ആരോഗ്യ വകുപ്പിന്റെ ടെലിഫോണിക് സര്‍വലന്‍സ്.

  • Posted on March 15, 2023
  • News
  • By Fazna
  • 163 Views

കൊച്ചി: എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ടെലിഫോണിക് സര്‍വലന്‍സ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശീലനം സിദ്ധിച്ച ജില്ലാ റെസ്‌പോണ്‍സ് ടീമാണ് ഈ സേവനം ലഭ്യമാക്കുന്നത്. സഹായം ആവശ്യമുള്ളവരെ നേരിട്ട് വിളിച്ച് മാര്‍ഗനിര്‍ദേശങ്ങളും മാനസിക പിന്തുണയും നല്‍കും. ഇതിനായി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന വിവരശേഖരണത്തിന്റെ ഭാഗമായി ആകെ 7421 പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. സഹായം ആവശ്യമുള്ളവരെ ഉടന്‍ കണ്ടെത്തി സേവനങ്ങള്‍ നല്‍കുന്നതിനും കിടപ്പ് രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയ കൂടുതല്‍ ശ്രദ്ധ ആവശ്യമായ ആളുകളെ കണ്ടെത്തി തുടര്‍ നിരീക്ഷണങ്ങളും സേവനങ്ങളും നല്‍കുന്നതിനാണ് വിവരശേഖരണം നടത്തുന്നത്. പരിശീലനം നേടിയ ആശ പ്രവര്‍ത്തകരാണ് വിവര ശേഖരണം നടത്തുന്നത്. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പുവരുത്തുന്നതിനായി സജ്ജമാക്കിയ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പിഡീയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ഇവിടെയുണ്ട്. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നിവയ്ക്കായുള്ള ഉപകരണങ്ങളും സജ്ജമാക്കി. പൊതുജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഈ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും ചികിത്സക്കായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. 6 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളിലൂടെ 411 പേര്‍ക്ക് സേവനം നല്‍കി. 11 സെന്ററുകളില്‍ ആരംഭിച്ച ശ്വാസ് ക്ലിനിക്കുകളില്‍ 48 പേര്‍ക്ക് സേവനം നല്‍കി. ശ്വാസ് ക്ലിനിക്കിലെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് റിപ്പോര്‍ട്ട്.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like