ടെക്നോപാര്‍ക്കിന് വീണ്ടും ഐഎസ്ഒ അംഗീകാരം.

  • Posted on October 08, 2024
  • News
  • By Fazna
  • 105 Views

ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഐഎസ്ഒ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടെക്നോപാര്‍ക്കിന് ഒരു പൊന്‍തൂവല്‍ കൂടി.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഐഎസ്ഒ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടെക്നോപാര്‍ക്കിന് ഒരു പൊന്‍തൂവല്‍ കൂടി.

സര്‍ട്ടിഫിക്കേഷന്‍ രംഗത്തെ ആഗോളസ്ഥാപനമായ ടിയുവി എസ് യുഡി  സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന് ലഭിച്ചു. ഗുണനിലവാരം, സുരക്ഷാ മാനദണ്ഡങ്ങള്‍, പാരിസ്ഥിതിക ഉത്തവാദിത്തം തുടങ്ങിയവയില്‍ ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനമെന്ന പേര് ഇതോടെ ടെക്നോപാര്‍ക്ക് നിലനിര്‍ത്തിയെന്നതും ശ്രദ്ധേയം.

1998 മുതല്‍ ഐഎസ്ഒ 9001-സര്‍ട്ടിഫൈഡ് സ്ഥാപനമായ ടെക്നോപാര്‍ക്കിന് ഐഎസ്ഒ 9001 (ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം), ഐഎസ്ഒ 14001 (എന്‍വയോണ്‍മെന്‍റല്‍ മാനേജ്മെന്‍റ് സിസ്റ്റം), ഐഎസ്ഒ 45001 (ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്‍റ് സിസ്റ്റം) തുടങ്ങിയ ഐഎസ്ഒ അംഗീകാരങ്ങളാണ് ലഭിച്ചത്.

സര്‍ട്ടിഫിക്കേഷനു പുറമെ വിവിധ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം, പരിശീലനം, പരിശോധന എന്നിവ നല്കുന്ന ടിയുവി എസ് യുഡി  സൗത്ത് ഏഷ്യയുടെ ആസ്ഥാനം ജര്‍മ്മനിയാണ്.

ഗുണനിലവാരം, ജീവനക്കാരുടെ സുരക്ഷ, പാരിസ്ഥിതിക ഉത്തരവാദിത്തം, പ്രവര്‍ത്തന മികവ് എന്നിവയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിലുള്ള ടെക്നോപാര്‍ക്കിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയാണ് പുതിയ ഐഎസ്ഒ സര്‍ട്ടിഫിക്കേഷനിലൂടെ അടിവരയിടുന്നതെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍(റിട്ട) സഞ്ജീവ് നായര്‍ അഭിപ്രായപ്പെട്ടു.

ആഗോള നിലവാരത്തിലേക്ക് ഉയരുന്നതിനുള്ള ടെക്നോപാര്‍ക്കിന്‍റെ ആത്മാര്‍ത്ഥ ശ്രമങ്ങളെ ഈ അംഗീകാരം ഉയര്‍ത്തിക്കാട്ടുന്നു. കേരളത്തിലെ ഐടി ആവാസവ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഇത് ആക്കം കൂട്ടുന്നുമുണ്ട്. ലോകമെമ്പാടുമുള്ള കമ്പനികളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ടെക്നോപാര്‍ക്കിന് ഇതിലൂടെ സാധിക്കും. സുസ്ഥിരവും പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലൂന്നിയുമുള്ള ടെക്നോപാര്‍ക്ക് ടീമിന്‍റെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്കിലെത്തുന്നവര്‍ക്ക് ലഭിക്കുന്ന ഉന്നത നിലവാരത്തിലുള്ള സേവനലഭ്യത, ഉപഭോക്തൃ സംതൃപ്തി, പ്രവര്‍ത്തന ക്ഷമത തുടങ്ങിയവ കണക്കിലെടുത്താണ് ഐഎസ്ഒ 9001 അംഗീകാരം ലഭിച്ചത്. ടെക്നോപാര്‍ക്കിന്‍റെ സുസ്ഥിര പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിക്കാട്ടുന്നതാണ് ഐഎസ്ഒ 14001 അംഗീകാരം. ടെക്നോപാര്‍ക്കിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെ അംഗീകരിക്കുന്നതാണ് ഐഎസ്ഒ 45001.

ഐഎസ്ഒ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനൊപ്പം വര്‍ഷാവര്‍ഷം തുടര്‍ച്ചയായ പുരോഗതി കൈവരിക്കുന്നതില്‍ ടിയുവി എസ് യുഡി  ജനറല്‍ മാനേജര്‍ ലോഗനാഥന്‍ ടെക്നോപാര്‍ക്കിനെ അഭിനന്ദിച്ചു. മികവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിലെ ടെക്നോപാര്‍ക്കിനുള്ള  ദീര്‍ഘകാല പ്രതിബദ്ധതയെ ഈ സര്‍ട്ടിഫിക്കേഷനുകള്‍ പ്രതിഫലിപ്പിക്കുന്നു. ഇത് ടെക്നോപാര്‍ക്കിനെ രാജ്യത്തെ പ്രധാന നിക്ഷേപക സൗഹൃദ ഡിജിറ്റല്‍ ആവാസവ്യവസ്ഥയാക്കി മാറ്റുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Author
Citizen Journalist

Fazna

No description...

You May Also Like