നാടകീയമായ ജയത്തോടെ കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ കുതിപ്പ്
- Posted on June 24, 2021
- Sports
- By Sabira Muhammed
- 289 Views
കൊളംബിയ കളി തുടങ്ങി 10ആം മിനിട്ടിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ചു.

തുടർച്ചയായ മൂന്നാം ജയത്തോടെ കോപ്പ അമേരിക്കയിൽ ബ്രസീൽ കുതിപ്പ് തുടരുന്നു. കൊളംബിയയെയാണ് ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ബ്രസീൽ പരാജയപ്പെടുത്തിയത്. നിലവിലെ ചാമ്പ്യന്മാരുടെ ജയം 2-1 എന്ന സ്കോറിനാണ്. റോബർട്ടോ ഫിർമീനോ, കാസമിറോ എന്നിവർ ബ്രസീലിനായി വല ചലിപ്പിച്ചപ്പോൾ ലൂയിസ് ദിയാസ് ആണ് കൊളംബിയയുടെ ആശ്വാസ ഗോൾ നേടിയത്.
കൊളംബിയ കളി തുടങ്ങി 10ആം മിനിട്ടിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ചു. യുവാൻ ക്വഡ്രാഡോ നൽകിയ ക്രോസിൽ നിന്ന് ഒരു ബൈസിക്കിൾ ക്രിക്കിലൂടെ ലൂയിസ് ദിയാസണ് കൊളംബിയക്ക് ഗോൾ നേടികൊടുത്തത്. ഈ കോപ്പ അമേരിക്കയിൽ ബ്രസീൽ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. 2014 ലോകകപ്പിനു ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിൽ ബ്രസീൽ ആദ്യമായി ഒരു ഗോൾ വഴങ്ങി എന്നതും ഈ ഗോളിൻ്റെ പ്രത്യേകതയായിരുന്നു.
ഈ ഗോളിനു ശേഷം കൊളംബിയ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇടക്കിടെയുള്ള കൗണ്ടർ അറ്റാക്കിലൂടെ അവർ ബ്രസീലിനെ പരീക്ഷിച്ചെങ്കിലും ഗോൾ വീണില്ല. ലൂയിസ് ദിയാസ് തന്നയായിരുന്നു ബ്രസീലിനു തലവേദന ഉണ്ടാക്കിയത്.78ആം മിനിട്ടിൽ ബ്രസീലിൻ്റെ സമനില ഗോൾ വരുന്നത് വരെ കൊളംബിയ ലീഡ് സംരക്ഷിച്ചുനിർത്തി.
പകരക്കാരനായി ഇറങ്ങിയ റെനാൻ ലോദിയുടെ ക്രോസിൽ തലവച്ച് റോബർട്ടോ ഫിർമിനോയാണ് ബ്രസീലിൻ്റെ ആദ്യ ഗോൾ നേടിയത്. കളി സമനിലയിലേക്ക് നീണ്ട ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിട്ടിൽ ബ്രസീൽ വിജയഗോൾ കണ്ടെത്തി. നെയ്മറിൻ്റെ കോർണറിൽ നിന്ന് കാസമീറോയുടെ പോയിൻ്റ് ബ്ലാങ്ക് ഹെഡർ ഓസ്പിനയെ കീഴടക്കി വലതുളച്ചു. നാടകീയമായ ജയത്തോടെ ബ്രസീൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ടോക്യോ ഒളിംപിക്‌സ് മുന്നൊരുക്കങ്ങള്‍ക്ക് 10 കോടി പ്രഖ്യാപിച്ച് ബിസിസിഐ