പുനരധിവാസ ഭൂമി,ഹാരിസൺ മലയാളത്തിനും എൽസ്റ്റനും ഉടമസ്ഥത ഇല്ലാത്തത്

നിയമനിർമ്മാണത്തിലൂടെ വീണ്ടെടുക്കണം

സ്വന്തം ലേഖകൻ.

കൽപ്പറ്റ.വയനാട്     മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ കണ്ടെത്തിയിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാറിനു മാത്രമാണെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും അംഗീകരിച്ച ശേഷം വർഷങ്ങൾക്കുമുൻപേ ഭൂമി വീണ്ടെടുക്കാൻ ലാൻ്റ് റിസംപ്ഷൻ ഓഫീസറെ നിയമിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാറിൻ്റെ താത്പര്യക്കുറവ് കാരണം അനിശ്ചിതമായി നീളുകയാണ്. എസ്റ്റേറ്റ് ഉടമകളെ സഹായിക്കാൻ സർക്കാറും ഭരണ- പ്രതിപക്ഷ പാർട്ടികളും ജനപ്രതിനിധികളും  ഒറ്റക്കെട്ടായ ഒത്തുകളിയിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിൻ്റെ ഭാഗമാണ് ഹാരിസൺഹൈക്കോടതിയിൽ കേസ്സ് നൽകിയിരിക്കുന്നത്. ദുരന്തബാധിതർക്ക് ലഭിക്കുന്ന  ഭൂമി അവകാശത്തർക്കം പരിഹാരിക്കാതെ നിയമക്കുരുക്കിൽപെട്ട് ദീർഘകാലം കേസ്സ് തുടരുമെന്ന് വ്യക്തമായ സാഹചര്യത്തിൽ ഭൂമിയുടെ പൂർണ്ണവും കറകളഞ്ഞതും ക്രയവിക്രയ സ്വാതന്ത്ര്യമുള്ളതുമായ ഉടമസ്ഥാവകാശം ഇരകൾക്ക് ലഭിക്കാൻ ദുരന്തനിവാരണ നിയമത്തിന്ന് പകരം സർക്കാർ ഉടമസ്ഥതയിലുള്ളതും തോട്ടം ഉടമകൾ കൈവശം വെച്ച് വരുന്നതുമായ 59000 ഏക്കർ ഭൂമിയും വീണ്ടെടുക്കുന്ന പ്രത്യേക നിയമനിർമ്മാണം നടത്തണമ്മെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: ഉറപ്പാക്കുമെന്ന് സർക്കാർ

സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് കമ്പനികളോ വ്യക്തികളോ ട്രസ്റ്റുകളോ കൈവശം വച്ചു വരുന്ന ഭൂമി സ്വാന്ത്ര്യത്തിനു ശേഷം ഇന്ത്യൻ കമ്പനികളോ വ്യക്തികളോ ട്രസ്റ്റുകളോ കൈവശം വച്ചു വരുന്നത്  കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയമാനുസൃതം സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽ തിരിച്ചടുക്കാൻ സംസ്ഥാന സർക്കാറിന്ന് അവകാശമുണ്ടെന്ന്  ഹൈക്കോടതിയുടെ വിധിയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ രാജമാണിക്യത്തെ ലാൻ്റ് റിസംപ്ഷൻ ഓഫീസറായി 5 വർഷം മുൻപ്  നിയമിക്കുകയുണ്ടായി. അദ്ദേഹം കേരളത്തിലൊട്ടുക്കുമുള്ള ഇത്തരം 140000 ഏക്കർ ഭൂമി കണ്ടെത്തിയതിൽ  59000 എക്കർ വയനാട്ടിലാണ്. 100 ഏക്കറിൽ കൂടുതൽ വരുന്ന ഭൂമിയുടെ കണക്കെടുപ്പ് മാത്രമെ ഇതിനിടെ പൂർത്തിയായിട്ടുള്ളു. ഇങ്ങനെ കണ്ടെത്തപ്പെട്ട ഭൂമിയിൽ പെട്ടതാണ് ഹാരിസൺ മലയാളം എസ്റ്റേറ്റും എൽസ്റ്റൺ ടീ പ്ലാൻ്റേഷനും. സിവിൽ കോടതിയെ സമീപിച്ച് ഇവ തിരിച്ചു പിടിക്കാൻ സംസ്ഥാനസർക്കാർ പലവട്ടം ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടെങ്കിലും വയനാട്ടിൽ ഒരു കേസ്സ് പോലും സിവിൽ കോടതിയിൽ നൽകിയിട്ടില്ല 11-04-2018 ലെ WP(C) 331 22/ 2014 & others ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിൽ 06-06-2019 GO(MS) 172/2019 REV ഉത്തരവാണ് ഭൂമി വീണ്ടെടുക്കാൻ കളക്ടർമാർക്ക് ചുമതല നൽകിയത്.100 ഏക്കറിൽ അധികം  കൈവശം വയ്ക്കുന്ന 49 കമ്പനികളുടെയോ വ്യക്തികളുടെയോ ട്രസ്റ്റുകളുടെയോ 59000 ഏക്കറിൻ്റെ ലിസ്റ്റ് അന്നത്തെ റവന്യു പ്രൻസിപ്പിൾ സെക്രട്ടറി ഡോ: വി. വേണു കളക്ടർമാർക്ക് നൽകുകയുംകേസ്സു നടപടികൾ ത്വരിതപ്പെടുത്താൻ 14-09-2020 ന് നടന്ന വീഡിയോ കോൺഫ്രൻസിലൂടെ നിർദ്ദേശം നൽകുകയും ചെയ്തു . വയനാട്ടിൽ മാത്രം ഒരു കേസ്സും റജിസ്ട്രർ ചെയ്തില്ല. അന്നത്തെ കളക്ടർ അദീല അബ്ദുള്ളയും ജില്ലാ ഗവ: പ്ലീഡർമാരും എസ്റ്റേറ്റുടുമകളും ഒത്തുകളിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഓരോമാസവും കേസിൻ്റെ പുരോഗതി സർക്കാരിലേക്ക് റിപ്പോർട്ടുചെയ്യണമെന്നും നിർദ്ദേശമുണ്ടായിരുന്നെങ്കിലും അതും ലംഘിക്കപ്പെടുകയായിരുന്നു.

 2020ൽ ചേമ്പ്രാ പീക്ക് എസ്റ്റേറ്റിൻ്റെ ഭാഗമായ വാരിയാട് എസ്റ്റേറ്റ് ഉടമകൾ ഉണങ്ങിയ മരങ്ങൾ മുറിച്ചുനീക്കാൻ നൽകിയ അപേക്ഷയെ തുടർന്ന് ലാൻ്റ് റവന്യൂ കമ്മീഷണർ LR K4/1651/2021 ന് വയനാട് ജില്ലാ കലക്ടർക്ക് നൽകിയ ഉത്തരവിൽ മേൽ പറഞ്ഞ 49 എസ്റ്റേറ്റുകളുടെ കൈവശമുള്ള 59000 ഏക്കർ ഭൂമിയുടെ ഉടമസ്ഥത സർക്കാറിന്ന് മാത്രമാണെന്നും സെക്ഷൻ 81 (1) (e ) അനുസരിച്ച് ഇത്തരം തോട്ടങ്ങൾക്ക് ഇളവ് അനുവദിച്ചത് ചായ, കാപ്പി എന്നിവയുടെ തോട്ടങ്ങൾ നിലനിർത്താൻ മാത്രമാണെന്നും പ്രസ്തുത ഭൂമിയുടെ റൈറ്റ്, ടൈറ്റിൽ, ഇൻ്ററെസ്റ്റ് 1970 ജനുവരി ഒന്നാം തീയതി മുതൽ സർക്കാറിൽ നിക്ഷിപ്തമാണെന്നും സകല കുഴിക്കൂർ ചമയങ്ങളും സർക്കാർ ഉടമസ്ഥതയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

പ്രസ്തുത ഏസ്റ്റേറ്റുകൾ വീണ്ടെടുക്കണമെന്നും അതിൽ നടക്കുന്ന മരംമുറി ,ഭൂമി തരംമാറ്റൽ, നിയമവിരുദ്ധ ക്രയവിക്രയം,ടൂറിസം  പ്രവർത്തനം ഇവയൊക്കെ തടയണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വയനാട് ജില്ലാകളക്ടർ രേണുരാജിനും മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ഗവ: സെക്രടിമാർക്കും വയനാട് പ്രകൃതി സംരക്ഷണ സമിതി 2024 ജനുവരി മാസം 31 ന് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പലകുറി റവന്യൂ അധികാരികളെ ബന്ധപ്പെട്ടെങ്കിലും വിവരങ്ങൾ ക്രോഡീകരിച്ചു വരുന്നു എന്ന ഉത്തരം മാത്രമാണ് ലഭിച്ചത്. സമിതിയുടെ കത്ത് 510950/2024 /L 4 ഫയലായി കലക്രേറ്റിൽ കിടപ്പുണ്ട്.

സർക്കാർ മുണ്ടക്കൈ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ കണ്ടെത്തിയ എൻസ്റ്റൺ ടി എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഹാരിസൺ മലയാളം എസ്റ്റേറ്റിലെ നെടുമ്പാല ഡിവിഷനിലെ 65.4 ഹെക്ടറും സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്ന് പകൽ പോലെ വ്യക്തമാണ്. അങ്ങനെയുള്ള ഭൂമി ദുരന്ത നിവാരണ നിയമനുസരിച്ച് ഏറ്റെടുക്കുന്നതിൻ്റെ യുക്തി മനസ്സിലാകുന്നില്ല. ഇത് എസ്റ്റേറ്റ് ഉടമകളും സർക്കും തമ്മിലുള്ളേ ഒത്തുകളിയാണ്. വയനാട്ടിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ മൌനം പാലിക്കുന്നത് ദുരൂഹമാണ്. പ്രസ്തുത ഭൂമി സംബന്ധിച്ച് സകല വിവരങ്ങളും ഇവർക്കറിയാവുന്നതാണ്. വയനാട്ടിലെ ടൂറിസത്തിൻ്റെ ബ്രാൻ്റ് അമ്പാസഡർമാരായി പ്രത്യക്ഷപ്പെട്ട മന്ത്രി റിയസും സിദ്ദീക്ക് എം എൽ എ യും രഹുൽഗാന്ധിയും വയനാട്ടിലെ ദുരന്തബാധിതർക്കും ആദിവാസികൾക്കും തോട്ടം തൊഴിലാളികൾക്കും അവകാശപ്പെട്ട 59000എക്കർ പൊതുഭൂമി നിയമവിരുദ്ധവും അന്യായവുമായി കുത്തുകകൾ പിടിച്ചു വച്ചതിൽ മനപ്പൂർവ്വം മൗനം പാലിക്കുന്നത്  ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

സർക്കാർ നിർദ്ദേശ പ്രകാരം വയനാട് കലക്ടർ ബത്തേരി കോടതിയിൽ ഫയൽ ചെയ്ത സിവിൽകേസ്സിൽ ഹാരിസൺ മലയാളത്തിൻ്റെ 297. 1770 ഹെക്ടറിന് മാത്രമെ അവകാശം ഉന്നയിച്ചിട്ടുള്ളു. മലയാളം പ്ലാൻ്റേഷൻ്റെ കൈവശമുള്ള 75603ഏക്കറിൽ 20000 ത്തിൽഅധികം ഏക്കർ വയനാട്ടിലാണ്. എൽസ്റ്റൺ ടി എസ്റ്റേറ്റിൻ്റെ കൈവശം 632 എക്കറുണ്ട്. സംസ്ഥാന സർക്കാറും പ്രതിപക്ഷങ്ങളും ശ്രമിച്ചാൽ നൊടിയിട കൊണ്ട് നിയമനിർമ്മാണം നടത്തി ഈ ഭൂമിയത്രയും വീണ്ടെടുക്കാവുന്നതാണ്. കേരള സർക്കാർ നിയമിച്ച രാജമാണിക്യം കമ്മീഷൻ അടിയന്തിരമായി നിയമനിർമ്മാണത്തിലൂടെ ഈ ഭൂമി വീണ്ടെടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ചെവിക്കൊടുത്തിട്ടില്ല.

 മെഡിക്കൽ കോളേജ്, ഫുഡ്ഡ് പാർക്ക്, എയർസ്ട്രിപ്പ് എന്നിവയ്ക്കൊക്കെ ഭൂമി കണ്ടെത്താൻ കഴിയാത്ത സർക്കാറുകൾക്ക് മുണ്ടക്കൈയിലെ ഇരകൾക്കും യുക്തമായ ഭൂമികണ്ടെത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല. പുനരധിവാസം സർക്കാറിൻ്റെ ഔദാര്യമല്ല, ഇരകളുടെ അവകാശമാണ്. ടൌൺ ഷിപ്പ് എന്ന അപ്രായോഗിക ആശയം ഉപേക്ഷിച്ച് ഒരു കുടുംബത്തിന്ന് ഒരു കോടി രൂപ വച്ച് നൽകുകയും യധേഷ്ടം ഭൂമിവാങ്ങാനും വീടു വെവക്കാനും തൊഴിലിൽ ഏർപ്പെടാനും അനുവദിക്കുകയും വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. മേൽനോട്ടം വഹിക്കാൻ സീനിയർ ഐ.എ.എസ്സ് ഓഫീസറെ നിയമിക്കയും വേണം.

മുണ്ടക്കെ ദുരന്തത്തിൽ ഉടുതുണി പോലു നഷ്ടപ്പെട്ട് ഉറ്റവരടെയും ഉടയവരുടെയും വിയോഗത്തിൽ മനസ്സ് തളർന്ന് ജീവശ്ശവങ്ങളായി, അഭയാർത്ഥികളായി ,വാടക വീടുകളിൽ ദിനരാത്രങ്ങൾ തള്ളിവിടുന്ന സാധാരണ മനുഷ്യരോട് ഭരണകൂടങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും കാണിക്കുന്ന ക്രൂരമായ നിസ്സംഗതയ ചോദ്യം ചെയ്യാൻ കേരളീയ സമൂഹം മുന്നോട്ടു വരണമെന്ന് പ്രകൃതിസംരക്ഷണസമിതി ആവശ്യപ്പെടുന്നു

  പത്രസമ്മേളനത്തിൽ  എൻ ബാദുഷ, തോമസ്സ് അമ്പലവയൽ, ബാബു മൈലമ്പാടി , ഓ.ജെ. മാത്യൂ.എന്നിവർ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like