എന്ത് കൊണ്ടാണ് പാറുക്കുട്ടി നേത്യാരമ്മയുടെ പേര് തൃശൂര്‍ നഗരത്തിന്റെ ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷമായത്?
- Posted on April 22, 2021
- Ezhuthakam
- By Sabira Muhammed
- 888 Views
ഒരു പെണ്ണ് അങ്ങനെ ആളാകേണ്ട എന്ന് കൊച്ചിരാജ്യവും കേരള ചരിത്രകാരന്മാരും കരുതിയിരിക്കുമോ?

പൂരമൊക്കെ കൊള്ളാം, പക്ഷേ ഞങ്ങള്‍ക്ക് കൂടി എന്തെങ്കിലും കാണാന്‍ വേണ്ടി അതില്‍ വേണ്ടേ രാജാവേ..."
ചോദിച്ചത് വടക്കുംനാഥ ക്ഷേത്രത്തിന് മുന്നിലെ ജയിലില്‍ കിടന്ന തടവുപുള്ളികളാണ്. എന്നാല്‍ പിന്നെ അവര്‍ക്കായി കുടമാറ്റം ആയിക്കോട്ടെ എന്ന് ശക്തന്‍ തമ്പുരാന്‍. അങ്ങനെയാണത്രെ പൂരത്തിന് കുടമാറ്റം ഉണ്ടായത്.
പക്ഷേ അധികാരത്തിന്റെ കുടമാറ്റം നടന്നപ്പോള്‍ ശക്തന്‍ പോയി ശ്രീതമ്പുരാന്‍ വന്നു. പിന്നെ രാമവര്‍മ്മ വന്നു. അപ്പോഴാണ് ശരിക്കും തൃശൂര്‍ ഇന്നത്തെ തൃശൂരായത്. രാമവര്‍മ്മയ്ക്ക് വേണ്ടി ഭരിച്ചത് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി പാറുക്കുട്ടി നേത്യാരമ്മ ആയിരുന്നു. കുടമാറ്റം കണ്ടു കൊണ്ടിരുന്ന തടവുപുള്ളികളുടെ ജയില്‍ അവര്‍ അവിടെ നിന്നും മാറ്റി. നമ്മള്‍ ഇന്ന് കാണുന്ന തൃശുര്‍ റൗണ്ട് ഒരു ഒന്ന് ഒന്നര റൗണ്ടണ്. അത് അങ്ങനെ ആയതിന് പിന്നില്‍ പാറുക്കുട്ടി നേത്യാരമ്മ എന്ന അതിപ്രഗത്ഭയായ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണമാണ്.
കൊച്ചി രാജാവായ രാമവര്‍മ്മയുടെ ഭാര്യയായി പതിനാലാം വയസില്‍ വടക്കെ കുറുപ്പത്തെ പടിഞ്ഞാറെ ശ്രാംബി വീട്ടില്‍ നിന്നും പാറുക്കുട്ടി എത്തുമ്പോള്‍ അവര്‍ ഒരിക്കലും കരുതിയിരിക്കില്ല ഒരു രാജ്യത്തിന്റെ ഭരണനിര്‍വഹണം തന്നെ നടത്തേണ്ടി വരുമെന്ന്.
ജര്‍മ്മനിയില്‍ പോയി ജന്തുശാസ്ത്രം പഠിച്ച ശ്രീ തമ്പുരാന്‍ ആയിരുന്നു അന്ന് രാജാവ്. ജര്‍മ്മനിയില്‍ പോയി പഠിച്ചതിനാല്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ അദ്ദേഹം ജര്‍മ്മനിയുമായി ചേരുമെന്ന വിചിത്രവാദം പറഞ്ഞ് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി. അങ്ങനെയാണ് അപ്രതീക്ഷിതമായി രാമവര്‍മ്മ അധികാരമേല്‍ക്കുന്നത്. കടക്കെണിയിലായ കൊച്ചി രാജ്യം ദുര്‍ബലനായ രാമവര്‍മ്മ ഭരിക്കുമ്പോള്‍ താനെ തകരുമെന്നും കൊച്ചി തുറമുഖം എന്ന അക്ഷയഖനി തങ്ങളുടെ കൈകളില്‍ എത്തുമെന്നും ആയിരുന്നു ബ്രിട്ടീഷുകാരുടെ കണക്കു കൂട്ടല്‍. അവരുടെ കണക്കു കൂട്ടല്‍ തെറ്റിച്ചത് പാറുക്കുട്ടി നേത്യാരമ്മ ആയിരുന്നു. അവർ രാജ്യത്തെ കടക്കെണിയില്‍ നിന്നും കരകയറ്റുകയും പ്രഗത്ഭയായ ഭരണാധികാരി എന്ന് പേരെടുക്കുകയും ചെയ്തു.
തേക്കിന്‍കാട് മൈതാനത്തിന് ചുറ്റും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉള്‍പ്പടെയുള്ള കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചത് പാറുക്കുട്ടി നേത്യാരമ്മയാണ്. തൃശൂര്‍ നഗരത്തിന്റെ ദാഹം തീര്‍ക്കാന്‍ പെരിങ്ങാവ് കുളം നിര്‍മ്മിച്ചതും ഈ മഹദ് വനിതയാണ്. പീച്ചി ഡാം കമ്മീഷന്‍ ചെയ്യുന്നത് 1957ലാണ്. പക്ഷേ അതിനും വളരെ മുമ്പ് പാറുക്കുട്ടി നേത്യാരമ്മ ഈ ആശയം മുന്നോട്ടു വച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.
തൃശൂരില്‍ പല സ്ഥാപനങ്ങള്‍ക്കും ശക്തന്റെ പേരാണ്. ബസ് സ്റ്റാന്‍ഡ് പോലും ശക്തന്‍ സ്റ്റാന്‍ഡ്. എറണാകുളത്തും തൃശൂരിലും രാമവര്‍മ്മ ക്ലബ്ബുകളുണ്ട്. സര്‍ക്കാര്‍ അതിഥി മന്ദിരവും രാമവര്‍മ്മയുടെ പേരില്‍ രാമനിലയം എന്നാണ് അറിയപ്പെടുന്നത്. എന്ത് കൊണ്ടാണ് പാറുക്കുട്ടി നേത്യാരമ്മയുടെ പേര് തൃശൂര്‍ നഗരത്തിന്റെ ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷമായത്?
തിരുവിതാംകൂറിലെ റീജന്റ് ഭരണാധികാരിയായിരുന്ന സേതുലക്ഷ്മി ഭായി പല സ്മാരകങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും അനുസ്മരിക്കപ്പെടുന്നുണ്ട്. കൊച്ചി രാജ്യം എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ക്കും നാനാജാതി മതസ്ഥര്‍ക്കും വേണ്ടി പള്ളിക്കൂടം സ്ഥാപിച്ച പാറുക്കുട്ടി നേത്യാരമ്മയെ ഓര്‍മ്മിക്കാത്തത്?
കൊച്ചി തുറമുഖം ബ്രിട്ടീഷുകാരുടെ അധീനതയില്‍ ആയിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രം തന്നെ മാറിപ്പോയേനെ. അതിന് പാറുക്കുട്ടി നേത്യാരമ്മ ഒരു കാരണമായെങ്കില്‍ അത് മാത്രം മതി ചരിത്രത്തില്‍ ആ പേര് രേഖപ്പെടുത്താന്‍. ഒരു പെണ്ണ് അങ്ങനെ ആളാകേണ്ട എന്ന് കൊച്ചിരാജ്യവും കേരള ചരിത്രകാരന്മാരും കരുതിയിരിക്കുമോ?
നമുക്കിപ്പോഴും പൂരവും ഇലഞ്ഞിത്തറ മേളവും ആനപ്പെരുമയും കുടമാറ്റവും മതി. അതൊന്നും വേണ്ട എന്നല്ല. പക്ഷേ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റിയ ഇടമാക്കി തൃശൂരിനെ മാറ്റിയ, കേരള ചരിത്രത്തിലെ അവഗണിക്കാനാവാത്ത സ്ഥാനമുള്ള ഒരു സ്ത്രീയെ മറന്നിട്ട് ആകരുത് ഇതൊന്നും. ശക്തന് ശേഷം കൊച്ചി രാജ്യം കടക്കെണിയില്‍ പെട്ടു എങ്കില്‍ ശക്തന്റെ ശക്തിയെ കുറിച്ച് ശങ്ക തോന്നാം. ആ കടക്കെണിയില്‍ നിന്നും രാജ്യത്തെ രക്ഷിച്ച പാറുക്കുട്ടി നേത്യാരമ്മയ്ക്ക് ഒപ്പമാണ് ഞാന്‍. പൂരക്കളി പിന്നെ മതി.
കേരളം നമ്പര്‍ വണ്‍ എന്ന് പറയുമ്പോള്‍ ഈ കടക്കെണിയെ കുറിച്ച് കൂടി പറയണം. അങ്ങനെ നമ്പര്‍ വണ്‍ ആക്കാന്‍ പരിശ്രമിച്ചവരില്‍ വനിതകള്‍ ഇല്ലേ എന്ന് തിരിച്ചു ചോദിക്കണം. അങ്ങനെ വനിതകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ നല്‍കാന്‍ പോകുന്ന അധികാരമെന്ത് എന്ന് കൂടി ചോദിക്കണം. പാറുക്കുട്ടി നേത്യാരമ്മയും സേതുലക്ഷ്മി ഭായിയുമെല്ലാം ഭരിച്ച കേരളം ഒരു പെണ്ണ് ഭരിച്ചാലും ഭരും എന്ന് കൂടി പറയണം.
****************
1932ല്‍ രാമവര്‍മ്മയുടെ മരണത്തോടെ പാറുക്കുട്ടി നേത്യാരമ്മയുടെ ഭരണവും അവസാനിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമായിരുന്നു. മകന്‍ അരവിന്ദാക്ഷ മേനോന്‍ കൊച്ചി രാജ്യത്തെ ചീഫ് എഞ്ചിനിയര്‍ ആയിരുന്നു. ഒരു മകളായ രത്നത്തിന്റെ മകന്‍ പാലാട്ട് ശങ്കരന്‍ നായരുടെ ഒപ്പം പാറുക്കുട്ടി നേത്യാരമ്മ കുറച്ച് നാള്‍ ഇംഗ്ലണ്ടില്‍ താമസിച്ചിരുന്നു. പിന്നീട് നാട്ടില്‍ വന്ന് മൂന്നാറിലെയും കൂനുരിലെയും തേയില തോട്ടവും മറ്റും നോക്കി നടത്തി എന്നും പറയപ്പെടുന്നു. തന്റെ മകള്‍ രത്നയുടെ പേരില്‍ പണി കഴിപ്പിച്ച രത്നവിലാസം കൊട്ടാരത്തിലായിരുന്നു അവസാന കാലം വരെ പാറുക്കുട്ടി നേത്യാരമ്മ താമസിച്ചിരുന്നത്. എന്നാണ് അന്തരിച്ചതെന്ന് ഒരിടത്തും രേഖപ്പെടുത്തി കണ്ടില്ല. രാമവര്‍മ്മയുടെ മരണമെല്ലാം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് തൃശൂര്‍ നഗരത്തില്‍ പ്രതിമയുമുണ്ട്.
പാറുക്കുട്ടി നേത്യാരമ്മയ്ക്ക് പ്രതിമയോ ചരമദിനമോ ചരമവാര്‍ഷികമോ പോലുമില്ല!....
കടപ്പാട് ചങ്ങാതിക്കൂട്ടം