വിസ്മയ കേസ്; ഞാൻ നിരപരാധിയാണ്, കേസ് കെട്ടിച്ചമച്ചതാണെന്ന് വിസ്മയയുടെ ഭർത്താവ്

മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.

കൊല്ലത്തെ വിസ്മയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി കിരണ്‍കുമാറിന്റെ വെളിപ്പെടുത്തൽ. കേസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണ്. കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല.

സ്ത്രീധന  പീഡനത്തെ തുടര്‍ന്നുള്ള ഒരു പ്രശ്‌നങ്ങളുമില്ലായിരുന്നെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതി വ്യക്തമാക്കി.

കേസില്‍ രണ്ട് ദിവസം മുമ്പ് പ്രതി കിരണ്‍ കുമാറിന് സുപ്രിം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കിരണ്‍ കുമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.

കഴിഞ്ഞ ജൂണ്‍ 21നാണ് ഭര്‍തൃഗൃഹത്തിലെ ടോയ്‌ലറ്റില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

സ്ത്രീധനമായി ലഭിച്ച കാര്‍ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലുള്ള വീട്ടിലും വച്ച് കിരണ്‍ വിസ്മയയെ പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പ്രധാന സാക്ഷികളുടെ മൊഴിയെടുക്കൽ പൂർത്തിയായെന്ന വാദം കോടതി അംഗീകരിച്ചു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like