗ് ബാങ്ക് തുടങ്ങിയവയില്‍ നിന്നെടുത്ത വായ്പകള്‍ക്ക് ഈ എക്‌സ്‌ഗ്രേഷ്യ യോഗ്യതയുണ്ട്. എന്നാല്‍ ബാങ്കിംഗ് ഇതര ധനകാര്യകമ്പനി, മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവ റിസര്‍വ് ബാങ്ക് അംഗീകരിച്ച സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷനില്‍ (എസ്.ആര്‍.ഒ.) അംഗമായിരിക്കണം.

2. വായ്പാ തിരിച്ചടവില്‍ ലോക്ഡൗണ്‍ കാലത്തിന് മുമ്പ് വരെ, അതായത് ഫെബ്രുവരി 29 വരെ വായ്പാതിരിച്ചടവ് മുടക്കമില്ലാതെ  ചെയ്തവര്‍ക്കേ ആനുകൂല്യം ലഭിക്കൂ.

3. തിരിച്ചടവിനുള്ള വായ്പാ തുകയും സാധാരണ പലിശയുമല്ലാതെ നിങ്ങളുടെ തിരിച്ചടവിലേക്ക് കൂട്ടുലിശയായി ചേര്‍ക്കപ്പെട്ടിരിക്കുന്ന തുകയായിരിക്കും സര്‍ക്കാര്‍ നല്‍കുക. സാധാരണ പലിശയും തിരിച്ചടവും പൂര്‍ണമായും ഉപഭോക്താവിന്റെ ഉത്തരവാദിത്തമായിരിക്കും.

4.ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകള്‍, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം.. കാര്‍ഷിക വായ്പകളെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല.

5.മോറട്ടോറിയം എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും കൂട്ടുപലിശ ഇളവു കിട്ടും. അത് പോലെ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ കിട്ടും.

Dhanam News

Author
ChiefEditor

enmalayalam

No description...

You May Also Like