കോവിഡ് മാറുന്ന സമവാക്യങ്ങൾ - ഡോ. ബിനീഷ് രാധാകൃഷ്ണൻ

പ്രകടമാക്കുന്ന രണ്ടാം ഘട്ടം തിരിച്ചറിഞ്ഞ് അപ്പോൾത്തന്നെ ചികിത്സിച്ചാൽ, മാരകമായ മൂന്നാം ഘട്ടം വളരെ വലിയ തോതിൽ നമുക്ക് ഒഴിവാക്കാൻ കഴിയും.

ഒട്ടുമിക്ക മേഖലകളിലും സ്തംഭനാവസ്ഥ തുടർക്കഥയാക്കി കോവിഡ് ലോകം കീഴടക്കുകയാണ്. SMS ഉം വാക്സിനും മരുന്നുമൊക്കെ വൈറസ്റ്റിനെതിരെയുള്ള പോരാട്ടത്തിൽ തുണയായിട്ടുണ്ടെങ്കിലും, നാം ശരിയായ ദിശയിലാണോ എന്ന് സംശയം തോന്നത്തക്ക രീതിയിൽ പല ജീവിതങ്ങളും താറുമാറായിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും പോലീസുകാരുമെല്ലാം ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, രണ്ടാം തരംഗം അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും ഇവർ മാനസികമായും ശാരീരികമായും തളർന്നു തുടങ്ങിയിരിക്കുന്നു. 

പല ആശുപത്രികളിലും കോവിഡ്, മറ്റു രോഗങ്ങളുടെ ചികിത്സയെ ബാധിക്കുന്നുണ്ട്. മിക്ക മെഡിക്കൽ കോളേജുകളിലെയും വിദ്യാഭ്യാസത്തെ ഏറെക്കുറെ ഇത് തളർത്തിയിരിക്കുന്നു. ഓക്സിജൻ ക്ഷാമവും മരുന്നുകളുടെയും വാക്സിൻ്റെയും ലഭ്യതക്കുറവും ആശുപത്രി കിടക്കകളുടെയും വെൻ്റിലേറ്റുകളുടെയും ദൗർലഭ്യവും നാം അനുഭവിച്ചു കഴിഞ്ഞു. കോവിഡ് വൈറസിൻ്റെ പല വകഭേദങ്ങളും ഇന്ന് സുലഭമാണ്. 

ഇതിൽ നിന്നും ഒരു മോചനമില്ലേ? ഉണ്ട് എന്നു തന്നെയാണുത്തരം. ചില മാറ്റങ്ങളും പൊതുജനബോധവൽക്കരണവും ഇതിന് അനിവാര്യമാണ്. ഒന്നാം തരംഗ സമയത്തേതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ നമുക്ക് കോവിഡിനെയും അതിൻ്റെ ചികിത്സയെയും കുറിച്ച് കൂടുതൽ അറിവുകളുണ്ട്. അവ ക്രോഡീകരിച്ച് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ കുറച്ച് മാറ്റങ്ങൾ കൊണ്ടു വരണം.

ഇപ്പോൾ കോവിഡ് പ്രതിരോധത്തിലൂന്നിയുള്ള ബോധവൽക്കരണമാണ് നടന്നു വരുന്നത് (SMS, വാക്സിൻ മുതലായവ). പ്രതിരോധം വളരെ പ്രധാനമാണ്. എന്നാൽ അതോടൊപ്പം തന്നെ പ്രധാനമാണ് കോവിഡ് ചികിത്സയും. പലർക്കും അറിവുള്ളതുപോലെ, കോവിഡ് രോഗത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. 

1. വൈറസ് ശരീരത്തിനകത്ത് കയറിപ്പറ്റി, പെരുകുന്ന ഘട്ടം.

ഈ ഘട്ടത്തിലാണ് പനി, തൊണ്ടവേദന, ശരീരവേദന, തലവേദന മുതലായ ലക്ഷണങ്ങളുണ്ടാകുന്നത്. ചിലർക്ക് ഒരു ലക്ഷണവും വേണമെന്നില്ല. ഈ ഘട്ടം ഏകദേശം 4 മുതൽ 7 ദിവസങ്ങളോളം നീണ്ടു നിൽക്കാവുന്നതാണ്. ഈ ഘട്ടത്തിൻ്റെ അവസാനത്തോടടുപ്പിച്ച്, ശരീരം സ്വന്തം രോഗപ്രതിരോധ പ്രവർത്തനങ്ങൾ വഴി വൈറസുകളെ നശിപ്പിക്കുകയും നിർമാർജനം ചെയ്യുകയും ചെയ്യുന്നു. ഏതാണ്ട് 80% രോഗികളും ഇതോടെ സുഖപ്പെടുന്നു.

2. ചുരുക്കം ചിലരിൽ ശരീരത്തിൻ്റെ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന കോശങ്ങളും ചില രാസപദാർത്ഥങ്ങളും, ശരീരത്തിൻ്റെ തന്നെ മറ്റ് അവയവങ്ങളെ ബാധിക്കാൻ തുടങ്ങുന്നു. അവരിൽ വീണ്ടും ലക്ഷണങ്ങൾ വർധിക്കുന്നു. അതായത് പനി, ശരീരവേദന മുതലായവ മാറാതെ തുടരുകയോ, അവയുടെ കാഠിന്യം വർദ്ധിക്കുകയോ ആവാം. 

3. മൂന്നാം ഘട്ടത്തിൽ ശ്വാസകോശം, ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങൾക്ക് കേടുപാടുകളുണ്ടാകുകയും ചികിത്സിക്കാതിരുന്നാൽ,  രോഗിയുടെ മരണം സംഭവിക്കുകയും ചെയ്യുന്നു.

ഈ മൂന്നാം ഘട്ടത്തിലെത്തുന്ന രോഗികൾക്കാണ് ഐ സി യു പരിചരണവും ഓക്സിജനും വെൻ്റിലേറ്ററുമെല്ലാം ആവശ്യമായി വരുന്നത്. ഇവയെല്ലാം ലഭിച്ചാലും ഈ ഘട്ടത്തിലെ രോഗികളുടെ മരണസാധ്യത വളരെ കൂടുതലാണ്.

ഒന്നാം ഘട്ടത്തിലെ ചികിത്സ മിക്കപ്പോഴും വീടുകളിലാവാനാണ് സാധ്യത. അതിനാൽ തന്നെ ചികിത്സിക്കാവുന്ന രണ്ടാം ഘട്ടം മിക്കവരും അസുഖലക്ഷണങ്ങളിലെ മാറ്റം മനസ്സിലാക്കാതെ നഷ്ടപ്പെടുത്താറുണ്ട്. ഇതിനെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ജനങ്ങൾക്ക് നൽകേണ്ടത്. സർക്കാരും ആരോഗ്യപ്രവർത്തകരും കൂടുതൽ ശ്രദ്ധിക്കേണ്ടതും ചികിത്സിക്കേണ്ടതും മാറ്റങ്ങളുടെ ഈ രണ്ടാം ഘട്ടത്തെയാണ്.

സ്വന്തം അവയവങ്ങളെത്തന്നെ നശിപ്പിക്കുന്ന ശരീരത്തിൻ്റെ ഈ പ്രതിരോധ പ്രക്രിയക്കെതിരെ ഫലവത്തായ മരുന്നുകൾ, ഇപ്പോൾ ലഭ്യമാണ്.

സർക്കാർ ആരോഗ്യ പ്രവർത്തകർ കോവിഡ് പോസിറ്റീവ് ആയ രോഗികളുടെ അസുഖമാറ്റം പ്രകടമാക്കുന്ന രണ്ടാം ഘട്ടം തിരിച്ചറിഞ്ഞ് അപ്പോൾത്തന്നെ ചികിത്സിച്ചാൽ, മാരകമായ മൂന്നാം ഘട്ടം വളരെ വലിയ തോതിൽ നമുക്ക് ഒഴിവാക്കാൻ കഴിയും.

മാത്രമല്ല, ഇത് ഐസിയു കിടക്കകളുടെയും ഓക്സിജൻ്റെയും വെൻറിലേറ്ററുകളുടെയും ആവശ്യകത വളരെ വലിയ അളവിൽ കുറയ്ക്കാൻ സഹായിക്കും. തളർന്നു പോയ നമ്മുടെ പല മേഖലകളെയും പുനരുജ്ജീവിപ്പിക്കാനുതകുന്നതാണ് ഈ മാറ്റം.

രണ്ടാം ഘട്ടത്തിലെ ലക്ഷണമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ, ചില രക്ത പരിശോധനകളിലൂടെ, ആപൽക്കരമായ മൂന്നാം ഘട്ടത്തിലേയ്ക്ക് പോകാൻ സാധ്യതയുള്ള രോഗികളെ കണ്ടു പിടിക്കാനും, അവർക്കു വേണ്ട ചികിത്സാമാറ്റം നടത്താനും സാധിക്കും. 

നമുക്ക് കതിരിൻമേൽ വളം വെയ്ക്കാതിരിക്കാം.

മാരകമായ മൂന്നാം ഘട്ടത്തിനു മുമ്പെ, അതിനെ തടയാനുള്ള ചികിത്സ തുടങ്ങുക.

മരണത്തെ ജയിക്കുക.

NB :- മരുന്നുകളുടെയും പരിശോധനകളുടെയും പേരുകൾ പറയാതിരുന്നത് മനപ്പൂർവമാണ്. രോഗഘട്ടനിർണയവും ചികിത്സയും ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം നടത്തുക.

രണ്ടാം ഘട്ടത്തിൽ എടുക്കേണ്ട മരുന്നുകൾ ഒന്നാം ഘട്ടത്തിൽ തന്നെ തുടങ്ങിയാൽ, ഗുണത്തേക്കാളേറെ ദോഷമാണ് ഫലം.

കോവിഡ് രോഗത്തെ ഒരു ഘട്ടത്തിലും അവഗണിക്കരുത്. അത്, ആർക്കു വേണമെങ്കിലും മാരകമായേക്കാം.

രോഗ പ്രതിരോധമാണ് എല്ലായ്പ്പോഴും ചികിത്സയെക്കാൾ നല്ലത്.


ഡോ. ബിനീഷ് രാധാകൃഷ്ണൻ

പേ ടി എമ്മിലൂടെ ഇനി വാക്‌സിനും ബുക്ക് ചെയ്യാം

Author
Sub-Editor

Sabira Muhammed

No description...

You May Also Like