ശ്വേത ദണ്ഡനം - അനീഷ് ഫ്രാൻസിസ്
- Posted on August 09, 2021
- Ezhuthakam
- By Swapna Sasidharan
- 435 Views
ഫേസ്ബുക്കിലെ ഒരു പ്രമുഖ എഴുത്തു കൂട്ടായ്മയായ നല്ലെഴുത്തിലൂടെയാണ് ശ്രീ അനീഷ് ഫ്രാൻസിസിന്റെ എഴുത്തുകളിലേക്കെത്തുന്നത്. നല്ലെഴുത്തിൽ കണ്ട ഓരോ രചനയും വായനക്കാരന്റെ ഭാവനയെ വേറൊരു ലെവലിൽ എത്തിക്കാൻ പോന്നവയാണ്.

അനീഷിന്റെ ‘വിഷാദ വലയങ്ങൾ’ 2018 ലെ ഡി സി ബുക്ക്സ്ന്റെ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടതാണ്, മാത്രമല്ല ഫേസ്ബുക്കിൽ ഒരുപാടു ചർച്ച ചെയ്യപ്പെട്ടതുമാണ്. എന്നിരുന്നാലും അതു വാങ്ങാനോ വായിക്കാനോ സാധിച്ചില്ല. പിന്നെ തേടിപ്പിടിച്ചു പുതിയ പുസ്തകത്തിന്റെ ഡീറ്റെയിൽസ് നോക്കിയപ്പോ മ്മടെ ഇഷ്ട genre ആയ ക്രൈം ത്രില്ലെർ. പിന്നെ ഒന്നും ആലോചിച്ചില്ല ഉടനെ തന്നെ ഓർഡർ ചെയ്തു.
ശ്വേത ദണ്ഡനത്തിലേക്ക്,
90 പേജുകളുള്ള ഈ കൊച്ചു പുസ്തകത്തിൽ ശ്വേത ദണ്ഡനം, അനീറ്റ എന്ന കുറ്റാന്വേഷക, അപ്പോയ്ന്റ്മെന്റ് ഫോർ മർഡർ എന്നിങ്ങനെ മൂന്നു ലഘു ക്രൈം നോവലുകളാണുള്ളത്.
1. ശ്വേതദണ്ഡനം :[The best revenge is white torture]
എസ് പി ഹേമ രാഘവനെ കാണാതായിട്ട് ആറു മാസം കഴിഞ്ഞിട്ടും ഒരു തുമ്പും കിട്ടാത്തതിനാൽ പത്രക്കാർ അതു മരണമെന്ന് തീർപ്പ് കല്പ്പിക്കുന്നു.
ഒടുവിൽ പോലീസിലെ തന്നെ ഒരുയർന്ന ഉദ്യോഗസ്ഥന്റെ താല്പര്യ പ്രകാരം, മുൻപ് ഹേമയോടൊപ്പം ജോലി ചെയ്തിരുന്ന ഒരു ഫോറെൻസിക് സൈക്കോളജിസ്റ്റ്, ഹേമയുടെ തിരോധാനത്തിന് പിന്നിലെ ചുരുളഴിക്കാനായി തന്റേതായ രീതിയിൽ അന്വേഷിച്ചു തുടങ്ങുന്നു . പക്ഷേ അന്വേഷണത്തിന് തുടക്കമിടാൻ അദ്ദേഹത്തിന്റെ കയ്യിലുള്ളത് ഒരു പുസ്തകത്തിന്റെ ചിത്രം മാത്രം.
2. അനീറ്റ എന്ന കുറ്റാന്വേഷക
റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥനായ അബ്രഹാം ജോസഫ് നടത്തുന്ന ഡീറ്റെക്റ്റീവ് ഏജൻസി യിലാണ് അനീറ്റ ജോലി ചെയ്യുന്നത്. ആ ഏജൻസി ക്ക് വന്നു ചേരുന്ന കേസുകളുടെ വൈരള്യം കാരണം പലപ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള വക അവൾക്കു കയ്യിൽ കിട്ടാറില്ല. അങ്ങനെയിരിക്കെ അവരുടെ ഒരു കസ്റ്റമർ മുഖാന്തിരം ചില കൊലപാതകങ്ങളെക്കുറിച്ച് അനീറ്റ ശ്രദ്ധിക്കാനിടവരുന്നു.
ഒരു പോലീസുദ്യോഗസ്ഥയുടെ നിർദ്ദേശമനുസരിച്ചു അനീറ്റ ആ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു. അനീറ്റ എന്ന കുറ്റാന്വേഷക അവിടെ ജനിക്കുകയാണ്. അവൾ ദിവസേന പോകാറുള്ള കോഫി ഷോപ്പിൽ വന്നു പോകുന്നവരെയും, അവളുടെ കണ്മുന്നിൽ കൂടി വന്നുപോകുന്ന മറ്റു പലരെയും നിരീക്ഷണ പാടവത്തോടെ ആ കുറ്റാന്വേഷക നോക്കിക്കാണുന്നു.
ഗണിതം ഇഷ്ടവിഷയമായ അനീറ്റ തനിക്കു കിട്ടുന്ന കേസിനെയും ഒരു ഗണിത ശ്രേണിയെന്ന പോലെ കണ്ട് അതിനുത്തരം കാണാൻ ശ്രമിക്കുകയാണ്.
3.അപ്പോയ്ന്റ്മെന്റ് ഫോർ മർഡർ
നഗരത്തിലെ ഒരു പുസ്തകശാലയിൽ വച്ച് ഒരു പ്രൊഫഷണൽ കില്ലർ ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നു.അവളൊരു എഴുത്തുകാരിയാണെന്നറിയുന്ന അയാൾക്ക് പിടിച്ചു നിൽക്കാനായി ഓരോരോ കള്ളങ്ങൾ പറയേണ്ടി വരുന്നു.
തുടർന്നുണ്ടാകുന്ന സംഭവങ്ങൾ കില്ലറിന്റെ വാക്കുകളിലൂടെ പറഞ്ഞു പോവുകയാണിവിടെ.
നല്ലൊരു വായനാനുഭവം ആയിരുന്നു ശ്വേത ദണ്ഡനം. നീളമുള്ള, ഒത്തിരി പേജുകളുള്ള നോവലുകൾ വായിച്ച്, മറ്റുള്ളവ വായിക്കാൻ മടുപ്പായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഈ പുസ്തകം എത്തിയത്. വായനയെ വീണ്ടും ട്രാക്കിലേക്കെത്തിക്കാൻ ഇതിനു കഴിഞ്ഞെന്നു തന്നെയാണ് വിശ്വാസം.
©സ്വപ്ന