ആഘോഷങ്ങളും ആരവാരങ്ങളും ഓര്‍മ്മയിലൊതുക്കി നാളെ തൃശ്ശൂർ പൂരം.

മേള പ്രേമികളില്ലാതെ ഇത്തവണ  ഇലഞ്ഞി മര ചുവട്ടില്‍  മേളങ്ങളുടെ മേളം അരങ്ങുണരും.

വടക്കും നാഥന്റെ തെക്കേ ഗോപുര നട തുറന്ന് ഇന്ന് രാവിലെ നെയ്തലകാവിലമ്മ പൂര നഗരിയിലെത്തി പൂര വിളംബരം നടത്തി. കണിമംഗലം ശാസ്താവ് നാളെ രാവിലെ വെയില്‍ പരക്കും മുന്‍പ്   തെക്കേ ഗോപുര നട തുറക്കുന്നതോടെ പൂര ചടങ്ങുകള്‍ക്ക് തുടക്കമാകും. ഇതിന് പിന്നാലെ ഘടക ക്ഷേത്രങ്ങളും പൂരത്തിനായെത്തും.   താളമേളങ്ങളുടെ അകമ്പടിയോടെ പൂരത്തിന്റെയന്ന് മഹേശ്വരന്  മുന്നിലേക്ക് ദേവീദേവന്‍മാര്‍ എഴുന്നള്ളും. കണിമംഗലം ശാസ്താവ് മാത്രമാണ് തെക്കേ ഗോപുര നട വഴി ക്ഷേത്രത്തിലേക്കു പ്രവേശിക്കുക. വടക്കുന്നാഥനൊപ്പം തന്നെ സ്ഥാനമുള്ളതിനാല്‍ കണിമംഗലം ശാസ്താവ് ഭഗവാനെ പ്രദക്ഷിണം വയ്ക്കാതെ പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളും. ഇതിന് ശേഷം കണിമംഗലം ശാസ്താവും, പാറമേക്കാവ് ഭഗവതിയും ഒഴികെ എല്ലാ പൂരങ്ങളും തെക്കേഗോപുരം വഴി പുറത്തേക്കിറങ്ങുന്നു. ഉണ്ണിക്കണ്ണന്റെ കോലത്തിലാണ് തിരുവമ്പാടി ഭഗവതി വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളുക. ശ്രീശങ്കരാചാര്യരുടെ ശിഷ്യമഠങ്ങളിലൊന്നായ പടിഞ്ഞാറെ ചിറയ്ക്കടുത്തെ നടുവില്‍ മഠത്തിലേക്ക് പാണികൊട്ടി ഭഗവതി പൂരദിവസം ആദ്യം എഴുന്നള്ളും. ഇത്തവണ ഒരാന പുറത്താണ് എഴുന്നള്ളിപ്പ്. പ്രസിദ്ധമായ മഠത്തില്‍ വരവ് പഞ്ചവാദ്യത്തോടെ ആണ് പുറപെടുക.  7 തിമിലകളോടെ ഉള്ള പഞ്ചവാദ്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നായ്ക്കനലില്‍ പഞ്ചവാദ്യം കൊട്ടി കലാശിക്കും.  ഇതേ തുടര്‍ന്ന് കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ മേളം. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടികലാശിച്ചാല്‍ തിരുവമ്ബാടി ഭഗവതി തെക്കേഗോപുരമിറങ്ങും. തുടര്‍ന്നു കുടമാറ്റം.

തിരുവമ്പാടി ഇത്തവണ പരമാവധി ചടങ്ങുകള്‍ വെട്ടികുറച്ചാണ് പൂരം നടത്തുന്നത്. അതേ സമയം പാറമേക്കാവ് ഭഗവതി മുന്‍ കാലങ്ങളെ പോലെ തന്നെയാണ് എഴുന്നെള്ളുക.  15 ആനകളോടെ ഉച്ചക്ക് 12 മണിയോടെ പുറത്തേക്ക് എഴുന്നെള്ളും.  ഈ സമയം 20 സെറ്റ് കുടകള്‍ മാറ്റും. തുടര്‍ന്ന് ചെമ്ബട കൊട്ടി വടക്കുംനാഥനിലേക്ക്. അര്‍ദ്ധ പ്രദക്ഷിണം ആയാല്‍ ഇലഞ്ഞിത്തറ മേളം തുടങ്ങുകയായി. 200 ലേറെ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന മേള വിസ്മയത്തിന്  പെരുവനം കുട്ടന്‍ മാരാര്‍ നേതൃത്വം നല്‍കും. മേള പ്രേമികളില്ലാതെ ഇതേ സമയം ഇലഞ്ഞി മര ചുവട്ടില്‍ നടക്കുന്ന മേളങ്ങളുടെ മേളം എന്ന് വിശേഷിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളം ഇത്തവണ അരങ്ങുണരും. മേളം കഴിഞ്ഞു ഇരു ഭഗവതിമാരും തെക്കേ ഗോപുര നട വഴി പുറത്തേക്ക് ഇറങ്ങും. പാറമേക്കാവ് ഭഗവതി ആണ് ആദ്യം ഇറങ്ങുക. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലെ രാജാവിന്റെ പ്രതിമയെ വലം വെച്ച്‌ തിരികെ തെക്കേ ഗോപുര നടയില്‍ എത്തും. ഈ സമയം ഒരാന പുറത്ത് തിരുവമ്പാടി ഭഗവതി ഗോപുര നടയില്‍ അഭിമുഖമായി നിലയുറപ്പിക്കും.  ഭഗവതിമാരുടെ അഭിമുഖ സമയത്ത്  പ്രസിദ്ധമായ കുടമാറ്റമാണ് നടക്കുക . കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി  തിരുവമ്പാടി വിഭാഗം കുടമാറ്റം പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ആറു സെറ്റ് കുടകള്‍ മാറ്റുമെന്ന് പാറമേക്കാവ് വിഭാഗം അറിയിച്ചിട്ടുണ്ട്. ഇരു ഭഗവതിമാരും ചടങ്ങുകള്‍ വേഗത്തിൽ പൂര്‍ത്തിയാക്കി  മടങ്ങും. ശേഷം രാത്രി പൂരം തുടരും. രാത്രി പൂരത്തിലും പകല്‍പൂരത്തില്‍ പങ്കെടുത്ത പൂരങ്ങളെല്ലാം അണിനിരക്കും. രാത്രി പൂരവും കഴിഞ്ഞു മൂന്നിനാണു വെടിക്കെട്ട്. സമയം ചുരുക്കിട്ടുണ്ടെങ്കിലും അടുത്ത ദിവസം പുലര്‍ച്ചെ ഏഴിന് വീണ്ടും പകല്‍പൂരം ആരംഭിക്കും. ശേഷം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്ത് ഭഗവതിമാര്‍ പിരിയുന്നതോടെ പൂരങ്ങളുടെ പൂരത്തിന് ഒരു വർഷത്തെ കാത്തിരിപ്പ് വീണ്ടും തുടങ്ങുകയായി.

പതിനെട്ട് തികഞ്ഞവർക്കുള്ള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതൽ!

Author
Sub-Editor

Sabira Muhammed

No description...

You May Also Like