'അജഗജാന്തരം'; മുന്നൂറിലധികം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും
- Posted on September 23, 2021
- Cinemanews
- By JAIMOL KURIAKOSE
- 203 Views
വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു

സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്നും സര്‍ക്കാര്‍ അടുത്ത ഘട്ടത്തില്‍ അത് പരിഗണിക്കുമെന്നും സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ ഇന്നലെ വ്യക്തമാക്കി. തിയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പുതിയ റിലീസുകളുടെ ആലോചനയിലാണ് സിനിമാലോകം.
ഇപ്പോഴിതാ ഒരു ചിത്രം ആദ്യമായി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' എന്ന ചിത്രമാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ്.
ഉത്സവപ്പറമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിൽ അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളും ആണ് ചിത്രത്തിൻ്റെ പ്രമേയം. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.
തിയറ്റര്‍ തുറന്നിട്ടില്ലാത്തതുകൊണ്ടുതന്നെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം.