ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിക്കു (Waves) മുന്നോടിയായി ആവേശം പകർന്ന് ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് - സീസൺ 1

സി.ഡി. സുനീഷ് 

സർഗാത്മക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകൂ: ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യൂ; ആഗോളവേദിയിൽ കഴിവുകൾ പ്രദർശിപ്പിക്കുവെന്ന് കേന്ദ്രം.

ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താനും, ഉള്ളടക്ക സ്രഷ്‌ടാക്കളെയും നൂതനാശയ ഉപജ്ഞാതാക്കളെയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അതിലൂടെ ധനസമ്പാദനത്തിനും, ഇന്ത്യൻ മാധ്യമങ്ങളുടെയും വിനോദ വ്യവസായത്തിന്റെയും വളർച്ചയ്‌ക്ക് സംഭാവനയേകുന്നതിനും ലക്ഷ്യമിടുന്നതാണ് ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (സിഐസി).

എല്ലാ ചലഞ്ചുകൾക്കുമുള്ള രജിസ്‌ട്രേഷൻ WAVES വെബ്‌സൈറ്റിൽ നടത്താനാകും: https://wavesindia.org/challenges-2025സിഐസി: നൂതനാശയങ്ങൾക്കുള്ള വൈവിധ്യമാർന്ന വേദി ട്രൂത്ത് ടെൽ ഹാക്കത്തോൺ, കോമിക്‌സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ്, എസ്‌പോർട്‌സ് ടൂർണമെന്റ്, ട്രെയിലർ നിർമാണ മത്സരം, തീം മ്യൂസിക് മത്സരം, എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോൺ, എഐ അവതാർ ക്രിയേറ്റർ ചലഞ്ച്, അനിമെ ചലഞ്ച് എന്നിവയുൾപ്പെടെ 27 ചലഞ്ചുകളുമായി 2024 ഓഗസ്റ്റ് 22-ന് സമാരംഭിച്ച സിഐസി, രാജ്യവ്യാപകമായും ആഗോളതലത്തിലും വലിയ തോതിൽ ശ്രദ്ധയാകർഷിച്ചു.

പ്രക്ഷേപണം, പരസ്യംചെയ്യൽ, സംഗീതം, എവിജിസി-എക്സ്, ഡിജിറ്റൽ മീഡിയ, സമൂഹമാധ്യമങ്ങൾ, ചലച്ചിത്രങ്ങൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ തുടങ്ങി മാധ്യമ-വിനോദ വ്യവസായത്തിന്റെ വിവിധ മേഖലകളിൽ ഈ ചലഞ്ചുകൾ വ്യാപിച്ചിരിക്കുന്നു.

സിഐസി പ്രവർത്തനങ്ങൾ പൂർണതോതിൽ രാജ്യവ്യാപക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, വ്യാവസായിക അസോസിയേഷനുകളുമായി സഹകരിച്ച് വിജയകരമായ നിരവധി റോഡ്ഷോകൾ നടത്തി. 2024 സെപ്റ്റംബർ 20-ന് ഹൈദരാബാദിൽ, ഇന്ത്യ ഗെയിം ഡെവലപ്പർ കോൺഫറൻസിന്റെ (ഐജിഡിസി) പിന്തുണയോടെ സംഘടിപ്പിച്ച പരിപാടിയിൽ 50 വ്യവസായ പ്രൊഫഷണലുകൾ ഉൾപ്പെടെ 250-ലധികം പേർ പങ്കെടുത്തു. എവിജിസി മേഖലയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകി, FICCI ഏകോപിപ്പിച്ച് സെപ്റ്റംബർ 28-ന് സംഘടിപ്പിച്ച ചെന്നൈ വേഗാസ് ഫെസ്റ്റിൽ 5000-ത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. മീഡിയ & എന്റർടൈൻമെന്റ് അസോസിയേഷൻസ് ഓഫ് ഇന്ത്യയും (എംഇഎഐ) എബിഎഐ എവിജിസി സെന്റർ ഓഫ് എക്സലൻസും (സിഒഇ) സംയുക്തമായി ഒക്ടോബർ 5-ന് സംഘടിപ്പിച്ച ബാംഗ്ലൂർ റോഡ്ഷോ, അമ്പതോളം വ്യവസായ പ്രമുഖർക്കും അസോസിയേഷനുകൾക്കുമിടയിൽ വിലയേറിയ ആശയവിനിമയം സുഗമമാക്കി.

ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (സിഐസി) സീസൺ - 1, ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (വേവ്സ്) എന്നിവയുടെ വ്യാപനം വർധിപ്പിക്കുന്നതിനായി, വിശാലമായ തോതിൽ പ്രേക്ഷകരെ ആകർഷിക്കുന്നതിലൂടെയും ഇന്ത്യയിലെ സർഗാത്മക വ്യവസായങ്ങളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിലൂടെയും, ഇന്ത്യയിലുടനീളം വരാനിരിക്കുന്ന മാധ്യമ-വിനോദ പരിപാടികളുമായി വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം സജീവമായി സഹകരിക്കുന്നു.

ഇന്നുവരെ, ചലഞ്ചുകൾക്കായി രജിസ്റ്റർ ചെയ്തത് 10,000-ത്തിലധികം പേരാണ്. ഈ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ, യുവാക്കളെയും വിദ്യാർഥികളെയും കൂടുതൽ പങ്കെടുപ്പിക്കുന്നതിനായി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇന്ത്യയിലുടനീളം നിരവധി റോഡ്‌ഷോകൾ സംഘടിപ്പിക്കാൻ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം പദ്ധതിയിടുന്നു. ഡിജിറ്റൽ മീഡിയ, എവിജിസി, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ തുടങ്ങിയ സർഗാത്മക മേഖലകളുടെ സാധ്യതകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് വിദ്യാർഥികളെയും ഉയർന്നുവരുന്ന സ്രഷ്‌ടാക്കളെയും പ്രചോദിപ്പിക്കാൻ ഈ പരിപാടി ശ്രമിക്കുന്നു.

വേവ്സിന്റെയും ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന്റെയും സ്വാധീനം കൂടുതൽ വർധിപ്പിക്കുന്നതിന്, മന്ത്രാലയം വിപുലമായ പ്രചാരണയജ്ഞമാണ് ആസൂത്രണം ചെയ്യുന്നത്. ഇതിൽ സമൂഹമാധ്യമ സഹകരണങ്ങളും ഇന്ത്യയിലുടനീളമുള്ള ഏകദേശം 28 സ്ഥലങ്ങളിലെ ആഭ്യന്തര റോഡ്‌ഷോകളും അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര റോഡ്‌ഷോകളും ഉൾപ്പെടുന്നു.


Author
Citizen Journalist

Goutham Krishna

No description...

You May Also Like