ഗോളുകളുടെ രാജാവ് ക്രിസ്റ്റാന്യോ റൊണാൾഡോ!
- Posted on September 02, 2021
- Sports News
- By Abhinand Babu
- 315 Views
കളിച്ച 163 എതിരാളികൾക്ക് എതിരെയും 45 രാജ്യങ്ങൾക്ക് എതിരെയും ഗോൾ നേടിയ താരം

ഗോൾ നേടിയ എതിരാളികൾ ചെറുതാണ് എന്ന ആക്ഷേപം ഉണ്ടായിരുന്നു എങ്കിലും, ഒരിക്കലും തകർക്കാൻ ആവാതെ ആ റെക്കോർഡ് നിൽക്കും എന്നു കരുതിയവർ ആണ് പലരും. എന്നാൽ ഗോൾ അടിച്ചു മതിവരാതെ ആ റെക്കോർഡ് തേടി ക്രിസ്റ്റാന്യോ റൊണാൾഡോ എന്ന പോർച്ചുഗീസ് താരം എത്തുമ്പോൾ വലിയ അമ്പരപ്പ് ഒന്നും ആർക്കുമില്ല. കാരണം റൊണാൾഡോ എന്നത് ലോക ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ആണ്.
2003 ൽ ഖാസാക്കിസ്ഥാന് എതിരെ പോർച്ചുഗല്ലിനായി അരങ്ങേറ്റം കുറിച്ച്, 2004 യൂറോയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രീസിന് എതിരെ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ പോർച്ചുഗല്ലിനായി നേടിയ റൊണാൾഡോ ക്ലബ് തലത്തിലും രാജ്യത്തിനായും പിന്നീട് നേടിയ നേട്ടങ്ങൾ അവിശ്വസനീയം എന്നു മാത്രമെ വിളിക്കാനാവൂ.
മഞ്ചേസ്റ്റർ യുണൈറ്റഡിലും, റയൽ മാഡ്രിഡിലും ഇതിഹാസ സമാനമായ കരിയറിന് ഒപ്പം അടിച്ച ഗോളുകളും നേടിയ കിരീടങ്ങളും അത്രമേൽ അധികമാണ്. യുവന്റസിലും ഗോൾ അടിയിൽ അയാൾ പിറകിലായിരുന്നില്ല. എന്നാൽ ക്ലബ് കുപ്പായത്തിനപ്പുറം രാജ്യാന്തര കുപ്പായം അണിയുമ്പോൾ റൊണാൾഡോ കൂടുതൽ അപകടകാരി ആവുന്നത് രാജ്യത്തിനായി എല്ലാം നൽകാൻ കളത്തിൽ ഇറങ്ങുന്നത് കൊണ്ടാണ്.
അതാണ് 180 മത്സരങ്ങളിൽ 111 ഗോളുകളും ഒരു യൂറോപ്യൻ കിരീടവും ആയി ഉയർന്നു നിൽക്കുന്ന റൊണാൾഡോയുടെ പോർച്ചുഗീസ് കരിയർ വിളിച്ചു പറയുന്നത്. കളിച്ച 163 എതിരാളികൾക്ക് എതിരെയും 45 രാജ്യങ്ങൾക്ക് എതിരെയും ഗോൾ നേടിയ താരം.