ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ തീക്ഷ്ണതയും വേദനയും അവതരിപ്പിച്ച് വിനോജ തർമ്മലിംഗം ബിനാലെയിൽ.
- Posted on March 24, 2026
- News
- By Goutham prakash
- 100 Views
കൊച്ചി: വെല്ലിംഗ്ടണ്‍ ഐലന്‍ഡ് വെയര്‍ഹൗസിലെ ബിനാലെ വേദിയില്‍ ഏറ്റവും അറ്റത്തായി കിടക്കുന്ന ബോട്ടും ട്രാക്ടറും അങ്ങോട്ടു കടക്കുമ്പോള്‍ തന്നെ കണ്ണിലുടക്കും. കലാപ്രതിഷ്ഠയുടെ അടുത്തേക്ക് എത്തുമ്പോള്‍ അതുവരെ പരിചയിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു ആവാസവ്യവസ്ഥയിലേക്ക് നീങ്ങുന്നതു പോലെയാണ് തോന്നുന്നത്. കടല്‍വഞ്ചി, ട്രാക്ടര്‍, തെങ്ങു തടികൊണ്ടുള്ള നിര്‍മ്മിതി.
സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ച് ശ്രീലങ്കൻ കലാകാരി വിനോജ തർമ്മലിംഗത്തിന്റെ 'മൈ ലാസ്റ്റ് ബ്രെത്ത് വിത്ത് ഓൾ മൈ ബേർഡൻസ്' (2025) എന്ന കലാപ്രതിഷ്ഠ സന്ദര്‍ശകരെ പിടിച്ചിരുത്തുന്നതാണ്. ആഭ്യന്തര യുദ്ധകാലത്ത് ശ്രീലങ്കയിലെ മുല്ലൈത്തീവിൽ മനുഷ്യർ അനുഭവിച്ച പേടിസ്വപ്നങ്ങളും പോരാട്ടങ്ങളുമാണ് കലാസൃഷ്ടിയിലൂടെ അവർ ആവിഷ്കരിക്കുന്നത്. ഇതിനു പുറമെ 'എ ലാൻഡ് വോവൻ വിത്ത് ദി ത്രെഡ്‌സ് ഓഫ് മെമ്മറീസ്' (2025) എന്ന വസ്ത്രകലാരൂപവും വിനോജ പ്രദർശിപ്പിക്കുന്നുണ്ട്.
മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന ശ്രീലങ്കൻ ആഭ്യന്തര യുദ്ധകാലത്തെ ദുരിതപൂർണ്ണമായ ജീവിതത്തെയും 2009-ലെ മുല്ലിവൈക്കൽ വംശഹത്യയുടെ നടുക്കുന്ന ഓർമ്മകളെയുമാണ് സൃഷ്ടികൾ പ്രതിനിധീകരിക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം പേരുടെ ജീവൻ കവർന്നെന്ന് കണക്കാക്കുന്ന ആ കൂട്ടക്കൊലയുടെയും കൊടിയ പീഡനങ്ങളുടെയും മുറിവുകൾ അതിജീവിച്ചവരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുവെന്ന് വിനോജ പറയുന്നു.
അക്കാലത്ത് ജീവിതം എന്നത് ഒരു ബങ്കറിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രയായിരുന്നു. പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാൽ ഉടൻ ഒളിച്ചിരിക്കുകയും, പിന്നീട് രഹസ്യമായി പുറത്തുവന്ന് ഭക്ഷണം പാകം ചെയ്യുകയും ചെയ്യേണ്ടി വന്ന ഇരുണ്ട കാലമായിരുന്നു. കൊച്ചിയെപ്പോലെ തന്നെ സുന്ദരമായ കടൽത്തീരങ്ങളും കാടുകളും കായലുകളും കൃഷിയിടങ്ങളുമുള്ള സ്ഥലമായിരുന്നു തന്റെ നാടെന്നും ആ പ്രകൃതിയെ യുദ്ധം എങ്ങനെയാണ് തകർത്തതെന്നും വിനോജ ഓർമ്മിപ്പിക്കുന്നു.
മണൽ വിരിച്ച തറയിൽ ചരിഞ്ഞുകിടക്കുന്ന ബോട്ടുകൾ ഉപയോഗിച്ചാണ് അവര്‍ ബങ്കർ ഇവിടെ ഒരുക്കിയിരിക്കുന്നത്. സാധാരണ സമയങ്ങളിൽ മീൻപിടിക്കാൻ ഉപയോഗിക്കുന്ന ബോട്ടുകൾ അപകടം വരുമ്പോൾ മണ്ണിൽ കുഴിച്ചിട്ട് ബങ്കറുകളാക്കി മാറ്റുന്ന രീതിയാണത്. മറ്റൊരു വശത്ത് നെല്ല് നിറച്ച ചാക്കുകളുമായി നിൽക്കുന്ന ഒരു ട്രാക്ടർ ട്രോളിയും അതിന് താഴെ മണൽചാക്കുകളും സാരികളും കൊണ്ട് മറച്ച ബങ്കറും കാണാം. ഇന്ധനം തീരുന്നതുവരെ ആ ട്രാക്ടറിൽ സഞ്ചരിക്കുകയും അത് നിലയ്ക്കുമ്പോൾ അതിനടിയിൽ അഭയം തേടുകയും ചെയ്ത മനുഷ്യരുടെ നിസ്സഹായാവസ്ഥയാണിത്.
ഉചിതമായ അന്ത്യകർമ്മങ്ങൾ പോലും ഇല്ലാതെ ഈ ബങ്കറുകൾക്കുള്ളിൽ അടക്കം ചെയ്യപ്പെട്ട വയോധികരുടെയും മുറിവേറ്റവരുടെയും കഥകൾ കൂടി ഈ സൃഷ്ടി പങ്കുവെക്കുന്നു. തന്റെ അമ്മയിൽ നിന്ന് പഠിച്ച തുന്നൽ വിദ്യയാണ് പലായനത്തിന്റെയും വേദനയുടെയും കഥകൾ പറയാൻ വിനോജ ഉപയോഗിച്ചിരിക്കുന്നത്.
തന്റെ മൂന്നാമത്തെ സൃഷ്ടി മേൽക്കൂരയില്ലാത്ത ഇരുണ്ട അഭയസ്ഥാനമാണ്. തെങ്ങിന്‍ തടി കുത്തനെ കുത്തി നിറുത്തിയിരിക്കുന്നു. കേരളത്തെപ്പോലെ തന്നെ പനകളും തെങ്ങുകളും നിറഞ്ഞ സുന്ദരമായ സ്ഥലമായിരുന്നു മുല്ലിവൈക്കൽ എന്നും എന്നാൽ യുദ്ധത്തിൽ അതെല്ലാം കത്തിനശിച്ചുവെന്നും അവർ പറയുന്നു. കശ്മീരിലും പാകിസ്ഥാനിലും പ്രചാരത്തിലുള്ള 'നംദ' കലാരൂപത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ബാൻഡേജുകൾ, മനുഷ്യന്റെ മുടി, തുണി, കയറുകൾ എന്നിവ ഉപയോഗിച്ചാണ് തന്റെ ടെക്സ്റ്റൈൽ ആർട്ട് അവർ ഒരുക്കിയിരിക്കുന്നത്. ഇത് വെറുമൊരു കലയല്ല, മറിച്ച് യുദ്ധത്തിന്റെ കെടുതികളുടെ നിശബ്ദ സാക്ഷ്യമാണ്. അനീതിക്കെതിരായ പോരാട്ടമായും സമാധാനത്തിനായുള്ള ആഹ്വാനമായും ഈ സൃഷ്ടിയെ പ്രതീകവത്കരിക്കുകയാണെന്നും വിനോജ കൂട്ടിച്ചേർത്തു.
