പൊതുവിദ്യാലയങ്ങളില്‍ കാലാവസ്ഥ നിലയം

  • Posted on October 21, 2022
  • News
  • By Fazna
  • 44 Views

പൊതുവിദ്യാലയങ്ങളില്‍ കാലാവസ്ഥ നിലയം എന്നത് നൂതനമായ ആശയമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക കാലാവസ്ഥ മനസിലാക്കുന്നതിനും ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുവാനും ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സഹായിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി.

പൊതുവിദ്യാലയങ്ങളില്‍ കാലാവസ്ഥ നിലയം എന്നത് നൂതനമായ ആശയമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക കാലാവസ്ഥ മനസിലാക്കുന്നതിനും ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുവാനും ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സഹായിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി.

ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം ഇടുക്കി ജില്ലാതല ഉദ്‌ഘാടനം പീരുമേട് ചിദംബരം പിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജ്യത്ത് ആദ്യമായി വിശാല കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം.

നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥ വിവരങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഗവേഷണ പരിശീലനത്തിനും കാര്‍ഷിക വ്യാവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ പ്രശനങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഏറെ മുന്നിലാണെന്നും സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും സ്കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിലെ തടസം പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും ആഭിമുഖ്യത്തില്‍ ഭൂമിശാസ്ത്രം ഐശ്ചിക വിഷയമായ പ്ലസ് ടു ബാച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്‍െറ ഭാഗമായാണ് ജില്ലയിലും ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. കേരളത്തിലെ 240 പൊതുവിദ്യാലയങ്ങളില്‍ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. പ്രാദേശികമായ ദിനാവസ്ഥാ വ്യതിയാനങ്ങള്‍ നിര്‍ണയിച്ച്‌ ജനങ്ങളിലേക്ക് എത്തിക്കാനും കാലാവസ്ഥ പഠനത്തിനും ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി ദുരന്തകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനും മഴമാപിനി അടക്കം അനവധി കാലാവസ്ഥാ ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ഈ ദിനാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രയോജനം ചെയ്യും.

മഴയുടെ തോത് അളക്കുന്നതിനുള്ള മഴമാപിനി, അന്തരീക്ഷ താപനില അറിയുന്നതിനുള്ള ഉപകരണം, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള ഉപകരണങ്ങള്‍, കാറ്റിന്റെ ദിശ അറിയുന്നതിനുള്ള ഉപകരണം, കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന കപ്പ് കൗണ്ടര്‍ അനിമോമീറ്റര്‍, തുടങ്ങി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ ഉപയോഗിച്ചുവരുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍ തന്നെയാണ് ദിനാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിലും സജ്ജമാക്കുന്നത്.

സര്‍വ്വ ശിക്ഷ കേരള ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. നൗഷാദ്, ജില്ലാ പഞ്ചായത്തംഗം കെ.ടി ബിനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സ്മിതമോള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, അധ്യാപകര്‍, പി ടി എ പ്രതിനിധികള്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Author
Citizen Journalist

Fazna

No description...

You May Also Like