അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കമാകും

തൃശൂർ: മാനവീക മൂല്യങ്ങൾക്ക് നേരെ കലഹം തീർക്കുന്ന ശക്തികൾക്കെതിരായ സംസ്കാരീക പ്രതിരോധം തീർത്ത് ഇന്ന് മുതൽ നാടകോത്സവത്തിന് കർട്ടൺ ഉയരും. സാംസ്‌കാരിക വിനിമയങ്ങൾക്ക് പുതുജീവൻ പകർന്ന് ലോകനാടക കാഴ്ചകളുടെ പുത്തൻ ഉണർവിലേയ്ക്ക് തിരശീല ഉയരുമ്പോൾ അത് മാനവീക മൂല്യങ്ങളുടെ ഐക്യം വിളിച്ചോതും കലാ-നാടക സ്നേഹികൾ കാത്തിരുന്ന 'ഇറ്റ്ഫോക്' അന്താരാഷ്ട്ര നാടകോത്സവ വിരുന്നിന് ഇന്ന് (ഫെബ്രുവരി 5 ) മുതൽ 10 ദിവസങ്ങളിൽ തൃശൂർ വേദിയാകുന്നു. കോവിഡാഘ തങ്ങളാൽ പകിട്ട് മങ്ങിയ രണ്ട് വർഷകാലത്തെ അതിജീവിച്ച് 'ഒന്നിക്കണം മാനവികത' എന്ന പ്രമേയത്തിലൂന്നിയാണ് കേരള സംഗീത നാടക അക്കാദമി പുത്തൻ നാടകാനുഭവത്തിന്റെ കാണാകാഴ്ചകൾ ഒരുക്കുന്നത്. ഫെബ്രുവരി 14 വരെ നീണ്ടുനിൽക്കുന്ന നാടകോത്സവത്തിന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 101 പേരുടെ മേളത്തോടെ അരങ്ങുണരും. വൈകിട്ട് 5.30ന് പവലിയൻ തിയറ്ററിൽ ഇറ്റ്ഫോക് നാടകോത്സവത്തിന്റെയും മുരളി തിയറ്ററിന്റെയും ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. റവന്യൂ മന്ത്രി കെ രാജൻ ഇറ്റ്ഫോക് ബുള്ളറ്റിൻ സെക്കന്റ് ബെൽ പ്രകാശനം ചെയ്യും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ആദ്യ കോപ്പി ഏറ്റുവാങ്ങും. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഫെസ്റ്റിവൽ ടീഷർട്ട് പ്രകാശനം ചെയ്യും. ജില്ലാ കലക്ടർ ഹരിത വി കുമാർ ഏറ്റുവാങ്ങും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫെസ്റ്റിവൽ ബാഗ് പ്രകാശനം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങും. ടി എൻ പ്രതാപൻ എംപി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. മേയർ എം കെ വർഗീസ് പുസ്തകം ഏറ്റുവാങ്ങും. മുഖ്യാതിഥിയായി നടൻ പ്രകാശ് രാജ് പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂർ, ബി അനന്തകൃഷ്ണൻ, ദീപൻ ശിവരാമൻ, നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ആമുഖപ്രഭാഷണം നടത്തും.
വിവിധ അന്താരാഷ്ട്ര, ദേശീയ ബാൻഡുകളുടെ സംഗീത വിരുന്ന്, ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ തയ്യാറായ തെരുവര, കുടുംബശ്രീ ഒരുക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവൈവിധ്യങ്ങളുടെ മേള, സ്ത്രീകൾക്കായി നടത്തുന്ന അന്താരാഷ്ട്ര നാടക ശില്പശാല, ഓപ്പൺ ഫോറം, ചർച്ചകൾ, കലാപ്രകടനങ്ങൾ തുടങ്ങിയവ നാടകോത്സവത്തിന് മാറ്റേകും.
റിപ്പോർട്ട് : സി.ഡി. സുനീഷ്