പനങ്ങാട് ഒരുങ്ങി; റോട്ടറി ജലോത്സവ സംഘാടക സമിതി ഓഫീസ് വേണു രാജാമണി സന്ദര്‍ശിച്ചു
- Posted on November 10, 2022
- News
- By Deepa Shaji Pulpally
- 46 Views
പനങ്ങാട് കായലില്‍ നടക്കുന്ന റോട്ടറി ജലോത്സവ സംഘാടക സമിതി ഓഫീസ് സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ വേണു രാജാമണി സന്ദര്‍ശിച്ചു. കുമ്പളം ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് വേമ്പനാട് കായല്‍ മാലിന്യ മുക്തമാക്കുന്ന നടപടികള്‍ ചര്‍ച്ച ചെയ്തു

മരട്: പനങ്ങാട് കായലില്‍ നടക്കുന്ന റോട്ടറി ജലോത്സവ സംഘാടക സമിതി ഓഫീസ് സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ വേണു രാജാമണി സന്ദര്‍ശിച്ചു. കുമ്പളം ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് വേമ്പനാട് കായല്‍ മാലിന്യ മുക്തമാക്കുന്ന നടപടികള്‍ ചര്‍ച്ച ചെയ്തു. കുമ്പളം ഗ്രാമ പഞ്ചായത്ത് ടൂറിസം ഭൂപടത്തില്‍ വലിയ സ്ഥാനമാണ് അര്‍ഹിക്കുന്നതെന്ന് വേണു രാജാമണി പറഞ്ഞു.
നവംബര്‍ 27 നാണ് പനങ്ങാട് കായലില്‍ കുമ്പളം ഗ്രാമ പഞ്ചായത്തും കൊച്ചിന്‍ സൗത്ത് റോട്ടറി ക്ലബ്ബും തണല്‍ ഫൗണ്ടേഷനും ചേര്‍ന്ന് റോട്ടറി ജലോത്സവം സംഘടിപ്പിക്കുന്നത്. ജലോത്സവത്തിന്റെ ഭാഗമായി കായല്‍ ശുചീകരണം, ചുമര്‍ചിത്ര രചന, കലാ കായിക മത്സരങ്ങള്‍, സെമിനാറുകള്‍, ഭക്ഷ്യമേള എന്നിവയും സംഘടിപ്പിക്കുന്നു.
17ന് പനങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന 'കുമ്പളം ഗ്രാമ പഞ്ചായത്ത് ടൂറിസം സാധ്യതകള്‍' എന്ന സെമിനാര്‍ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഡിനേറ്റര്‍ രൂപേഷ് വിഷയവതരണം നടത്തുന്ന സെമിനാറില്‍ വേണു രാജാമണി മുഖ്യ അതിഥിയാകും. കുമ്പളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി എ മാലിക്, പഞ്ചായത്ത് അംഗം എം എം ഫൈസല്‍, റോട്ടറി ജലോത്സവ സംഘാടക സമിതി കണ്‍വീനര്‍ വി ഒ ജോണി, പ്രതിനിധികളായ പി പി അശോകന്‍, കൃഷ്ണന്‍ സംഗീത എന്നിവര്‍ വേണു രാജാമണിക്കൊപ്പം കുമ്പളം പഞ്ചായത്തിലെ പനങ്ങാട്, ചേപ്പനം, ചാത്തമ്മ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
report: CV SHIBU