അട്ടപ്പാടി മധു കൊലപാതകം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും
- Posted on January 26, 2022
- News
- By NAYANA VINEETH
- 109 Views
മധുവിന്റെ കുടുംബാംഗങ്ങളോട് നിര്‍ദേശം തേടി

അട്ടപ്പാടി മധു കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പ്രോസിക്യൂട്ടറായി നിയമിക്കാനായി, താത്പര്യമുള്ള മൂന്ന് പേരെ നിര്‍ദേശിക്കാന്‍ മധുവിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മധുവിന്റെ കുടുംബാംഗങ്ങളോട് നിര്‍ദേശം തേടിയിട്ടുണ്ട്. നിലവിലെ പ്രോസിക്യൂട്ടര്‍ അഡ്വ. വി.ടി രഘുനാഥിന് ഒരു തവണ താക്കീത് നല്‍കിയിരുന്നെങ്കിലും കേസ് പരിഗണിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരായിരുന്നില്ല.
കേസില്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന ചോദ്യം ഇന്നലെ മണ്ണാര്‍ക്കാട് കോടതി ചോദിച്ചിരുന്നു. രഘുനാഥ് ഹാജരാകാതെ വന്നതോടെ കേസ് ഫെബ്രുവരി 26 ലേയ്ക്ക് മാറ്റുകയായിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ കേസില്‍ നിന്നും ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് രഘുനാഥ് കത്ത് നല്‍കുകയും ചെയ്തു.
പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. മധുവിന്റെ കുടുംബം ഉന്നയിച്ച പരാതികള്‍ പരിശോധിക്കും. കേസിന്റെ തുടര്‍ നടപടികള്‍ക്ക് തടസ്സപ്പെടാത്ത രീതിയില്‍ മുന്നോട്ടു കൊണ്ടുപോകും.
പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും പി രാജീവ് പറഞ്ഞു.കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കുകയാണ് നയം. കേസില്‍ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.