Twitter | ട്വിറ്റർ ബ്ലൂ നവംബർ അവസാനത്തോടെ ഇന്ത്യയിൽ: ഉപയോക്താക്കളുടെ അഞ്ച് സംശയങ്ങൾക്ക് മറുപടി
ഇന്ത്യയിലെ ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ നിരക്ക് പ്രതിമാസം 200 രൂപയില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷ

ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്കുള്ള (twitter verified account) ബ്ലൂ ടിക്ക് (blue tick) ലഭിക്കാന്‍ ഇനി മുതല്‍ പ്രതിമാസം 7.99 ഡോളര്‍ നല്‍കണം എന്ന തീരുമാനത്തിലാണ് ഇലോണ്‍ മസ്‌ക്. ഇതിനായി ട്വിറ്റര്‍ ബ്ലൂ (twitter blue) എന്ന സബ്‌സ്‌ക്രിപ്ഷന്‍ സേവനം കൂടി മസ്‌ക് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കാര്യങ്ങള്‍ കൃത്യമായി വ്യക്തമാക്കാതെയാണ് മസ്‌കിന്റെ പല പ്രസ്താവനകളും. ഇന്ത്യയിലെ മുഴുവന്‍ ട്വിറ്റര്‍ കമ്മ്യൂണിക്കേഷന്‍സ് ടീമിനെയും അദ്ദേഹം പിരിച്ചുവിടുകയും ചെയ്തു. അതിനാല്‍, ഇതുസംബന്ധിച്ച അപ്‌ഡേറ്റുകള്‍ ലഭിക്കണമെങ്കില്‍ മസ്‌ക് മറുപടി നല്‍കുന്നത് വരെ ഉപയോക്താക്കൾ കാത്തിരിക്കണം. ഇന്ത്യയിലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയിലെ അഞ്ച് പ്രധാന സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.
1. ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ വാങ്ങിയാല്‍ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ലഭിക്കുമോ?
ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ലഭിക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഇത് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന് പണം നല്‍കുകയാണെങ്കില്‍, നിങ്ങള്‍ പിന്തുടരുന്ന സെലിബ്രിറ്റികള്‍, കമ്പനികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ പോലെ നിങ്ങളുടെ അക്കൗണ്ടിനും ബ്ലൂ ചെക്ക്മാര്‍ക്ക് ലഭിക്കും. ഇതിനായി പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ് എന്നിവ നല്‍കേണ്ടി വരും. ഇതുപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. നിങ്ങളുടേത് ഒരു സ്പാം അക്കൗണ്ട് അല്ല എന്ന് തെളിയിക്കുന്നതിനു വേണ്ടിയാണിത്. എന്നാല്‍, പേ-ടു-ഗെറ്റ്-ബ്ലൂ-ടിക്ക് എളുപ്പമായി തോന്നുമെങ്കിലും പണമടച്ചയുടനെ നിങ്ങളുടെ അക്കൗണ്ടിന് ബ്ലൂ ടിക്ക് ലഭിക്കില്ല.
2. ഇന്ത്യയില്‍ ഇത് എപ്പോള്‍ ലഭ്യമാകും? ഇന്ത്യന്‍ ഉപയോക്താക്കള്‍ എത്ര രൂപ നല്‍കേണ്ടി വരും?
നവംബര്‍ അവസാനത്തോടെ ട്വിറ്റര്‍ ബ്ലൂ സേവനം ഇന്ത്യയിലെത്തും. നിലവിൽ യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ എന്നിവടങ്ങളിൽ മാത്രമേ ട്വിറ്റര്‍ ബ്ലൂ സേവനം ലഭ്യമാകൂ. ആന്‍ഡ്രോയിഡിലും സബ്‌സ്‌ക്ര്പിഷന്‍ ഉടന്‍ അവതരിപ്പിച്ചേക്കും. ഇന്ത്യയിലെ ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ നിരക്ക് പ്രതിമാസം 200 രൂപയില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കേജുകളായും സബ്‌സ്‌ക്രിപ്ഷന്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഒരു വര്‍ഷം, മൂന്ന് മാസം, ആറ് മാസം എന്നിങ്ങനെയുള്ള പാക്കേജുകള്‍ അവതരിപ്പിച്ചേക്കാം.
3. നിങ്ങള്‍ക്ക് ഇതിനകം ഒരു വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടെങ്കില്‍, ബ്ലൂ ടിക്ക് നിലനിര്‍ത്താന്‍ ഇപ്പോഴും പണം നല്‍കേണ്ടതുണ്ടോ?
ട്വിറ്റര്‍ ഉപയോഗിക്കുന്നതിന് എല്ലാവരും നിര്‍ബന്ധമായും പണം നല്‍കണം. നിങ്ങള്‍ക്ക് ഒരു വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ പോലും, നിങ്ങള്‍ ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രൈബ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ബ്ലൂ ടിക്ക് നഷ്ടപ്പെടും.
4. ട്വിറ്റര്‍ ബ്ലൂ ലഭിക്കാന്‍ പണമടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?
തുടക്കക്കാരുടെ ട്വീറ്റുകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കില്ല. നിങ്ങള്‍ക്ക് കൂടുതല്‍ പരസ്യങ്ങള്‍ കാണേണ്ടി വരും. കൂടാതെ, കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനും പരിമിതികള്‍ ഉണ്ടാകും. എന്നാല്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ ട്വിറ്റര്‍ കൂടുതല്‍ തവണ ഹൈലൈറ്റ് ചെയ്യുകയും അവര്‍ക്ക് കൂടുതല്‍ മുന്‍ഗണന ലഭിക്കുകയും ചെയ്യും.
5. ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷനിലൂടെ ബ്ലൂ ടിക്കിന് പുറമെ അധികമായിലഭിക്കുന്ന നേട്ടം?
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് 42 മിനിറ്റ് വരെ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയും. കൂടാതെ, റാങ്കിംഗില്‍ അവരുടെ പോസ്റ്റുകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെയും മുന്‍ഗണനയും ലഭിക്കും. ട്വിറ്ററില്‍ സജീവമായുള്ള അക്കൗണ്ടുകള്‍ക്ക് യൂട്യൂബ് മാതൃകയില്‍ പണം നല്‍കുന്ന സംവിധാനവും ആരംഭിക്കാന്‍ സാധ്യതയുണ്ട്.